Thursday August 13th, 2020 - 11:08:pm

ഈശ്വരനും പ്രകൃതിയും, ഭക്തനും ഒന്നാവുന്ന സന്ദര്‍ഭം....മലയും ചവിട്ടി അയ്യനെക്കാണാൻ

Anusha Aroli
ഈശ്വരനും പ്രകൃതിയും, ഭക്തനും ഒന്നാവുന്ന സന്ദര്‍ഭം....മലയും ചവിട്ടി അയ്യനെക്കാണാൻ

കൊടും കാട്ടിൽ കര്‍പ്പൂരമെരിയുന്ന സുഗന്ധത്തിൽ അലിഞ്ഞ്‌ സ്വം ബോധം വെടിഞ്ഞ്, പ്രകൃതി പ്രകൃതിയെ തൊട്ടറിഞ്ഞ്‌, കരിമലകയറ്റം കഠിനമെന്റയ്യപ്പാ എന്നറിയാതെ വിളിച്ച്, കല്ലും മുള്ളും മെത്തയാക്കി, മനസ്സിലേയും ശരീരത്തിലെയും പാപക്കറകൾ കളയാൻ പമ്പയില്‍ മുങ്ങി നിവർന്ന് ആ തിരുസന്നിധിയിലേക്ക്...ആരെ കാണാൻ....അയ്യനെ കാണാൻ..

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അയ്യപ്പ ഭക്തരുടെ പുണ്യ പൂങ്കാവനമാണ് ശബരിമല. മണ്ഡലമാസം ആരംഭിക്കുന്നതോടെ 41 ദിവസം നീളുന്ന കഠിന വ്രതമെടുത്ത് ഇരുമുടി കെട്ടുകളുമായി എത്തുന്ന അയ്യപ്പന്മാരുടെ ശരണം വിളി പതിനെട്ട് മലകളിലും പ്രതിധ്വനിക്കുമെന്നാണ് വിശ്വാസം. മലയാള മാസം വൃശ്ചികം ഒന്നിനാണ് മണ്ഡലകാലാരംഭം. പിന്നീടങ്ങോട്ട് 41 ദിവസം ഭക്തിയുടെ ദിനങ്ങളായിരിക്കും.

മറ്റ് ക്ഷേത്രങ്ങളിലേതുപോലെ വര്‍ഷത്തിൽ എല്ലാ ദിവസവും ശബരിമലയിൽ നടതുറന്ന് പൂജ നടത്താറില്ല. മണ്ഡകാലമാണ് ഇവിടുത്തെ പ്രധാന പൂജാകാലം. വൃശ്ചികം ഒന്നു മുതൽ 41 ദിവസങ്ങളിലും, മകരം ഒന്നിന് നടക്കുന്ന മകര സംക്രമ പൂജ വരെയും, ശേഷം മകരം പത്തിന് ഗുരുതി വരെയുമാണ് ശബരിമലയിലെ തീര്‍ത്ഥാടന കാലയളവ്. ഈ സമയം കേരളത്തിനകത്തും പുറത്തു നിന്നുമായി തീര്‍ത്ഥാടകരുടെ ഒഴുക്കായിരിക്കും ശബരിമലയിലേക്ക്.

വൃശ്ചികം ഒന്നിന് ആരംഭിച്ച് ധനു പതിനൊന്നിന് മണ്ഡലപൂജ കഴിയുന്നതോടെ അഞ്ച് ദിവസം നടയടച്ചിടും. പിന്നീട് മകരസംക്രമ പൂജയ്ക്ക് വേണ്ടിയാണ് നട തുറക്കുക. സംക്രമ പൂജ കഴിഞ്ഞാൽ ഗുരുതി വരെയുള്ള ദിവസങ്ങൾ മണ്ഡലമാസ തീര്‍ത്ഥാടനത്തിന്‍റെ അവസാന ദിനങ്ങളാണ്. അന്ന് പൊതുവേ ഭക്തരുടെ തിരക്ക് കുറവായിരിക്കും.

