Tuesday March 31st, 2020 - 10:45:pm
topbanner

റോസ് ടെയ്‌ലര്‍ കൊടുംങ്കാറ്റായി; ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ തകര്‍ത്ത് ന്യൂസിലാന്‍ഡിന് വിജയം

JB
റോസ് ടെയ്‌ലര്‍ കൊടുംങ്കാറ്റായി; ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ തകര്‍ത്ത് ന്യൂസിലാന്‍ഡിന് വിജയം

ടി20 പരമ്പരയിലെ കനത്ത തോല്‍വിക്ക് ഉശിരന്‍ മറുപടിയുമായി ന്യൂസിലാന്‍ഡ്. ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ തകര്‍ത്ത് ന്യൂസിലാന്‍ഡിന് മിന്നും ജയം. 348 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് 48.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. റോസ് ടെയ്‌ലറുടെ തകര്‍പ്പന്‍ സെഞ്ചുറിയും ഹെന്റി നിക്കോള്‍സിന്റെയും ടോം ലാഥത്തിന്റെയും അര്‍ധ സെഞ്ചുറിയുമാണ് ആതിഥേയര്‍ക്ക് ജയം സമ്മാനിച്ചത്. ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും കുല്‍ദീപ് യാദവ് പത്ത് ഓവറില്‍ വിട്ടുകൊടുത്തത് 84 റണ്‍സാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

84 പന്തില്‍ നാലു സിക്‌സും 10 ഫോറും സഹിതം 109 റണ്‍സെടുത്ത് റോസ് ടെയ്‌ലറും 9 പന്തില്‍ 12 റണ്‍സെടുത്ത് മിച്ചല്‍ സാന്റ്‌നറും പുറത്താകാതെ നിന്നു. വിക്കറ്റ് നേടിയില്ലെങ്കിലും ബുംറ പത്തോവറില്‍ 53 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.റോസ് ടെയ്‌ലറുടെ ഇന്നിങ്‌സാണ് കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ കീവീസിനെ സഹായിച്ചത്. 73 പന്തിലാണ് റോസ് ടെയ്‌ലര്‍ 100 കടന്നത്. ഓപ്പണര്‍ ഹെന്റി നിക്കോള്‍സ് (82 പന്തില്‍ 78), ക്യാപ്റ്റന്‍ ടോം ലാഥം (48 പന്തില്‍ 69) എന്നിവരും അര്‍ധ സെഞ്ചുറി നേടി. 38 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സും സഹിതമാണ് ലാഥം ഏകദിനത്തിലെ 16ാം അര്‍ധസെഞ്ചുറി കുറിച്ചത്.
ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്ടില്‍ (32), അരങ്ങേറ്റ ത്സരം കളിക്കുന്ന ടോം ബ്ലണ്ടല്‍ (ഒന്‍പത്), ജെയിംസ് നീശം (14 പന്തില്‍ 9), കോളിന്‍ ഡിഗ്രാന്റ്‌ഹോം (രണ്ട് പന്തില്‍ ഒന്ന് ) എന്നിങ്ങനെയാണ് മറ്റുള്ളവര്‍ നേടിയ സ്‌കോര്‍.

