പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് മൂന്നു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി പാക് ക്രിക്കറ്റ് ബോര്‍ഡ്. താരത്തിനെതിരെ ഉയര്‍ന്ന വാതുവെപ്പ് ആരോപണത്തില്‍ അന്വേഷണം നടത്തിയ ശേഷമാണ് നടപടി. എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും ഉമര്‍ അക്മലിനെ വിലക്കുന്നതായി പാക് ക്രിക്കറ്റ് ബോര്‍ഡ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ജസ്റ്റിസ് ഫസല്‍ ഇ മിരാന്‍ ചൗഹാന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതിയാണ് വിലക്കിന് ശുപാര്‍ശ ചെയ്തത്. നേരത്തെ, വാതുവെപ്പ് ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ താരത്തെ സസ്പന്‍ഡ് ചെയ്തിരുന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഒത്തു കളിക്കാന്‍ ആവശ്യപ്പെട്ട് നേരത്തെ ചിലര്‍ തന്നെ സമീപിച്ചിരുന്നു എന്ന് താരം തന്നെ ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഒരു മത്സരത്തില്‍ രണ്ട് പന്തുകള്‍ ലീവ് ചെയ്യാന്‍ 2 ലക്ഷം ഡോളറാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. ഇന്ത്യക്കെതിരായ ഒരു മത്സരത്തില്‍ നിന്ന് വിട്ടു നില്ക്കാന് ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തു എന്നും അക്മല്‍ പറഞ്ഞു. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന 2015 ലോകകപ്പ് വേളയില്‍ വീണ്ടും വാതുവെപ്പുകാര്‍ തന്നെ സമീപിച്ചു എന്നും അക്മല്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് വിവാദം ആരംഭിച്ചത്. ഐസിസി ആന്റികറപ്ഷന്‍ കോഡ് പ്രകാരം ഇങ്ങനെ ആരെങ്കിലും സമീപിച്ചാല്‍ വിവരം ബന്ധപ്പെട്ടവരെ അറിയിക്കണം. എന്നാല്‍ അക്മല്‍ അത് ചെയ്തില്ല. തുടര്‍ന്നാണ് താരത്തെ അന്വേഷണ വിധേയമായി സസ്പന്‍ഡ് ചെയ്തത്.