കാലിത്തീറ്റ മുതൽ വെറ്ററിനറി കേന്ദ്രങ്ങൾ വരെ; മൃഗസംരക്ഷണ മേഖലയ്ക്ക് 22 പദ്ധതികളുമായി കേന്ദ്രം

 

 ഗ്രാമീണ മേഖലയിലെ മൃഗസംരക്ഷണവും ക്ഷീരമേഖലയും ശക്തിപ്പെടുത്തുന്നതിനായി 22 തരത്തിലുള്ള പ്രവർത്തനങ്ങൾക്കുള്ള നിർദേശവുമായി കേന്ദ്രസർക്കാർ. കാലിത്തീറ്റയുടെ ലഭ്യത ഉറപ്പാക്കുക, മേച്ചിൽപ്പുറങ്ങൾ വികസിപ്പിക്കുക, മൃഗങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

കാലിത്തീറ്റ കൃഷി, സംഭരണകേന്ദ്രങ്ങൾ, സൈലേജ് യൂണിറ്റുകൾ, പൊതുമേച്ചിൽപ്പുറങ്ങൾ, കന്നുകാലി ഷെൽട്ടറുകൾ തുടങ്ങിയവയ്ക്ക് പദ്ധതിയിൽ ഇടം നൽകിയിട്ടുണ്ട്. പാൽ ശേഖരണ കേന്ദ്രങ്ങൾ, മൃഗചികിത്സാ സൗകര്യങ്ങൾ, മൃഗങ്ങൾക്ക് വെള്ളം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

ചെറുകിട കർഷകർ, ഭൂരഹിത കുടുംബങ്ങൾ, മൃഗസംരക്ഷണത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവർ എന്നിവർക്കാണ് പദ്ധതി കൂടുതൽ പ്രയോജനപ്പെടുക. ഗ്രാമപഞ്ചായത്തുകളുടെ വികസന പദ്ധതികളുമായി ചേർത്ത് ആവശ്യമായ പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് നിർദേശം.