മണ്ഡല മാസത്തെ കൂടാതെ എല്ലാ മലയാള മാസങ്ങളിലെ ആദ്യത്തെ അഞ്ച് ദിവസങ്ങളിലും ഇവിടെ നട തുറക്കും. വിഷുക്കണി ദര്‍ശനം, നിറപുത്തരി, ചിത്തിര ആട്ടത്തിരുനാൾ, പ്രതിഷ്ഠാദിനം, പൈങ്കുനി ഉത്രം എന്നിവയും ഇവിടുത്തെ മറ്റ് പ്രധാന ആഘോഷങ്ങളാണ്. മീനമാസത്തിലെ പൈങ്കുനി ഉത്രം അയ്യപ്പന്‍റെ പിറന്നാളാണെന്നാണ് വിശ്വാസം. പത്ത് ദിവസത്തെ ഉത്സവാഘോഷ ചടങ്ങുകളാണ് ഇതിന്‍റെ ഭാഗമായി നടക്കാറുള്ളത്. ആറാട്ട് ഈ ദിവസങ്ങളിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ്.

ശബരിമലയും ഐതിഹ്യവും

അയ്യപ്പൻ വിഷ്ണുവിന്‍റേയും ശിവന്‍റേയും പുത്രനാണെന്നാണ് കരുതപ്പെടുന്നത്. മഹിഷാസുര വധത്തിനു പ്രതികാരം ചെയ്യാനായി അസുരന്‍റെ സഹോദരിയായ മഹിഷി ഉഗ്ര തപസ്സ് അനുഷ്ഠിച്ചു. ശിവ-വിഷ്ണു സംയോജനത്തിൽ ജനിക്കുകയും മനുഷ്യനായി ജീവിക്കുകയും ചെയ്യുന്ന ഒരാൾക്കേ തന്നെ വധിക്കാനാവൂ എന്ന വരം നേടി. വര ലബ്ദി മഹിഷിയെ കൂടുതൽ അഹങ്കാരിയാക്കി. മൂന്ന് ലോകങ്ങളേയും നിരന്തരം ആക്രമിച്ചു കൊണ്ട് മഹിഷി ജീവജാലങ്ങൾക്കാകെ ഭീഷണിയായി തുടങ്ങി. അവസാനം നിവൃത്തിയില്ലാതെ മഹാവിഷ്ണു മോഹിനീ വേഷം ധരിക്കുകയും ,ശിവ സംയോഗത്തിലൂടെ ശാസ്താവിന് ജന്മം നൽകുകയും ചെയ്തു.

ശാസ്താവ് മനുഷ്യ പുത്രനായി ജീവിച്ചെങ്കിൽ മാത്രമേ മഹിഷിയെ വധിക്കാനാവുമായിരുന്നൊള്ളു. അതുകൊണ്ട് കുഞ്ഞിനെ കഴുത്തിൽ ഒരു മണി കെട്ടി പമ്പാ തീരത്ത് കിടത്തി. ഈ സമയത്താണ് പന്തളം രാജാവ് നായട്ടിനായി പമ്പാതീരത്ത് എത്തിയത്. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന രാജാവ് ആ സുന്ദരനായ ആൺകുട്ടിയെ എടുത്ത് വളര്‍ത്താൻ തീരുമാനിച്ചു.കഴുത്തിൽ മണിയുണ്ടായിരുന്നതു കൊണ്ട് മണികണ്ഠൻ എന്ന് പേരിട്ട് തന്‍റെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി വളര്‍ത്തു മകനാക്കി. എന്നാൽ അധിക കാലം കഴിയുന്നതിനു മുന്നേ പന്തളം രാജാവിന് സ്വന്തമായി മകൻ ജനിക്കുകയും ചെയ്തു. അപ്പോഴേക്കും മണികണ്ഠകുമാരൻ ആയോധന കലകളിലും വിദ്യയിലുമെല്ലാം നിപുണനായി മാറിയിരുന്നു.

