Thursday August 13th, 2020 - 11:01:pm

കോഹ്‌ലിക്ക് 50 പന്തില്‍ 94 റണ്‍സ്; ഹൈദരാബാദ് ടി20യില്‍ ഇന്ത്യക്ക് ആറുവിക്കറ്റ് വിജയം

jb
 കോഹ്‌ലിക്ക് 50 പന്തില്‍ 94 റണ്‍സ്; ഹൈദരാബാദ് ടി20യില്‍ ഇന്ത്യക്ക് ആറുവിക്കറ്റ് വിജയം

ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടി 20 മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം. 50 പന്തില്‍ 94 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും 40 പന്തില്‍ 62 റണ്‍സെടുത്ത കെ എല്‍ രാഹുലുമാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. 208 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം എട്ടു പന്തുകള്‍ അവശേഷിക്കവെ ഇന്ത്യ മറികടന്നു. രണ്ടാം മത്സരം എട്ടിന് തിരുവനന്തപുരത്തും മൂന്നാമത്തേതു 11നു മുംബൈയിലും നടക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

208 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് എട്ട് റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഖാരി പിയറിയുടെ പന്തില്‍ ഷിംറോണ്‍ ഹെറ്റ് മെയര്‍ പിടിച്ചാണ് രോഹിത് പുറത്തായത്. ക്യാപ്റ്റന്‍ ക്രീസിലെത്തിയതോടെ രാഹുല്‍ സ്‌കോറിംഗ് വേഗത കൂട്ടി. നാലു സിക്‌സും അഞ്ചു ഫോറും പറത്തിയാണ് രാഹുല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ആറു വീതം സിക്‌സും ഫോറും അടങ്ങിയതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്‌സ്. ഖാരി പിയറിക്ക് വിക്കറ്റ് നല്‍കി രാഹുല്‍ മടങ്ങിയതിന് പിന്നാലെ എത്തിയ റിഷഭ് പന്ത് രണ്ട് സിക്‌സറുകള്‍ പായിച്ച് 9 പന്തില്‍ 18 റണ്‍സുമായി മടങ്ങി. ശ്രേയംസ് അയ്യര്‍ നാല് റണ്‍സെടുത്ത് മടങ്ങി. ഖാരി പിയറി രണ്ടും ഷെല്‍ഡണ്‍ കോര്‍ട്ടലും കിറോണ്‍ പൊള്ളാര്‍ഡും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ബോളിങ് തിരഞ്ഞെടുത്തു. രാജ്യാന്തര ട്വന്റി20യിലെ കന്നി അര്‍ധസെഞ്ചുറി കുറിച്ച ഷിംറോണ്‍ ഹെറ്റ്മയറിന്റെ പ്രകടനമാണ് വിന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 41 പന്തില്‍ രണ്ടു ഫോറും നാലു സിക്‌സും സഹിതം 56 റണ്‍സെടുത്ത ഹെറ്റ്മയറാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. എവിന്‍ ലൂയിസ് 40(17), ബ്രണ്ടന്‍ കിങ് 31(23), ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ് 47(19), ജെയ്‌സന്‍ ഹോള്‍ഡര്‍ 24(9)* എന്നിവര്‍ ഉറച്ച പിന്തുണ നല്‍കി. 15 സിക്‌സറുകളാണ് വിന്‍ഡീസ് താരങ്ങള്‍ പായിച്ചത്. നാലു വീതം സിക്‌സുകളുമായി എവിന്‍ ലൂയിസ്, ഹെറ്റ്മയര്‍, പൊള്ളാര്‍ഡ് എന്നിവരാണ് ഇന്ത്യന്‍ ബോളിങ്ങിനെ പലകുറി അതിര്‍ത്തി കടത്തിയത്.

ഇന്ത്യയ്ക്കായി യുസ്വേന്ദ്ര ചഹല്‍ രണ്ടും രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. നാല് ഓവറില്‍ 56 റണ്‍സ് വഴങ്ങിയ ദീപക് ചാഹറാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവുമധികം പ്രഹരമേറ്റു വാങ്ങിയത്. മലയാളി താരം സഞ്ജു സാംസണെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മനീഷ് പാണ്ഡെ എന്നിവരും അന്തിമ ഇലവനില്‍ ഉള്‍പ്പെട്ടില്ല.

Read more topics: india,west indies, t 2o,
English summary
india win against west indies on t 2o
topbanner

More News from this section

Subscribe by Email