Thursday April 2nd, 2020 - 4:53:am
topbanner

ഇന്ത്യയെ തോല്‍പ്പിച്ച് ബംഗ്ലാദേശിന് അണ്ടര്‍-19 ലോകകപ്പില്‍ കിരീടം

JB
ഇന്ത്യയെ തോല്‍പ്പിച്ച് ബംഗ്ലാദേശിന് അണ്ടര്‍-19 ലോകകപ്പില്‍ കിരീടം

അണ്ടര്‍-19 ലോകകപ്പില്‍ കിരീടം കൈവിട്ട് ഇന്ത്യന്‍ കൗമാരപ്പട. ബാറ്റിങ്ങിലെ പരാജയം മത്സരാവസാനം വരെ ഇന്ത്യയെ വേട്ടയാടിയപ്പോള്‍ മൂന്ന് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ കന്നി ലോകകിരീടം. ഇന്ത്യ ഉയര്‍ത്തിയ 178 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ബംഗ്ലാദേശ് മൂന്നു വിക്കറ്റും 23 പന്തും ബാക്കിനില്‍ക്കെ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയത്തിലെത്തുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യയ്ക്ക് അണ്ടര്‍-19 ലോകകപ്പ് കിരീടം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമാകുന്നത്. 2000ന് ശേഷം അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ ഏഴാം ഫൈനലായിരുന്നു ഇത്. ഇതിന് മുമ്പുള്ള 6 ഫൈനലുകളില്‍ നാലിലും ഇന്ത്യ ജയിച്ചെങ്കിലും കഴിഞ്ഞ രണ്ടു ഫൈനലുകളിലും തോല്‍വിയായിരുന്നു ഫലം. ഇത്തവണ കലാശപ്പോരില്‍ വിജയിച്ചതോടെ കഴിഞ്ഞ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇന്ത്യയോടേറ്റ തോല്‍വിക്ക് പകരം വീട്ടാനും ബംഗ്ലാദേശിന് സാധിച്ചു. ഒരു കളി പോലും തോല്‍ക്കാതെയാണ് ബംഗ്ലാദേശും ഇന്ത്യയും കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 46 ഓവറില്‍ 170 റണ്‍സായി പുനഃക്രമീകരിക്കുകയായിരുന്നു. 42.1 ഓവറില്‍ അവര്‍ ലക്ഷ്യം കാണുകയും ചെയ്തു. 77 പന്തില്‍ 43 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നായകന്‍ അക്ബര്‍ അലിയാണ് ബംഗ്ലാദേശിനെ വിജയതീരത്ത് എത്തിച്ചത്. 47 റണ്‍സെടുത്ത ഓപ്പണര്‍ പര്‍വേസ് ഹൊസൈന്‍ ഇമോണും ബംഗ്ലാദേശിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ 47.2 ഓവറില്‍ 177 റണ്‍സിന് പുറത്താകുകയായിരുന്നു. തുടക്കം മുതല്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ഇന്ത്യയുടെ മധ്യനിര തകര്‍ന്നടിഞ്ഞതോടെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ(88) ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 121 പന്ത് നേരിട്ട യശസ്വി എട്ട് ഫോറും ഒരു സിക്‌സറും ഉള്‍പ്പടെയാണ് 88 റണ്‍സെടുത്തത്. തിലക് വര്‍മ്മ 38 റണ്‍സും ധ്രുവ് ജുറല്‍ 22 റണ്‍സും നേടിയതൊഴിച്ചാല്‍ ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല. മൂന്നു വിക്കറ്റെടുത്ത അവിശേക് ദാസും രണ്ടു വിക്കറ്റ് വീതം നേടിയ ഷൊറിഫുള്‍ ഇസ്ലാമും തന്‍സിം ഹസന്‍ സകിബും ചേര്‍ന്നാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്.

മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഓവറില്‍ അവര്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ അനായാസ ജയം പ്രതീക്ഷിച്ചു. എന്നാല്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തിയ ഇന്ത്യന്‍ ബൌളര്‍മാര്‍ ആഞ്ഞടിച്ചതോടെ ബംഗ്ലാദേശ് തകരാന്‍ തുടങ്ങി. 10 ഓവറില്‍ മൂന്ന് മെയ്ഡന്‍ ഉള്‍പ്പടെ 30 റണ്‍സ് മാത്രം വിട്ടുനല്‍കി നാലു വിക്കറ്റെടുത്ത രവി ബ്രിഷ്‌നോയ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. ഒരുഘട്ടത്തില്‍ ആറിന് 102 എന്ന നിലയിലേക്ക് ബംഗ്ലാദേശ് തകരുകയും ചെയ്തു. എന്നാല്‍ റിട്ടേയര്‍ഡ് ഹര്‍ട്ടായി മടങ്ങിയ ഓപ്പണര്‍ പര്‍വേസ് ഹൊസൈന്‍ തിരിച്ചെത്തി നായകന്‍ അക്ബര്‍ അലിക്കൊപ്പം ചേര്‍ന്നതോടെ മത്സരഗതി മാറ്റിമറിച്ചു. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 41 റണ്‍സ് ബംഗ്ലാദേശിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പര്‍വേസ് പുറത്തായെങ്കിലും കൂടുതല്‍ നഷ്ടം കൂടാതെ അക്ബര്‍ അലി ബംഗ്ലാദേശിനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി ബ്രിഷ്‌നോയിയെ കൂടാതെ രണ്ടു വിക്കറ്റെടുത്ത സുശാന്ത് മിശ്രയും ബൌളിംഗില്‍ തിളങ്ങി.

 

English summary
Bangladesh got under 19 world cup
topbanner

More News from this section

Subscribe by Email