അടയ്ക്കയ്ക്ക് റെക്കോഡ് വില

 

പന്തളം: പഴുത്ത അടയ്ക്കയ്ക്ക് റെക്കോഡ് വില. ഒരെണ്ണത്തിന് പത്തുരൂപയിലധികമാണ് ചില്ലറവില്‍പ്പന. ഇത്രയും വില മുമ്പ് ഉണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍. രണ്ടും മൂന്നും രൂപയ്ക്ക് ലഭിച്ചിരുന്ന അടയ്ക്കയുടെ വിലയാണ് പത്തുരൂപ പിന്നിട്ടത്. വലിയ തുകയ്ക്ക് ലഭിക്കുന്നതിലധികവും ഗുണമേന്മ കുറഞ്ഞതുമാണ്.

കാലാവസ്ഥാവ്യതിയാനം കാരണമാണ് വില മൂന്നിരട്ടിയിലധികമായി വര്‍ധിക്കാന്‍ കാരണമായി മൊത്തവ്യാപാരികള്‍ പറയുന്നത്. കേരളത്തിലെ അടയ്ക്കയുടെ സീസണ്‍ കഴിഞ്ഞാല്‍ തമിഴ്നാട്ടിലെ രാജപാളയം, കര്‍ണാടകയിലെ മംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് അടയ്ക്ക എത്തുന്നത്. ഇടുക്കി ജില്ലയിലെ മറയൂരില്‍നിന്നും പഴുത്ത അടയ്ക്ക ലഭ്യമായിരുന്നു. ശക്തമായ മഴയാണ് വില വര്‍ധനയ്ക്ക് കാരണം. ക്വിന്റലിന് നൂറ് രൂപയില്‍ താഴെയായിരുന്നത് ഇപ്പോള്‍ 200 രൂപയോളം വന്നു. 20-ഉം 25-ഉം അടയ്ക്കയാണ് ഒരു കിലോയില്‍ ഉണ്ടാവുക. വില വര്‍ധനയുള്ളതിനാല്‍ ഇപ്പോള്‍ കെട്ടിനുള്ളില്‍ മോശമായതും പാകമാകാത്തതുമായ അടയ്ക്കയും ധാരാളമായി എത്തുന്നുണ്ട്.