വീട്ടുമുറ്റത്തൊരു അവകാഡോ നട്ടാലോ ?
ആരോഗ്യഗുണങ്ങളാൽ ശ്രദ്ധ നേടുന്ന പഴമാണ് അവകാഡോ, വെണ്ണപ്പഴം എന്ന പേരിലും അറിയപ്പെടുന്നു. മികച്ച പോഷകമൂല്യം ഉള്ളതിനാൽ ഇക്കാലത്ത് ഏറെ പ്രിയപ്പെട്ട പഴങ്ങളിലൊന്നായി മാറിയിട്ടുണ്ട്. ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കാനും ചർമസംരക്ഷണത്തിനും ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാനും ഇത് സഹായകരമാണ്.
ആരോഗ്യഗുണങ്ങളാൽ ശ്രദ്ധ നേടുന്ന പഴമാണ് അവകാഡോ, വെണ്ണപ്പഴം എന്ന പേരിലും അറിയപ്പെടുന്നു. മികച്ച പോഷകമൂല്യം ഉള്ളതിനാൽ ഇക്കാലത്ത് ഏറെ പ്രിയപ്പെട്ട പഴങ്ങളിലൊന്നായി മാറിയിട്ടുണ്ട്. ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കാനും ചർമസംരക്ഷണത്തിനും ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാനും ഇത് സഹായകരമാണ്.
വിപണിയിൽ ഉയർന്ന വിലയ്ക്കാണ് സാധാരണയായി ലഭ്യമാകുന്നത്, എന്നാൽ ചെറിയ ശ്രദ്ധയോടെ സ്വന്തം വീട്ടുവളപ്പിലും അവകാഡോ വളർത്താൻ കഴിയും. അധിക പരിപാലനം ആവശ്യമായ വിളയല്ല എന്നതാണ് ഇതിന്റെ പ്രത്യേകത. കേരളത്തിൽ വയനാട്, ഇടുക്കി ജില്ലകളിൽ അവകാഡോ കൃഷി വ്യാപകമായി നടക്കുന്നു.
മൂന്നുതരം അവക്കാഡോകൾ ഉണ്ട്. മെക്സിക്കൻ, ഗ്വാട്ടിമാലൻ, വെസ്റ്റിന്ത്യൻ. ഇതിൽ മെക്സിക്കൻ ഇനത്തിൻറെ കായ്കൾ തീരെ ചെറുതാണ്. പൂത്തു കഴിഞ്ഞാൽ 8 മാസം മതി കായ്കൾ മൂപ്പാകാൻ. അൽപ്പം കൂടെ വലിയ കായ്കളാണ് ഗ്വാട്ടിമാലൻ അവക്കാഡോയുടേത്. ഇത് മൂത്തു പഴുക്കാൻ ഒൻപതു മുതൽ പന്ത്രണ്ടു മാസം വേണം. ഇടത്തരം വലുപ്പമുള്ള കായ്കളാണ് വെസ്റ്റിന്ത്യൻ ഇനത്തിൻറെ പ്രത്യേകത. കായ്കൾക്ക് മൂപ്പാകാൻ ഒമ്പതു മാസം വേണം.