മണികണ്ഠനെ യുവരാജാവായി വാഴിക്കാനായിരുന്നു പന്തളം രാജാവിന്‍റെ ആഗ്രഹം. എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്ന മന്ത്രി തന്‍റെ കുതന്ത്രങ്ങൾ ഉപയോഗിച്ച് രാഞ്ജിയെ മണികണ്ഠന് എതിരാക്കി. അവരുടെ ഗൂഢ പദ്ധതി പ്രകാരം രാജ്ഞി വയറു വേദന അഭിനയിക്കുകയും കൊട്ടാരം വൈദ്യൻ പുലിപാൽ മരുന്നായി നിശ്ചക്കുകയും ചെയ്തു.

വൈദ്യ നിർദ്ദേശ പ്രകാരം പുലിപ്പാലിനായി മണികണ്ഠകുമാരൻ വനത്തിലേക്ക് പുറപ്പെട്ടു. എന്നാൽ തന്‍റെ അവതാര ലക്ഷ്യമായ മഹിഷീ വധമായിരുന്നു അവിടെ നടന്നത്. മഹിഷിയെ വധിച്ച് പുലിപ്പാലുമായി തിരിച്ചെത്തിയ മണികണ്ഠനെ പന്തളം രാജാവ് സന്തോഷത്തോടെ എതിരേറ്റ് രാജ്യഭരണം ഏറ്റെടുക്കാൻ അഭ്യര്‍ത്ഥിച്ചു. എന്നാൽ അവതാര ലക്ഷ്യം പൂര്‍ത്തിയാക്കിയ മണികണ്ഠൻ കൊട്ടാര ജീവിതം ഉപേക്ഷിച്ച് കാട്ടിലേക്ക് തന്നെ മടങ്ങി പോയി.

ദുഖിതനായ രാജാവ് വര്‍ഷാ വര്‍ഷം തന്നെ കാണാൻ വരണമെന്ന് മണികണ്ഠനോട് ആവശ്യപ്പെട്ടു. അങ്ങനെയെങ്കിൽ താൻ എയ്യുന്ന ശരം എവിടെയാണോ വീഴുന്നത് അവിടെ വന്നാൽ മതിയെന്നായി മണികണ്ഠൻ. അമ്പ് വീണ സ്ഥലത്ത് പന്തളം രാജാവ് ക്ഷേത്രം നിര്‍മിച്ചു. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തില്‍ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വര്‍ഷം തോറുമുള്ള തീര്‍ത്ഥ യാത്രയും എന്നാണ് ഐതിഹ്യം.

അയ്യപ്പൻ ഒരു പുരാണ ദേവൻ അല്ലാത്തതിനാൽ അദ്ദേഹത്തിന് ചുറ്റുമുള്ള കെട്ടുകഥകളും ഇതിഹാസങ്ങളും പുരാണങ്ങളിലും ഉപനിഷത്തുകളിലും കാണപ്പെടുന്നില്ല, മറിച്ച് ക്ഷേത്രപുരാണങ്ങളിലോ പ്രാദേശിക ക്ഷേത്ര ചരിത്രങ്ങളിലോ ആയാണ് അവ വിവരിക്കുന്നത്. അതുകൊണ്ട് തന്നെ മണ്ഡലകാല വ്രതാനുഷ്ഠാനവും ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് ധാരാളം മിഥ്യാ ധാരണകൾ ഇന്നും നിലനിൽക്കുന്നുണ്ട്. എന്നാൽ അറിഞ്ഞ് ആചരിക്കുന്നതാണ് ഗുണപ്രദം എന്ന് അറിയുക.

കറുപ്പ് വസ്ത്രത്തിന് പിന്നിലെ തത്വം

ശബരിമല ദര്‍ശനത്തിന് എന്തുകൊണ്ട് അയ്യപ്പ ഭക്തര്‍ കറുപ്പ് അല്ലെങ്കിൽ നീല നിറത്തിലുള്ള വസ്ത്രം ധരിക്കുന്നു എന്നതിനെ കുറിച്ച് അറിഞ്ഞിരിക്കണം. നീലയും കറുപ്പും അഗ്നിതത്വത്തിന്‍റെ പ്രതിരൂപമാണ്. അയ്യപ്പഭക്തന്‍ ശബരിമല ദര്‍ശനത്തിന് തയ്യാറെടുക്കുമ്പോള്‍ അഗ്നിവര്‍ണമായ കറുപ്പിനെ അണിയുന്നതിലൂടെ താന്‍ ഈശ്വരതുല്യനായി മാറുന്നു എന്നാണ് അര്‍ത്ഥം. 41 ദിവസത്തെ മണ്ഡലകാല വ്രതം അനുഷ്ഠിക്കുന്നതിലൂടെ ശനി ദോഷത്തിൽ നിന്ന് ആശ്വാസം ലഭിക്കുമെന്നും വിശ്വാസമുണ്ട്. അതിനു പിന്നിലെ കഥ ഇങ്ങനെയാണ്.

