അതിഥി തൊഴിലാളികള്‍ക്ക് വികാരനിര്‍ഭരമായ യാത്രയയപ്പാണ് കേരളം നല്‍കിയത്. തിരിച്ചു വരാമെന്നുറപ്പു നല്കി നാട്ടിലേക്ക് അവര്‍ യാത്രയാകുമ്പോള്‍ നെഞ്ചില്‍ തൊടുന്ന ഒരുപിടി നിമിഷങ്ങളും പിറവിയെടുത്തു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ശമ്പളവുമായി മുതലാളി വരുന്നതും കാത്ത് വഴിക്കണ്ണുമായിരുന്ന ധര്മേന്ദറായിരുന്നു ഏവരുടേയും മനം നിറച്ചത്. കാത്തിരിപ്പിനൊടുവില്‍ മുതലാളി കാശുമായി എത്തിയപ്പോള്‍ സന്തോഷം കൊണ്ട് ധര്‍മേന്ദറിന്റെ കണ്ണുകള്‍ നിറയുകയായിരുന്നു. ആ നിമിഷത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ബാബു പള്ളിപ്പുറം പങ്കുവച്ച കുറിപ്പിങ്ങനെ.
പോസ്റ്റ് പൂർണ രൂപം:
നാട്ടിലേക്കുള്ള യാത്രയ്ക്ക് പുറപ്പെടുംമുമ്പ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമില്‍ ദുഃഖിച്ചിരുന്ന ധര്‍മേന്ദറിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ. നാട്ടിലെത്തിയാല്‍ പട്ടിണിയാകുമെന്ന ദുഃഖത്തിലായിരുന്നു അയാള്‍. മൂന്ന് മാസത്തോളം ജോലിചെയ്ത ശമ്പളം സ്ഥാപന ഉടമയുടെ കൈയില്‍. ട്രെയിന്‍ പുറപ്പെടാന്‍ സമയമാകുന്തോറും ആ മുഖത്തിലെ പ്രതീക്ഷകള്‍ മാഞ്ഞു.
എന്നാല്‍ അവസാന നിമിഷം ധര്‍മേന്ദറിനെത്തേടി ആ സന്തോഷമെത്തി. ശമ്പളകുടിശ്ശികയായ 70,000 രൂപയുമായി അതാ തന്റെ മുതലാളി വരുന്നു. ശനിയാഴ്ച തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് വൈകാരിക നിമിഷങ്ങള്‍ അരങ്ങേറിയത്.ട്രിവാന്‍ഡ്രം ഡെക്കറേഷന്‍സ് എന്ന സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു ധര്‍മേന്ദര്‍. ജാര്‍ഖണ്ഡിലേക്കുള്ള യാത്രക്കാരുടെ പട്ടികയില്‍ താനുണ്ടെന്ന് അറിഞ്ഞത് ട്രെയിന്‍ പുറപ്പെടാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍. പരിശോധനയെല്ലാം വേഗത്തിലായതോടെ ഉള്ളില്‍ ആശങ്കയേറി. പണമില്ലാതെ നാട്ടില്‍പോയാല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബത്തോട് എന്തുപറയുമെന്ന ചിന്തയാല്‍ ഉള്ളില്‍ ഭയം നിറഞ്ഞു. ശനിയാഴ്ച സ്ഥാപന ഉടമയായ ഉണ്ണി കളിയിക്കാവിളയില്‍ പന്തല്‍ നിര്‍മാണത്തിലായിരുന്നു. ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പ് അദ്ദേഹത്തിന് എത്താന്‍ കഴിയുമെന്ന് ഒരുറപ്പുമില്ലായിരുന്നു.
എന്നാല്‍ പത്ത് മിനിറ്റ് ശേഷിക്കവേ ഉണ്ണിയെത്തി. മുഴുവന്‍ തുകയും ധര്‍മേന്ദറിനെ ഏല്‍പ്പിച്ച് കൈവീശി യാത്രയാക്കിയശേഷമാണ് ഉണ്ണി മടങ്ങിയത്.
ബാബു പള്ളിപ്പുറം