Tuesday October 22nd, 2019 - 2:22:pm
topbanner

ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് ആറ് പേരുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു; രവി ശാസ്ത്രിയും റോബിന്‍ സിങും പട്ടികയില്‍

JB
ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് ആറ് പേരുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു; രവി ശാസ്ത്രിയും റോബിന്‍ സിങും പട്ടികയില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ആറ് പേരുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. നിലവിലുള്ള കോച്ച് രവി ശാസ്ത്രിയടക്കം ആറ് പേരാണ് പട്ടികയിലുള്ളത്. മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ഉപദേശക സമിതി ഇവരെ അഭിമുഖം നടത്തിയതിന് ശേഷമായിരിക്കും പുതിയ പരിശീലകനെ തീരുമാനിക്കുക.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുഖ്യ പരിശീലകന്‍, ബോളിങ് കോച്ച്, ബാറ്റിങ് കോച്ച്, ഫീല്‍ഡിങ് കോച്ച് എന്നിവക്കായി ഏകദേശം 2000ത്തോളം അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇതില്‍ നിന്നുമാണ് മുഖ്യപരിശീലക സ്ഥാനത്തേക്ക് ആറ് പേരുടെ ചുരുക്കപ്പട്ടിക ഉണ്ടാക്കിയത്. നിലവിലുള്ള ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി, മുന്‍ ഇന്ത്യന്‍ താരവും ഫീല്‍ഡിങ് പരിശീലകനുമായിരുന്ന റോബിന്‍ സിങ്, മുന്‍ ഇന്ത്യന്‍ താരം ലാല്‍ചന്ദ് രജപുത്ത്, വിദേശ പരിശീലകരായ ഫില്‍ സിംസണ്‍സ്, ടോം മൂഡി, മൈക്ക് ഹെസ്സന്‍ എന്നിവരാണ് പട്ടികയിലുള്ളത്.

രവി ശാസ്ത്രി

നിലവിലുള്ള പരിശീലകനായ രവി ശാസ്ത്രിയുടെ കാലാവധി ക്രിക്കറ്റ് ലോകകപ്പോടെയാണ് അവസാനിച്ചത്. ലോകകപ്പിന് ശേഷം 45 ദിവസത്തേക്ക് ഇപ്പോള്‍ കരാര്‍ നീട്ടി നല്‍കിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനം കൂടിയാണ് ശാസ്ത്രിയുടെ നിലവിലുള്ള കാലാവധി. രവി ശാസ്ത്രി തന്നെ ഒരു ടേം കൂടി ടീം ഇന്ത്യയുടെ പരിശീലകനായി തുടരുമെന്നാണ് സൂചന.

റോബിന്‍ സിങ്

ഇന്ത്യന്‍ ടീം കണ്ട എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് റോബിന്‍ സിങ്. അദ്ദേഹത്തിന് ഏകദേശം 15 വര്‍ഷത്തിനടുത്ത് പരിശീലന കരിയര്‍ ഉണ്ട്. ഐപിഎല്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിന്റെ സഹപരിശീലകനായിരുന്നു റോബിന്‍. രണ്ട് വര്‍ഷം ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് പരിശീലകനായിരുന്നു. ഇന്ത്യന്‍ എ ടീമിനെയും അണ്ടര്‍ 19 ടീമിനെയും റോബിന്‍ പരിശീലിപ്പിച്ചിട്ടുണ്ട്.

ടോം മൂഡി

മുന്‍ ഓസ്‌ട്രേലിയന്‍ താരമായ ടോം മൂഡി കഴിഞ്ഞ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലകനാണ്. കഴിഞ്ഞ ആറ് വര്‍ഷമായി മൂഡി ടീമിനെ പരിശീലിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന് കീഴില്‍ ടീം മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. 2018 സീസണില്‍ സണ്‍ റൈസേഴ്‌സ് ലീഗിലെ റണ്ണേഴ്‌സ് അപ്പായിരുന്നു.

ലാല്‍ചന്ദ് രജപുത്ത്

ഇന്ത്യ എ ടീം, അഫ്ഗാനിസ്ഥാന്‍, സിംബാവെ ടീമുകളെ രജപുത്ത് പരിശീലിപ്പിച്ചിട്ടുണ്ട്. ചെറിയൊരു കാലഘട്ടത്തില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ മാനേജരുമായിരുന്നു. ഇന്ത്യ പ്രഥമ ടി20 ലോകകപ്പില്‍ കിരീടം നേടുമ്പോള്‍ രജപുത്തായിരുന്നു ടീം മാനേജര്‍. 2008 ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.

മൈക്ക് ഹെസ്സന്‍

ന്യൂസിലന്റ് ക്രിക്കറ്റ് ടീമിന്റെ മുന്‍ പരിശീലകനാണ് മൈക്ക് ഹെസ്സന്‍. 2012 മുതല്‍ 2018 വരെയുള്ള കാലഘട്ടത്തില്‍ ടീമിനെ അദ്ദേഹമാണ് പരിശീലിപ്പിച്ചിരുന്നത്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകനായും ഹെസ്സന് പരിചയ സമ്പത്തുണ്ട്. 2015 ലോകകപ്പില്‍ ന്യൂസിലന്റിനെ ലോകകപ്പ് ഫൈനലില്‍ എത്തിച്ചിരുന്നു.

ഫില്‍ സിമ്മണ്‍സ്

വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ താരമായിരുന്നു ഫില്‍ സിമ്മണ്‍സ്. പിന്നീട് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാന്‍ ദേശീയ ടീമിനെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ലോകകപ്പ് വരെ അഫ്ഗാന്‍ ടീമിന്റെ പരിശീലകനായിരുന്നു.

 

Read more topics: indian team, coach short list,
English summary
indian team coach short list
topbanner

More News from this section

Subscribe by Email