ആളുകളെ എന്തിന് ബുദ്ധിമുട്ടിക്കുന്നു എന്ന് ഒരിക്കൽ അയ്യപ്പൻ ശനീശ്വരയോട് ചോദിക്കുകയുണ്ടായി.തന്‍റെ ധര്‍മമാണ് അത് എന്നായിരുന്നു ശനിയുടെ മറുപടി. ശനിദോഷം ഒരു വ്യക്തിയെ ബാധിക്കുന്നത് ഏഴ് വര്‍ഷത്തെ കാലയളവിലേക്കാണ്. 41 ദിവസത്തെ കഠിന വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഏഴ് വർഷത്തിനിടയിൽ ശനി നൽകുന്നതിനു സമാനമായ കഠിന ജീവിതത്തിലൂടെയാകും അയ്യപ്പ ഭക്തര്‍ കടന്നു പോവുക. അങ്ങനെയെങ്കിൽ തന്‍റെ ഭക്തരെ ശനിയുടെ ഉപദ്രവത്തിൽ നിന്നും മാറ്റി നിര്‍ത്തണമെന്ന് അയ്യപ്പൻ ആവശ്യപ്പെട്ടു. പകരം ശനിയുടെ നിറങ്ങളായ കറുപ്പ്, നീല എന്നീ നിറത്തിലുള്ള വസ്ത്രങ്ങൾ ഭക്തര്‍ ധരിക്കുമെന്നും അയ്യപ്പൻ ശനിക്ക് ഉറപ്പ് നൽകി.

ശരണം വിളിയുടെ രഹസ്യം

'സ്വാമിയേ ശരണമയ്യപ്പാ' എന്നാണ് മണ്ഡലകാലത്ത് ഓരോരുത്തരും ഉരുവിട്ട് കൊണ്ടിരിക്കുന്നത്. ശരണം വിളിക്കുന്നതിലൂടെ എന്ത് നേടുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ. കലിയുഗത്തിൽ നാമജപം ഏറ്റവും ഉത്തമമാണ്. നാമം ജപിക്കുകയെന്നാൽ നാക്കിൽ അഗ്നിയുണ്ടാവുക എന്നാണ്. അഗ്നിയാണ് നാവിന്‍റെ തത്വം. അതുകൊണ്ടാണ് വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് പറയുന്നത്. മാത്രമല്ല മനസ്സ് ഏറ്റവുമധികം ബന്ധപ്പെട്ട് കിടക്കുന്നതും നാവുമായാണ്. മനസ്സിലുള്ളത് നാവിലൂടെയാണല്ലോ പുറത്തു വരുന്നത്.

അഗ്നിശുദ്ധി വരുത്തിയ നാക്കാവണം അയ്യപ്പൻമാര്‍ക്ക് ഉണ്ടാവേണ്ടത് എന്നാണ് വിശ്വാസം. 'സ്വാമിയെ ശരണം അയ്യപ്പാ' എന്ന് നിരന്തരം ജപിക്കുന്നതിലൂടെ നല്ല ചിന്തകൾ മനസ്സിൽ നിറയും. നല്ല ഭാഷ സംസാരിച്ചാൽ നല്ല സംസ്ക്കാരം ഉണ്ടാകുമെന്നാണല്ലോ. അപ്പോൾ ഏറ്റവും നല്ല ഭാഷയാണ് സ്വാമിയേ ശരണം അയ്യപ്പാ എന്നത്. ഇതിന് മനസ്സിലും ചിന്തയിലും മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും. നമ്മുടെ ഉള്ളിലുള്ള അയ്യപ്പതത്വത്തെ എങ്ങനെ പുറത്തേക്ക് ശുദ്ധീകരിച്ചുകൊണ്ടുവരാമെന്നതിന് ഉത്തരമാണിത്.


