ഇങ്ങനെ നട്ടാൽ തൊടിനിറയെ പൂവിടും ചെണ്ടുമല്ലിപ്പൂക്കൾ..

marigold

യാതൊരു പ്രയാസവുമില്ലാതെ വളർത്തിയെടുക്കാൻ സാധിക്കുന്ന പൂച്ചെടിയാണ് ചെണ്ടുമല്ലി. വാണിജ്യകൃഷിക്ക് ഉത്തമമായ ഒരു പുഷ്പചെടിയാണ് ഇത്. വളരെ ചുരുങ്ങിയ കാലയളവില്‍ ഇത് പൂവിടുകയും ചെയ്യും. ആഫ്രിക്കന്‍ മാരിഗോള്‍ഡ് (ടാജെറ്റസ് ഇറെക്ട്) ഫ്രഞ്ച് മാരിഗോള്‍ഡ് (ടാജെറ്റസ് പാറ്റുല) എന്നിവയാണ് 2 പ്രധാന ഇനങ്ങള്‍.  ഈ രണ്ടിനങ്ങളുടേയും ഹൈബ്രിഡ ഇനങ്ങളും ഇന്ന് ലഭ്യമാണ്. ഇവയെ ചുവപ്പ് ഹൈബ്രിഡ്, സ്വര്‍ണ്ണ ഹൈബ്രിഡ് എന്നിങ്ങനെ അറിയപ്പെടുന്നു. ഈ ഗണത്തില്‍പ്പെട്ട ഇനങ്ങളാണ് നഗെറ്റ്, ഷോബോട്ട്, റെഡ് സെവന്‍സ്റ്റാര്‍. വിവിധ തരത്തിലുളള നല്ല നീര്‍വാഴ്ചയുളള മണ്ണില്‍ ഈ ചെടികൾ   നന്നായി വളരും. മണല്‍ കലര്‍ന്ന എക്കല്‍ മണ്ണാണ് ഏറ്റവും അനുയോജ്യം.

എങ്ങനെ നടാം 

തടങ്ങളില്‍ വിത്ത് പാകി മുളപ്പിച്ചാണ് തൈകള്‍ ഉത്പാദിപ്പിക്കുന്നത്. തടങ്ങള്‍ 6 മീറ്റര്‍ നീളത്തിലും, 1.2 മീറ്റര്‍ വീതിയിലും 10-20 സെന്‍റീമീറ്റര്‍ ഉയരത്തിലും നിര്‍മ്മിക്കണം. 30 കിലോഗ്രാം കാലിവളവും 0.5 കിലോഗ്രാം 15:15:15 എന്ന അനുപാതത്തില്‍ രാസവളവും നന്നായി കൂട്ടികലര്‍ത്തി തടങ്ങള്‍ ഉണ്ടാക്കുമ്പോൾ മണ്ണില്‍ ചേര്‍ക്കണം. ഇങ്ങനെ നിര്‍മ്മിച്ച തടത്തില്‍ 7.5 സെന്‍റീമീറ്റര്‍ അകലത്തില്‍ വരിയായി വിത്ത് വിതക്കണം. ഇത്തരത്തില്‍ വിതച്ച വിത്തിനെ നന്നായി ഉണക്കിപ്പൊടിച്ച കാലിവളം കൊണ്ട് ചെറിയ പാളി പോലെ മൂടണം. വിത്ത് വിതച്ച് ഒരു മാസത്തിനു ശേഷം തൈകള്‍ മാറ്റിനടാം.

marigold 1

തൈകള്‍ മാറ്റി നടുന്നതിനു മുന്‍പായി നിലം ഒരുക്കണം. നിലം നന്നായി ഉഴുത്. അടിവളമായി 20 ടണ്‍ കാലിവളം ചേര്‍ക്കണം. കൂടാതെ ഒരു ഹെക്ടറില്‍ 112.5 കിലോ പാക്യജനകം, 60 കിലോ ഭാവകം, 60 കിലോ ക്ഷാരം എന്നിവയും അടിവളമായി ചേര്‍ക്കണം. തൈകള്‍ 30ഃ30 സെന്‍റിമീറ്റര്‍ അകലത്തിലൊ (ഫ്രഞ്ച് മാരിഗോള്‍ഡ്) 45ഃ45 സെന്‍റീമീറ്റര്‍ അകലത്തിലോ (ആഫ്രിക്കന്‍ മാരിഗോള്‍ഡ്) നടാവുന്നതാണ്. നട്ടതിനു ശേഷം ഉടന്‍ ജലസേചനം നല്‍കണം. 30-45 ദിവസത്തിനു ശേഷം മേല്‍വളമായി 112.5 കിലോ പാക്യജനകം നല്‍കി മണ്ണ് ഇളക്കികൊടുക്കണം. കൂടുതല്‍ വിളവ് ലഭിക്കാനായി ചെടിയുടെ അഗ്രം നട്ട് 30-45 ദിവസത്തിനു ശേഷം നുള്ളി മാറ്റണം.

മണ്ണിലെ ജലാംശത്തിന്‍റെ അളവനുസരിച്ചും, കാലാവസ്ഥയ്ക്കനുസരിച്ചും 4-6 ദിവസത്തിലൊരിക്കല്‍ ജലസേചനം നല്‍കണം. ഒരു മാസ ഇടവേളകളില്‍ കളകള്‍ മാറ്റണം. തൈകള്‍ മാറ്റി നട്ട് 2 മാസത്തിനു ശേഷം പൂക്കള്‍ പറിച്ചെടുക്കാവുന്നതാണ്. ആദ്യ വിളവെടുപ്പിനു ശേഷം അടുത്ത 2-2മ്മ മാസക്കാലം വരെ ചെടി പൂക്കള്‍ നല്‍കും. പൂക്കള്‍ പരാമാവധി വലിപ്പമായതിനു ശേഷമേ പറിച്ചെടുക്കാവൂ. പൂക്കളുടെ തണ്ടു കൂടി വൈകുന്നേരമാണ് വിളവെടുക്കേണ്ടത്. 

കീടങ്ങൾ, രോഗങ്ങൾ..

സാധാരണയായി രോഗകീടങ്ങള്‍ ഈ ചെടിയെ ഉപദ്രവിക്കാറില്ല. എന്നിരുന്നാല്‍ പൂവണ്ടുകള്‍, ഇലച്ചാടികള്‍, തണ്ടുതുരപ്പന്‍, മണ്ഡരി എന്നിവ കുറഞ്ഞ തോതിലെങ്കിലും ഉപദ്രവിക്കാറുണ്ട്. നീര്‍വാഴ്ച തീരെ കുറവായ സ്ഥലങ്ങളില്‍ ഫൈറ്റോഫ് തോറ എന്ന കുമിള്‍ കാരണമുളള മൂട് ചീയല്‍ ദൃശ്യമാണ്. സ്ക്ലീറോറ്റിനിയ ക്ലീയിറോറ്റിയോറം എന്ന കുമിള്‍ കാരണമുളള തണ്ട് ചീയലും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മൂട്ചീയല്‍ തടുക്കാനായി കോപ്പര്‍ ഓക്സിക്ലോറൈസ് ലായനി മണ്ണില്‍ ഒഴിച്ച് കുതിര്‍ക്കണം. തണ്ടുചീയലിന് കുമിള്‍നാശിനി ഉപയോഗിച്ച് ചുവട് നന്നായി നനച്ചുകൊടുക്കണം.