Monday March 30th, 2020 - 6:13:pm
topbanner

വീണ്ടും 'സൂപ്പര്‍ ഓവര്‍' മാജിക്ക്; നാലാം ടി20യില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് കിടിലന്‍ ജയം

NewsDesk
 വീണ്ടും 'സൂപ്പര്‍ ഓവര്‍' മാജിക്ക്; നാലാം ടി20യില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് കിടിലന്‍ ജയം

ജയിക്കാവുന്ന കളി കൈവിട്ട് ന്യൂസിലാന്‍ഡ്. സൂപ്പര്‍ ഓവറിലേക്ക് നീണ്ട തുടര്‍ച്ചയായ രണ്ടാം മത്സരവും കിവീസിനെ കൈവിട്ടു. സൂപ്പര്‍ ഓവറില്‍ 14 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒരു പന്ത് ബാക്കിനില്‍ക്കേ വിജയിച്ചു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത ന്യൂസീലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 13 റണ്‍സ്. ടിം സീഫര്‍ട്ട് നാലു പന്തില്‍ എട്ടു റണ്‍സെടുത്ത് പുറത്തായി. ഇതില്‍ രണ്ടാം പന്തില്‍ നേടിയ ഫോറും ഉള്‍പ്പെടുന്നു. ബുമ്രയുടെ പന്തില്‍ വാഷിങ്ടണ്‍ സുന്ദര്‍ ക്യാച്ചെടുത്തു. ഇതിനിടെ ഇന്ത്യന്‍ താരങ്ങള്‍ രണ്ടു ക്യാച്ചു നഷ്ടമാക്കുകയും ചെയ്തു. അഞ്ചാം പന്തില്‍ കോളിന്‍ മണ്‍റോ ഫോര്‍ നേടിയെങ്കിലും അവസാന പന്തില്‍ റണ്‍ നേടാനായില്ല. ഇതോടെ ഇന്ത്യയ്ക്ക് മുന്നില്‍ ഉയര്‍ന്നത് 14 റണ്‍സ് വിജയലക്ഷ്യം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ടിം സോധി എറിഞ്ഞ ആദ്യപന്ത് തന്നെ കെ എല്‍ രാഹുല്‍ സിക്‌സര്‍ പറത്തി. രണ്ടാം പന്തില്‍ ഫോര്‍. മൂന്നാം പന്തില്‍ സിക്‌സിനായി ശ്രമിച്ച രാഹുല്‍ മിഡ് വിക്കറ്റില്‍ ക്യാച്ച് നല്‍കി മടങ്ങി. പിന്നീട് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഊഴമായിരുന്നു. നേരിട്ട ആദ്യ പന്ത് തന്ത്രപൂര്‍വം ബൗളറുടെ പുറകിലേക്ക് തട്ടിയിട്ട കോലി രണ്ട് റണ്‍സ് ഓടിയെടുത്തു. പിന്നീട് രണ്ട് പന്തില്‍ ജയിക്കാന്‍ ഇന്ത്യക്ക് വേണ്ടത് രണ്ട് റണ്‍സ്. അടുത്ത പന്ത് ബൗണ്ടറി കടത്തി കോലി ഇന്ത്യക്ക് ജയം സമ്മാനിച്ചു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 165 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ തകര്‍ത്തടിച്ചു മുന്നേറിയ ന്യൂസിലാന്‍ഡിന് അവസാന ഓവറില്‍ പിഴച്ചതോടെ അവര്‍ക്കു നേടാനായത് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ്. ഓപ്പണര്‍ കോളിന്‍ മണ്‍റോ (47 പന്തില്‍ 64), ടിം സീഫര്‍ട്ട് (39 പന്തില്‍ 57) എന്നിവരുടെ അര്‍ധസെഞ്ചുറി പ്രകടനങ്ങളോടെ വിജയമുറപ്പിച്ച കിവീസിനെ അവസാന ഓവറിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് ഇന്ത്യ സമനിലയില്‍ കുരുക്കിയത്.