ഉയര്‍ന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ന്യൂസിലാന്‍ഡിന്റെ തുടക്കം മികച്ചതായിരുന്നു. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്ടിലും ഹെന്റി നിക്കോള്‍സും കിവീസിനെ വിക്കറ്റ് നഷ്ടം കൂടാതെ 85 റണ്‍സില്‍ എത്തിച്ചു. എന്നാല്‍ സ്‌കോര്‍ 85ല്‍ നില്‍ക്കെ ഗപ്ടിലിനെ ഠാക്കൂര്‍ പുറത്താക്കി. 41 പന്തില്‍ ഒരു ഫോര്‍ സഹിതം 32 റണ്‍സെടുത്ത ഗപ്ടിലിനെ കേദാര്‍ ജാദവ് ക്യാച്ചെടുത്തു. സ്‌കോര്‍ 109ല്‍ നില്‍ക്കെ അരങ്ങേറ്റ താരം ടോം ബ്ലണ്ടലും പുറത്തായി. 10 പന്തില്‍ ഒന്‍പതു റണ്‍സെടുത്ത ബ്ലണ്ടലിനെ കുല്‍ദീപ് യാദവ് പുറത്താക്കി. പിന്നീട് മൂന്നാം വിക്കറ്റില്‍ ഒരുമിച്ച നിക്കോള്‍സ് -റോസ് ടെയ്‌ലര്‍ സഖ്യം കിവീസ് സ്‌കോര്‍ മുന്നോട്ടുകുതിക്കുന്നതിനെ വിരാട് കോലിയുടെ ത്രോയില്‍ ഹെന്റി നിക്കോള്‍സ് റണ്ണൗട്ടായി.നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ശ്രേയസ് അയ്യരുടെ കന്നി ഏകദിന സെഞ്ചുറിയുടെയും ലോകേഷ് രാഹുല്‍, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തില്‍ നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 347 റണ്‍സെടുത്തത്. അവസാന ഓവറുകളില്‍ കേദാര്‍ ജാദവ് തകര്‍ത്തടിക്കുക കൂടി ചെയ്തതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 350ന് അടുത്തെത്തിയത്.

അയ്യര്‍ 107 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 102 റണ്‍സെടുത്തു. കോലി 63 പന്തില്‍ ആറു ഫോറുകള്‍ സഹിതം 51 റണ്‍സെടുത്ത് പുറത്തായപ്പോള്‍, രാഹുല്‍ 64 പന്തില്‍ മൂന്നു ഫോറും ആറു സിക്‌സും സഹിതം 88 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ, 41 പന്തില്‍ നാലു സിക്‌സുകളുടെ അകമ്പടിയോടെയാണ് രാഹുല്‍ ഏഴാം ഏകദിന അര്‍ധസെഞ്ചുറി കുറിച്ചത്. 61 പന്തില്‍ ആറു ഫോറുകള്‍ സഹിതമാണ് കോലിയുടെ 58ാം ഏകദിന അര്‍ധസെഞ്ചുറി. ജാദവ് 15 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 26 റണ്‍സുമായി പുറത്താകാതെ നിന്നു.ന്യൂസീലന്‍ഡിനായി ടിം സൗത്തി രണ്ടു വിക്കറ്റ് വീഴ്ത്തിയെങ്കിലും 10 ഓവറില്‍ 85 റണ്‍സ് വഴങ്ങി.

ഓപ്പണര്‍മാരായെത്തിയ പൃഥ്വി ഷായും മായങ്ക് അഗര്‍വാളും സമ്മാനിച്ച അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ അടിത്തറയേകിയത്. 48 പന്തില്‍നിന്നാണ് ഇരുവരും 50 റണ്‍സെടുത്തത്. ഷാ 21 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 20 റണ്‍സെടുത്തും അഗര്‍വാള്‍ 31 പന്തില്‍ ആറു ഫോറുകള്‍ സഹിതം 32 റണ്‍സെടുത്തും പുറത്തായി. നാലു റണ്‍സിന്റെ ഇടവേളയില്‍ ഇരുവരും പുറത്തായെങ്കിലും മൂന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്ത് കോലിയും അയ്യരും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റി. 120 പന്തില്‍നിന്ന് ഇരുവരും കൂട്ടിച്ചേര്‍ത്തത് 102 റണ്‍സ്. കോലിക്കു പിന്നാലെയെത്തിയ കെ.എല്‍. രാഹുലിനെ കൂട്ടുപിടിച്ച് തകര്‍ത്തടിച്ച അയ്യര്‍ സെഞ്ചുറിയും സെഞ്ചുറി കൂട്ടുകെട്ടും തീര്‍ത്തതോടെ ഇന്ത്യ അനായാസം 300 കടന്നു. 101 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതമാണ് അയ്യര്‍ കന്നി ഏകദിന സെഞ്ചുറി കുറിച്ചത്.

 

Read more topics: newzland, win, india, odi,
English summary
newzland win against india in odi
topbanner

More News from this section

Subscribe by Email