വീട്ടിൽ വളർത്താം പഴങ്ങളുടെ റാണിയെ..; നടീൽ രീതി ഇതാ..

mangosteen

പഴങ്ങളിലെ റാണി എന്നാണ് മാങ്കോസ്റ്റീന്‍ അറിയപ്പെടുന്നത്. വിക്ടോറിയ രാജ്ഞിയുടെ ഇഷ്ടഫലമായിരുന്നത്രേ മാങ്കോസ്റ്റീന്‍. ശ്രേഷ്ഠമായ മാങ്കോസ്റ്റീന്‍ പഴങ്ങള്‍ രാജ്ഞിക്ക് സമര്‍പ്പിക്കുന്നവര്‍ക്ക് പല പാരിതോഷികങ്ങളും നല്‍കിയിരുന്നു. രാജ്ഞിക്കുവേണ്ടി കൊട്ടാരത്തിന്‍റെ അകത്തളങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ ഗ്രീന്‍ഹൗസില്‍ മാങ്കോസ്റ്റീന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും പിന്നീട് അവ ഫലം പുറപ്പെടുവിക്കുകയും ചെയ്തിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

ജീവക സമൃദ്ധമാണ് മാങ്കോസ്റ്റീന്‍ പഴം. വളരെ താഴ്ന്ന കലോറി മൂല്യവും പൂരിതകൊഴുപ്പമ്ലങ്ങളുടെ കുറവും കൊളസ്‌ട്രോളിന്റെ അഭാവവും നീരിന്റെ ഉയര്‍ന്ന അളവും നിമിത്തം ദുര്‍മേദസുള്ളവര്‍ക്ക് പോലും ഉത്തമമായ ഭക്ഷ്യ പദാര്‍ത്ഥമാണ് മാങ്കോസ്റ്റീന്‍. വേനലിന്റെ കാഠിന്യം ചെറുക്കാന്‍ മികച്ച പാനീയമാണ 'മാങ്കോസ്റ്റീന്‍ ജ്യൂസ്'. കേരളത്തിലും മാങ്കോസ്റ്റീന്‍ നന്നായി വളരും. 

mangosteen 1

നടീൽ രീതി എങ്ങനെയെന്ന് നോക്കാം..  

ഒട്ടുതൈകള്‍ നടാന്‍ കിട്ടും. വിത്തുതൈകള്‍ കായ്പിടിക്കാന്‍ എട്ടു മുതല്‍ 15 വര്‍ഷം വരെ വേണ്ടപ്പോള്‍ ഒട്ടുതൈകള്‍ക്ക് (ഗ്രാഫ്റ്റ്) ആറേഴ് വര്‍ഷം മതി കായ്പിടിക്കാന്‍. മഴയുടെ തുടക്കത്തില്‍ പത്തു മീറ്റര്‍ അകലത്തില്‍ 90 X 90 X90 വലിപ്പത്തില്‍ കുഴിയെടുത്ത് തൈ നടാം. വര്‍ഷം തോറും വളം ചേര്‍ക്കണം. ആദ്യ വര്‍ഷം പത്തു കിലോഗ്രാമില്‍ തുടങ്ങി പത്തു വര്‍ഷമാകുമ്പോഴേക്കും ഒരു മരത്തിന് 100 കിലോവരെ ജൈവവളം ചേര്‍ക്കണമെന്നാണ് കണക്ക്.

ഒപ്പം യൂറിയ ഒരു കിലോ, രാജ് ഫോസ് ഒന്നരകിലോ , പൊട്ടാഷ് വളം 1.7 കിലോ എന്നിവയും ചേര്‍ക്കണം. രാസവളങ്ങള്‍ രണ്ട് തുല്യ തവണയായി ചേര്‍ക്കണം. വേപ്പിന്‍ പിണ്ണാക്ക്, ചാരം, എല്ലുപൊടി എന്നിവ ഇതിനിഷ്ടപ്പെട്ട ജൈവവളങ്ങളാണ്. നേര്‍വളങ്ങള്‍ക്ക് പകരം 17:17:17 പോലുള്ള ലഭ്യമായ കോംപ്ലക്‌സ് വളവും ഓരോ കിലോ വീതം നല്‍കാം. 

ചെടിച്ചുവട് താഴ്ത്തിക്കിളക്കരുത്. തണല്‍ ഇഷ്ടപ്പെടുന്നതിനാല്‍ മാങ്കോസ്റ്റിന്‍ തെങ്ങിന്‍തോപ്പില്‍ ഇടവിളയായും വളര്‍ത്താം. ഒട്ടുതൈകള്‍ അഞ്ചു മീറ്റര്‍ ഇടയകലത്തില്‍ നടണം. വേനല്‍ക്കാലത്ത് തണല്‍ നല്‍കുകയും നനയ്ക്കുകയും പുതയിടുകയും വേണം. കോണ്‍ ആകൃതിയില്‍ വളരുന്ന മരമാണ് മാങ്കോസ്റ്റീന്‍. കാര്യമായ കൊമ്പുകോതല്‍ വേണ്ടിവരാറില്ല.

ജനവരി-മാര്‍ച്ച്, ജൂലായ്-ഒക്ടോബര്‍ എന്നീ മാസങ്ങളാണ് വിളവെടുപ്പ് കാലം. വയനാട്ടില്‍ വിളവെടുപ്പ് ജൂലായ്-ആഗസ്ത് മാസങ്ങളിലാണ്. പൂവിട്ട് 90 ദിവസമാകുന്നതോടെ കായ്കള്‍ പാകമാകും. എന്നാല്‍, പഴമായിക്കിട്ടാന്‍ 115 ദിവസം വേണം. മരത്തില്‍ നിര്‍ത്തി പഴുപ്പിക്കുകയാണ് സാധാരണ ചെയ്യുക. വലത്തോട്ടി ഉപയോഗിച്ച് പഴങ്ങള്‍ കേടാകാതെ പറിച്ചെടുക്കാം. 20 വര്‍ഷം പ്രായമായ മരത്തില്‍ നിന്ന് 25 കിലോ വരെ പഴം കിട്ടും. മറ്റു പഴങ്ങളെ അപേക്ഷിച്ച് ഇത് കൂടുതല്‍ നാള്‍ കേടുകൂടാതെ സൂക്ഷിക്കാം.