കൃഷിയിലേക്ക് തിരിഞ്ഞ് യുവാക്കൾ
കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ കൃഷിക്ക് നിർണായക പങ്കുണ്ട്. കർഷകർക്ക് ഏറ്റവും പ്രധാനമായി ആവശ്യമുള്ളത് അവരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വിലയും സ്ഥിരമായ വിപണിയും ആണ്. അതുകൊണ്ടുതന്നെ കൃഷി മേഖലയിൽ പുതിയ സാധ്യതകൾ തുടർച്ചയായി ഉയർന്ന് വരുന്നു. ഇന്ന് നിരവധി പേർ കൃഷിയിലേക്ക് തിരിഞ്ഞ് മികച്ച വരുമാനം കണ്ടെത്തുന്നവരായി മാറിക്കൊണ്ടിരിക്കുകയാണ്.
വി.എഫ്.പി.സി.കെ
പഴം പച്ചക്കറി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കമ്പനീസ് നിയമം 1956 സെക്ഷൻ 25 പ്രകാരം പ്രവർത്തിക്കുന്ന കമ്പനിയാണ് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗസിൽ കേരളം. വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നവരും അടുത്തടുത്ത് താമസിക്കുന്നവരുമായ കർഷകരെ ഒരുമിച്ചു ചേർത്ത് രൂപവത്കരിക്കുന്ന സ്വാശ്രയസംഘങ്ങളാണ് വി.എഫ്.പി.സി.കെ പ്രവർത്തനങ്ങളുടെ അടിത്തറ.
പച്ചക്കറി വിത്തുൽപാദനവും വിതരണവും
കേരളത്തിൽ കൃഷി ചെയ്യുന്നതിന് അനുയോജ്യമായ 17 ഇനം പച്ചക്കറി വിത്തുകൾ ഇവിടെനിന്നും വിതരണം ചെയ്യുന്നുണ്ട്. കൗൺസിലിന് കീഴിൽ വിത്തുൽപാദനത്തിൽ പരിശീലനം സിദ്ധിച്ച കർഷകരാണ് വിത്ത് ഉൽപാദിപ്പിക്കുന്നത്. പാലക്കാട് ജില്ലയിലെ ആലത്തൂരിലെ സീഡ് പ്രോസസിങ് പ്ലാന്റാണ് ജനിതകശുദ്ധിയും ഉൽപാദനക്ഷമതയുമുള്ള പച്ചക്കറി വിത്തുകൾ ഉൽപാദിപ്പിക്കുന്നതിനും സംഭരിക്കുന്നതിനും സംസ്കരിച്ച് വിതരണം നടത്തുന്നതിനും മേൽനോട്ടം വഹിക്കുന്നത്.
കർഷകർക്ക് ഗുണമേന്മയുള്ള കർഷികോൽപാദന ഉപാധികൾ ആവശ്യാനുസൃതം ലഭ്യമാക്കുന്നുണ്ട്. ഇതിനായി എറണാകുളത്തും തിരുവനന്തപുരത്തും കാസർകോടും ഗുണമേന്മയുള്ള ഫലവൃക്ഷങ്ങളുടേയും പച്ചക്കറികളുടേയും തൈകളും വിത്തും വിൽപനക്കായി ഒരുക്കിയിട്ടുണ്ട്.
വായ്പ-ഇൻഷുറൻസ് പദ്ധതികൾ
പങ്കാളിത്ത വായ്പ പദ്ധതിവഴി സ്വാശ്രയ സംഘങ്ങളിലെ കർഷകർക്ക് കൃഷിക്കാവശ്യമായ വായ്പ യഥാസമയം ലളിതവും സുതാര്യവുമായ വ്യവസ്ഥകളോടെ ബാങ്കുകൾ വഴി കൗൺസിൽ ലഭ്യമാക്കുന്നുണ്ട്. ഇതിനായി 11 ബാങ്കുകളുമായി ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്.
പച്ചത്തേങ്ങ സംഭരണം
2022ലാണ് പച്ചത്തേങ്ങ സംഭരണം കാര്യക്ഷമമാക്കുന്നതിന് വി.എഫ്.പി.സി.കെ ചുമതല ഏറ്റെടുക്കുന്നത്. പാലക്കാട്, തൃശൂർ, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിൽ വി.എഫ്.പി.സി.കെയുടെ പ്രവർത്തനമുള്ള സ്ഥലങ്ങളിൽ 68 സംഭരണകേന്ദ്രങ്ങളും വി.എഫ്.പി.സി.കെയുടെ പ്രവർത്തനമില്ലാത്ത മേഖലകളിൽ കർഷക ക്ഷേമം മുൻനിർത്തി 11 മൊബൈൽ സംഭരണകേന്ദ്രങ്ങൾ മുഖേനയുമാണ് പച്ചത്തേങ്ങ സംഭരിച്ചത്.
