പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ താരം മുഹമ്മദ് ആസിഫ്. തനിക്ക് മുന്‍പും ശേഷവും ഉള്ളവര്‍ ഒത്തുകളിച്ചിട്ടുണ്ടെന്നും അവരില്‍ പലരും ഇപ്പോഴും ക്രിക്കറ്റ് ബോര്‍ഡില്‍ ഉണ്ടെന്നുമാണ് ആസിഫ് വെളിപ്പെടുത്തിയത്. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ആസിഫിന്റെ ഞെട്ടിക്കുന്ന ആരോപണം.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
''എനിക്കു മുന്‍പ് പാക്കിസ്താന് ക്രിക്കറ്റില്‍ ഒത്തുകളിച്ച താരങ്ങളുണ്ട്. എനിക്കു ശേഷം ഉള്ളവരിലും ഒത്തുകളിക്കാരുണ്ട്. എനിക്കു മുന്‍പ് ഒത്തുകളിച്ചവരില്‍ ചിലര്‍ ഇപ്പോള്‍ പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിലുണ്ട്. എനിക്കുശേഷം ഒത്തുകളിച്ചവരില്‍ ചിലര്‍ ഇപ്പോഴും പാകിസ്താന് ടീമിലുമുണ്ട്. എല്ലാവര്ക്കും രണ്ടാമത് ഒരു അവസരം കൂടി ലഭിച്ചു എന്നതാണ് സത്യം. എന്നേപ്പോലെ ചിലര്‍ക്കു മാത്രമാണ് അങ്ങനെയൊരു അവസരം ലഭിക്കാതിരുന്നത്. എന്റെ ബൗളിംഗ് വളരെ മികച്ചതായിരുന്നുവെന്ന് ഒട്ടേറെപ്പേര്‍ പറഞ്ഞിരുന്നു. പക്ഷേ, ക്രിക്കറ്റ് ബോര്‍ഡ് എനിക്ക് കാര്യമായ പരിഗണനയൊന്നും നല്‍കിയില്ല. എന്തായാലും പഴയ കാര്യങ്ങളോര്‍ത്ത് സങ്കടപ്പെടാന്‍ ഞാനില്ല'' ആസിഫ് പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റില്‍ അല്പ കാലം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും തനിക്ക് മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന ചാരിതാര്‍ഥ്യമുണ്ട് എന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. ചിന്തിക്കുമ്പോള്‍ അത് തന്നെയാണ് പ്രധാനം. ക്രിക്കറ്റില്‍ നിന്ന് മാറിയിട്ട് കൊല്ലങ്ങളായെങ്കിലും ഇപ്പോഴും ഒട്ടേറെ മികച്ച താരങ്ങള്‍ എന്നെ ഓര്‍മിക്കുന്നു. കെവിന് പീറ്റേഴ്സണും എ.ബി. ഡിവില്ലിയേഴ്സും അംലയും പറഞ്ഞ അഭിപ്രായങ്ങള്‍ സന്തോഷം പകരുന്നതാണ്. കൂടുതല്‍ മികച്ച നിലയില്‍ കരിയര്‍ അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു എങ്കിലും അത് സാധിച്ചില്ല എന്നും ആസിഫ് പറഞ്ഞു.