കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിച്ച് ബേഡഡുക്ക കാർഷിക കർമ്മസേന; കർഷകർക്ക് കൈത്താങ്ങായി മാതൃകാ കൂട്ടായ്മ

ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെയും കാസർകോട് ജില്ലയുടെയും കാർഷിക പുരോഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തിക്കൊണ്ട് മാതൃകയാവുകയാണ് ബേഡഡുക്ക കാർഷിക കർമ്മസേന.

 

കാസർ​ഗോട് : ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെയും കാസർകോട് ജില്ലയുടെയും കാർഷിക പുരോഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തിക്കൊണ്ട് മാതൃകയാവുകയാണ് ബേഡഡുക്ക കാർഷിക കർമ്മസേന. ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കൃഷിഭവന് കീഴിൽ പ്രവർത്തിക്കുന്ന കാർഷിക കർമസേന നാടിന്റെ കാർഷിക സ്വപ്നങ്ങൾക്ക് പുത്തൻ പ്രതീക്ഷയാകുന്നു.

2019ൽ പ്രവർത്തനം ആരംഭിച്ചതു മുതൽ കർഷകർക്ക് വലിയ രീതിയിലുള്ള ആശ്വാസമാണ് ഈ കൂട്ടായ്മ പകരുന്നത്. തൊഴിലാളി ക്ഷാമം മൂലവും വലിയ ചിലവ് കാരണവും കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികളെ മറികടക്കാൻ കർഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സേന പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

തരിശുകിടന്ന 40 ഏക്കറിലധികം വയലുകളിലാണ് കർമ്മസേന വിജയകരമായി നെൽകൃഷി ഇറക്കിയത്. റെഡി മിക്‌സ് ഉപയോഗിച്ച് ട്രേകളിൽ ഞാറ്റടി തയ്യാറാക്കുന്നത് മുതൽ നിലമുഴുത്, നട്ടുകൊടുത്ത്, പരിപാലിച്ചു കൊയ്തു മെതിച്ച്, ഒടുവിൽ പുഴുങ്ങി ഉണക്കി അരിയാക്കി മാറ്റുന്നതുവരെയുള്ള മുഴുവൻ പ്രവൃത്തികളും കർമ്മസേന നേരിട്ട് ഏറ്റെടുത്ത് നടത്തുന്നു. ആത്മ (ATMA) പദ്ധതിയിലൂടെ ലഭിച്ച മിനി റൈസ് മില്ലുകൾ ഉപയോഗിച്ച് കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് 'ബേഡഡുക്ക റൈസ്' എന്ന ബ്രാൻഡിൽ മായമില്ലാത്ത ശുദ്ധമായ അരി വിപണിയിലെത്തിക്കാൻ ഇവർക്ക് സാധിക്കുന്നുണ്ട്. ഇതിന് പുറമെ, കർഷകർക്ക് കൂടുതൽ മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2023-24 പഞ്ചായത്ത് പദ്ധതിയിലൂടെ ഫ്‌ളോറിങ് മെഷീൻ ലഭിച്ചിട്ടുണ്ട്.

പച്ചക്കറി, നാളികേര കൃഷി മേഖലകളിലും വലിയ മുന്നേറ്റമാണ് കർമ്മസേന നടത്തുന്നത്. കൃഷിവകുപ്പ് പദ്ധതിയിലൂടെ ലഭ്യമായ മഴമറകളിലൂടെ മികച്ച പച്ചക്കറി തൈകൾ ഉത്പാദിപ്പിച്ച് സമയബന്ധിതമായി കർഷകർക്ക് വിതരണം ചെയ്യുന്നുണ്ട്. ശാസ്ത്രീയമായി തയ്യാറാക്കിയ പോട്ടിങ് മിശ്രിതം നിറച്ച മൺചട്ടികളും, കണ്ടെയ്‌നർ കൃഷിയുടെ ഭാഗമായി മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷത്തൈകളും കാറഡുക്ക ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ ഇവർ വിതരണം ചെയ്യുന്നു.

ജൈവവൈവിധ്യമാർന്ന ബേഡഡുക്ക തെങ്ങിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ശാസ്ത്രീയമായ രീതിയിൽ വിത്തുതേങ്ങ സംഭരിച്ച് നഴ്‌സറി തയ്യാറാക്കി 'ബേഡഡുക്ക തെങ്ങിൽ തൈകൾ' വിതരണം ചെയ്യുന്നുണ്ട്. കൂടാതെ, ഇതേവർഷം ലഭിച്ച കൊപ്ര ഡ്രയറിലൂടെ കർഷകരിൽ നിന്നും തേങ്ങ സംഭരിച്ച് കൊപ്രയാക്കി നൽകാനുള്ള പ്രവർത്തനവും ആരംഭിച്ചു. കർഷകർ വലിയ ചൂഷണത്തിന് വിധേയമാകുന്ന ജൈവവള ലഭ്യതയ്ക്ക് പരിഹാരമായി ശാസ്ത്രീയമായി ട്രൈക്കോഡെർമ സമ്പുഷ്ട ജൈവവളം നിർമ്മിച്ച് ന്യായമായ വിലയ്ക്ക് വിൽക്കുന്ന യൂണിറ്റും വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.

കവുങ്ങ് കൃഷിയെ ബാധിച്ച വലിയ ഭീഷണികളെയും കർമ്മസേന നേരിട്ടു. കവുങ്ങുകൾക്ക് വ്യാപകമായി ഇലപ്പുള്ളി രോഗം വന്നപ്പോൾ കാർഷിക കോളേജിന്റെ നിർദ്ദേശപ്രകാരം കുമിൾനാശിനികൾ തളിച്ചും, 2023-24 പഞ്ചായത്ത് പദ്ധതിയിലൂടെ ലഭിച്ച പവർ സ്‌പ്രേയറുകൾ ഉപയോഗിച്ച് മഹാളി രോഗത്തിനെതിരെ മരുന്ന് തളിച്ചും കർഷകർക്ക് ഇവർ വലിയ കൈത്താങ്ങായി മാറി. ഈ വർഷം 47 ടൺ നെല്ലാണ് സേന ഉത്പാദിപ്പിച്ചത്.

ഓരോ മാസവും കൃത്യമായി യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുകയും മൂന്നുമാസത്തിലൊരിക്കൽ പഞ്ചായത്തുതല സമിതി ചേരുകയും ചെയ്തുകൊണ്ട് സുതാര്യമായാണ് കർമ്മസേന മുന്നോട്ട് പോകുന്നത്. വ്യക്തമായ ബിസിനസ് പ്ലാൻ തയ്യാറാക്കി, കൃത്യമായ കണക്കുകൾ സൂക്ഷിച്ച് എല്ലാ വർഷവും ഓഡിറ്റിങ്ങിന് വിധേയമാക്കിയാണ് ഇതിന്റെ പ്രവർത്തനം. തികഞ്ഞ അർപ്പണബോധത്തോടെയും സാമൂഹ്യ പ്രതിബദ്ധതയോടെയും കർഷകരെ സഹായിക്കുന്ന ബേഡഡുക്ക കാർഷിക കർമ്മസേനയുടെ പ്രവർത്തനം കാർഷിക മേഖലയ്ക്ക് വലിയ വിജയപ്രതീക്ഷയാണ് നൽകുന്നത്.