രാസവളങ്ങൾ ഗുണമോ ദോഷമോ?
മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കുന്നതിനും വിളവ് മെച്ചപ്പെടുത്തുന്നതിനും ചേർക്കുന്ന ഈ വളങ്ങൾ സ്വാഭാവികമായി ഉണ്ടാവുന്നതോ കൃത്രിമമായി തയാറാക്കിയതോ ആവാം. മണ്ണ് പരിശോധന നടത്തി ജൈവവളത്തോടൊപ്പം കേരള കാർഷിക സർവകലാശാല നിഷ്കർഷിക്കും പ്രകാരം രാസവളം നൽകുന്നത് ഉൽപാദനം വർധിപ്പിക്കുന്നതിന് സഹായകരമാകും. എന്നാൽ, ജൈവവളം തീരെ ഉപയോഗിക്കാതെയുള്ള അമിതമായ രാസവള പ്രയോഗം മണ്ണിന്റെ ആരോഗ്യം നശിപ്പിക്കുകയും പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നതുമാണ്.
കീടങ്ങളെ ചെറുക്കാൻ
വിളകളുടെ ആരോഗ്യവും ഉൽപാദനക്ഷമതയും കർഷകരുടെ സാമ്പത്തിക ക്ഷേമത്തിന് മാത്രമല്ല ആഗോള ഭക്ഷ്യസുരക്ഷക്കും നിർണായക ഘടകങ്ങളാണ്. എന്നാൽ, കർഷകർ അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളിൽ ഒന്നാണ് വിളകളിലെ കീടബാധ. കാലാവസ്ഥ മാറ്റത്തിനനുസരിച്ച്
വിളപരിക്രമണവും വിള തെരഞ്ഞെടുപ്പും നടത്താൻ ശ്രദ്ധിക്കണം.
കൂടാതെ, രോഗ-കീട പ്രതിരോധ ശേഷിയുള്ള ഇനങ്ങളുടെ കൃഷി, കൃത്യമായ സംയോജിത കീട-രോഗ നിയന്ത്രണ മാർഗങ്ങൾ എന്നിവ പുതിയ കീടങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നവയാണ്. അമിത രാസ കീടനാശിനി പ്രയോഗം ഒഴിവാക്കുന്നതും കീടങ്ങളെ ചെറുക്കാനുള്ള ഒരു മാർഗമാണ്.
തുടങ്ങാം ശീതകാല കൃഷി
വേനൽക്കാലത്തും മഴക്കാലത്തുമെന്നപോലെ വിവിധ പച്ചക്കറികൾ തണുപ്പുകാലത്തും കൃഷി ചെയ്യാം. തണുപ്പ് കാലത്ത് മലയോരങ്ങളിൽ മാത്രമല്ല സമതലങ്ങളിലും നല്ല രീതിയിൽ കൃഷി ചെയ്യാൻ പറ്റിയ വിളകളാണ് ശീതകാല പച്ചക്കറി ഇനങ്ങൾ.
നല്ല സൂര്യപ്രകാശവും നീർവാർച്ചയുമുള്ള സ്ഥലം വേണം കൃഷിക്കായി തെരഞ്ഞെടുക്കേണ്ടത്. കേരളത്തിൽ ശീതകാലപച്ചക്കറി കൃഷി തുടങ്ങുന്നത് ഒക്ടോബർ ആദ്യവാരം മുതലാണ്. കാബേജ്, കോളീഫ്ലവർ, കാപ്സിക്കം തുടങ്ങിയവ വിത്ത് മുളപ്പിച്ച് തൈകളാക്കി നവംബർ ആദ്യ വാരത്തോടെ പറിച്ചു നടാവുന്നതാണ്. എന്നാൽ, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ വിളകളുടെ വിത്തുകൾ നേരിട്ട് പാകാവുന്നതാണ്. ഏകദേശം ജനുവരി മുതൽ വിളവെടുപ്പ് ആരംഭിക്കും.