ഏകദേശം 20 മീറ്ററോളം ഉയരത്തിൽ വളരുന്ന നിത്യഹരിതമരമാണ് അവക്കാഡോ. ശാഖകൾ തിരശ്ചീനമായി വളരുന്നു. വേരുകൾ അധികം ആഴത്തിൽ ഓടില്ല. ഇലകൾ വലുതും പരുപരുത്തതും. തളിരിലകൾക്ക് ഇളം ചുവപ്പായിരിക്കും. മൂത്താൽ കടുംപച്ചയാകും. ചില്ലകളുടെ അഗ്രഭാഗത്ത് പൂക്കളുണ്ടാകും. ഓരോ പൂവും രണ്ടു തവണ വിരിയും. ആദ്യം വിരിയുമ്പോൾ പെൺപൂവായും രണ്ടാമത് ആൺപൂവായും ഇത് പ്രവർത്തിക്കും. അതിനാൽ പരപരാഗണമാണ് ഇതിൽ നടക്കുന്നത്. കായ് വലുതും മാംസളവും ഒറ്റവിത്തുള്ളതുമാണ്. കായുടെ പരമാവധി നീളം 20 സെ.മീറ്റർ. പുറംതൊലിക്ക് ഇളംപച്ചയോ പിങ്കോ നിറം. ഉൾക്കാമ്പിൻറെ നിറം മഞ്ഞയോ മഞ്ഞ കലർന്ന പച്ചയോ. ഉൾക്കാമ്പ് ആദ്യം ദൃഢമായിരിക്കുമെങ്കിലും പഴുക്കുമ്പോൾ മൃദുവും വെണ്ണയുടെ പരുവത്തിലാകുകയും ചെയ്യും.
വെള്ളക്കെട്ടില്ലാത്ത ഏതു മണ്ണിലും അവക്കാഡോ വളരും. വിത്തു മുളപ്പിച്ചാണ് തൈകൾ സാധാരണ തയാറാക്കുന്നത്. കായിൽനിന്നു വേർപെടുത്തിയ വിത്ത് രണ്ടുമൂന്നാഴ്ചയ്ക്കുള്ളിൽ പാകണം. സൂക്ഷിപ്പു നീണ്ടാൽ മുളയ്ക്കൽശേഷി കുറയും. മുളയ്ക്കാൻ 50-100 ദിവസം വേണം. വിത്തുകൾ ജൂലൈ മാസം ശേഖരിച്ച് വളമിശ്രിതം നിറച്ച പോളിത്തീൻ സഞ്ചികളിൽ നടുന്നു. കമ്പുകൾ വേരു പിടിപ്പിച്ചും പുതിയ തൈകൾ ഉൽപ്പാദിപ്പിക്കാം. ഇതിനു പുറമേ പതിവയ്ക്കൽ, ഗ്രാഫ്റ്റിങ്, ബഡ്ഡിങ് മുതലായ രീതികളും അവക്കാഡോയിൽ വിജയകരമായി നടത്താം. ഇതിന് പെൻസിൽ കനമുള്ള കമ്പുകൾ വിത്തു മുളപ്പിച്ചെടുത്ത അവക്കാഡോ തൈയിൽതന്നെയാണ് ഒട്ടിക്കുക.
മഴയുടെ തുടക്കത്തിൽ അവക്കാഡോ തൈകൾ നടാം. രണ്ടടി ആഴത്തിലും വീതിയിലും കുഴിയെടുത്ത് അതിൽ മേൽമണ്ണിട്ട് വേണം ഒരു വയസ്സ് പ്രായമായ തൈ നടാൻ. ശാഖോപശാഖകളായി പന്തലിച്ചു വളരുന്ന സ്വഭാവമാണ് അവക്കാഡോ മരത്തിന്. വളപ്രയോഗം നടത്തിയാൽ വളർച്ച വേഗത്തിലാകുന്നത് കണ്ടിട്ടുണ്ട്. പ്രായം കുറഞ്ഞ തൈകൾക്ക് 1: 1: 1 എന്ന അനുപാതത്തിലും വളർന്ന ചെടികൾക്ക് 2: 1: 2 എന്ന അനുപാതത്തിലും നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ നൽകണം. നട്ട് ആദ്യവർഷം ജൂൺ മാസമാകുമ്പോൾ 100 ഗ്രാം യൂറിയ, 200 ഗ്രാം സൂപ്പർഫോസ്ഫേറ്റ്, 60 ഗ്രാം പൊട്ടാഷ് എന്ന ക്രമത്തിൽ വളങ്ങൾ ചേർക്കണം. നവംബറാകുമ്പോൾ വീണ്ടും 25 ഗ്രാം യൂറിയ നൽകുക. രണ്ടാം വർഷം ഒരു കിലോ വളമിശ്രിതം ജൂണിലും 35 ഗ്രാം യൂറിയ നവംബറിലും നൽകുക. മൂന്നാം വർഷം ജൂൺ, നവംബർ മാസങ്ങളിൽ 1മ്മ കിലോ വളമിശ്രിതവും 45 ഗ്രാം യൂറിയയും നൽകണം. നാലാം വർഷം മുതൽ 2 കിലോ വളമിശ്രിതവും 65 ഗ്രാം യൂറിയയുമാണ് കണക്ക്. ഇതിനു പുറമേ ഇരുമ്പ്, സിങ്ക്, ബോറോൺ തുടങ്ങിയ സൂക്ഷ്മമൂലകങ്ങൾക്കും അവക്കാഡോയുടെ വളർച്ചയിലും വിളവിലും നിർണായക പങ്കുണ്ട്.