ഷാര്‍ദുല്‍ ഠാക്കൂര്‍ ബോള്‍ ചെയ്ത അവസാന ഓവറില്‍ കിവീസിന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് വെറും ഏഴു റണ്‍സ് മാത്രമായിരുന്നു. എന്നാല്‍, ഈ ഓവറിലെ ആദ്യ പന്തില്‍ റോസ് ടെയ്‌ലര്‍ പുറത്തായി. 18 പന്തില്‍ 24 റണ്‍സെടുത്ത ടെയ്‌ലറിനെ ശ്രേയസ് അയ്യര്‍ ക്യാച്ചെടുത്തു മടക്കി. രണ്ടാം പന്തില്‍ ഡാരില്‍ മിച്ചല്‍ വക ഫോര്‍. മൂന്നാം പന്തില്‍ ടിം സീഫര്‍ട്ട് റണ്ണൗട്ടായി. 39 പന്തില്‍ നാലു ഫോറും മൂന്നു സിക്‌സും സഹിതം സമ്പാദ്യം 57 റണ്‍സ്. നാലാം പന്തില്‍ സാന്റ്‌നര്‍ വക ഒരു റണ്‍. അഞ്ചാം പന്തില്‍ ഡാരില്‍ മിച്ചല്‍ പുറത്ത്. മൂന്നു പന്തില്‍ നാലു റണ്‍സുമായി ശിവം ദുബെയ്ക്ക് ക്യാച്ച്. ഇതോടെ അവസാന പന്തില്‍ വിജയത്തിലേക്ക് വേണ്ടത് രണ്ടു റണ്‍സ്. എന്നാല്‍, പന്തുനേരിട്ട സാന്റ്‌നറിന് നേടാനായത് ഒരു റണ്‍. രണ്ടാം റണ്ണിനുള്ള ശ്രമത്തില്‍ റണ്ണൗട്ടുമായി. ഇതോടെ സ്‌കോര്‍ സമാസമം.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 165 റണ്‍സെടുത്തത്. ട്വന്റി20യിലെ മൂന്നാം അര്‍ധസെഞ്ചുറി കുറിച്ച പാണ്ഡെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 36 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം പാണ്ഡെ 50 റണ്‍സെടുത്തു. കെ എല്‍ രാഹുല്‍ (26 പന്തില്‍ 39), ഷാര്‍ദുല്‍ ഠാക്കൂര്‍ (15 പന്തില്‍ 20) എന്നിവരും മികവുകാട്ടി. കിവീസിനായി ഇഷ് സോധി നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനു പരുക്കായതിനാല്‍ ടിം സൗത്തിയാണ് ഇന്ന് കിവീസിനെ നയിക്കുന്നത്.

പരമ്പരയിലാദ്യമായി അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. ഒരിക്കല്‍ക്കൂടി സിക്‌സറടിച്ച് പ്രതീക്ഷയോടെ തുടങ്ങിയ സഞ്ജു തൊട്ടുപിന്നാലെ പുറത്തായി. സമ്പാദ്യം അഞ്ചു പന്തില്‍ ഒരു സിക്‌സ് സഹിതം എട്ടു റണ്‍സ്. കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പി രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ ഈ മത്സരത്തില്‍ സഞ്ജുവിനെ പരീക്ഷിച്ചത്. രാഹുലിനൊപ്പം ഓപ്പണറായെത്തിയതും സഞ്ജു തന്നെ. ക്യാപ്റ്റന്‍ വിരാട് കോലി (ഒന്‍പതു പന്തില്‍ 11), ശ്രേയസ് അയ്യര്‍ (ഏഴു പന്തില്‍ ഒന്ന്), ശിവം ദുബെ (ഒന്‍പതു പന്തില്‍ 12), വാഷിങ്ടന്‍ സുന്ദര്‍ (0), യുസ്വേന്ദ്ര ചെഹല്‍ (ഒന്ന്) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

 

Read more topics: india, win, newzland, 3rd t20,
English summary
india win against newzland in 3rd t20
topbanner

More News from this section

Subscribe by Email