വളർത്തുന്ന ഇനത്തിൻറെ സ്വഭാവമനുസരിച്ച് കൊമ്പുകോതൽ (പ്രൂണിങ്) നടത്താം. കുത്തനെ വളരുന്ന ഇനങ്ങളിൽ പ്രധാന തടി മുറിച്ചു മാറ്റി ശാഖകൾ വശങ്ങളിലേക്ക് വളരാൻ അനുവദിക്കുന്നു. എന്നാൽ വശങ്ങളിലേക്ക് വളരുന്ന ഇനങ്ങളിൽ ശാഖകളുടെ നീളം കുറച്ച് അവയുടെ വശങ്ങളിലേക്കുള്ള വളർച്ച ക്രമീകരിക്കും. ചെടികളുടെ എല്ലാ ശാഖകളിലും സൂര്യപ്രകാശം ലഭിക്കുംവിധം വേണം കൊമ്പുകോതാൻ. തറ നിരപ്പിൽനിന്ന് ഒരു മീറ്റർ ഉയരത്തിൽ നാലു പാർശ്വശിഖരങ്ങൾ അകലം നൽകി നിലനിർത്തി ബാക്കിയുള്ളവ നീക്കണം.
കായ് വിളയുന്നതിന് കാലാവസ്ഥയുമായി പ്രത്യക്ഷബന്ധം അവക്കാഡോയ്ക്കുണ്ട്. നല്ല ചൂടുള്ള സ്ഥലങ്ങളിൽ ആറുമാസം മതി കായ് മൂത്തുപാകമാകാൻ. എന്നാൽ തണുപ്പു കൂടിയ പ്രദേശങ്ങളിൽ കായ് മൂക്കാൻ 12 മുതൽ 18 മാസം വരെ വേണം. വിത്തു തൈകൾ കായ്ക്കാൻ അഞ്ചാറു വർഷം വേണ്ടി വരും. എന്നാൽ ഒട്ടുതൈകൾക്ക് കായ്ക്കാൻ 3-4 വർഷം മതി. ദക്ഷിണേന്ത്യയിൽ അവക്കാഡോ പൂക്കുന്നത് നവംബർ-ഡിസംബർ മാസങ്ങളിലും കായ് പാകമാകുന്നത് ജൂലൈ-ആഗസ്റ്റ് മാസങ്ങളിലുമാണ്. പഴുക്കുമ്പോൾ കായ്ക്ക് വലിയ നിറവ്യത്യാസം ഉണ്ടാകുകയില്ല. അതിനാൽ മൂപ്പ് അറിയാൻ തെല്ലു വിഷമമാണ്. പൂവ് വിരിഞ്ഞതു മുതലുള്ള കാലദൈർഘ്യം, കായുടെ വലുപ്പം മുതലായവ കണക്കിലെടുത്തുവേണം വിളവെടുപ്പ്. മൂത്ത കായ്കൾ മാത്രമേ വിളവെടുക്കാവൂ. താഴ്ന്ന താപനിലയിൽ ഒരു മാസം വരെ കായ്കൾ കേടാകാതെ സൂക്ഷിക്കാം. ഒരു മരത്തിൽ നിന്ന് 100 മുതൽ 500 കായ് വരെ കിട്ടും.