അയ്യപ്പന്മാര്‍ എന്തിന് താടിയും മുടിയും വളര്‍ത്തുന്നു?

മണ്ഡലകാലവ്രതം ആരംഭിച്ച് ശബരിമല ദര്‍ശനത്തിനായി മുദ്രമാല ധരിച്ചു കഴിഞ്ഞാൽ പിന്നെ ഓരോ ഭക്തനും സ്വയം അയ്യപ്പ സ്വാമിയായി മാറുമെന്നാണ് വിശ്വാസം. അങ്ങനെ അയ്യപ്പനായി സ്വയം മാറുന്ന സമയത്ത് സ്വന്തം ശരീരത്തിനെക്കുറിച്ചുള്ള ചിന്ത പതുക്കെ വെടിഞ്ഞു തുടങ്ങും. സ്വന്തം ശരീരമാണ് എന്ന ബോധത്തേക്കാൾ ഇത് അയ്യപ്പന്‍റെ ശരീരമാണ് അയ്യപ്പനാണിതിനകത്ത് താമസിക്കുന്നത് എന്ന ബോധം ഓരോ അയ്യപ്പന്മാരും വളര്‍ത്തിക്കൊണ്ടു വരാൻ ആരംഭിക്കും.

ഈ ബോധം മനസ്സിൽ ഉറപ്പിക്കാൻ വേണ്ടിയാണ് താടിരോമങ്ങൾ വളര്‍ത്തുന്നത്. അവ മുറിച്ചു മാറ്റുമ്പോൾ ബാഹ്യചിന്തകളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും മനസ്സ് മാറി സഞ്ചരിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് വ്രതാനുഷ്ഠാനത്തിന് തടസ്സമാവും.എന്നാൽ ഇന്ന് പലരും ഈ ആചരണത്തിന്‍റ അടിസ്ഥാന തത്വം മനസിലാക്കുന്നില്ല എന്ന് വേണം പറയാൻ. എന്നാൽ സ്വയം അയ്യപ്പനായി തീരുന്നതിനുള്ള ഗൗരവപൂര്‍ണമായ പദ്ധതിയാണിതെന്ന് അറിഞ്ഞ് അനുഷ്ഠിക്കേണ്ടിയിരിക്കുന്നു.

എന്താണ് ഇരുമുടിക്കെട്ട്?

സന്നിധാനത്തിലെ പവിത്രമായ പതിനെട്ട് പടി ചവിട്ടാൻ ഇരുമുടിക്കെട്ട് നിര്‍ബന്ധമാണ്.ഇരുമുടിയിൽ ഒന്ന് മുൻമുടിയും മറ്റൊന്ന് പിൻമുടിയുമാണ്. മുൻമുടിയിലുള്ളതെല്ലാം ഭഗവാന് സമര്‍പ്പിക്കാനും പിൻമുടിയിലുള്ളത് ഭക്തന്‍റെ ആവശ്യങ്ങൾക്കുമായാണ് കരുതുന്നത്. അതായത് ആത്മീയവും ഭൗതികവുമായ ജീവിതത്തെ ഇത് ചൂണ്ടിക്കാട്ടുന്നു എന്ന് ചുരുക്കം. നമ്മുടെ ജീവിതത്തിൽ ഭൗതിക തലത്തിന്‍റേയും ആത്മീയ തലത്തിന്‍റേയും സന്തുലിതാവസ്ഥ ഉണ്ടാവണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഇവിടെ മുൻമുടി എപ്പോഴും വലുതായിരിക്കണം എന്നാണ് . അതായത് ഒരു വ്യക്തിയുടെ ആത്മീയ തലം എപ്പോഴും ഉയര്‍ന്നിരിക്കണം. നന്മയുടേയും തിന്മയുടേയും പ്രതീകമായും ഇരുമുടിക്കെട്ടിനെ പറയാറുണ്ട്. ഇവ രണ്ടും ഇരു ചുമടാക്കിയാണ് ശബരിമല ദര്‍ശനത്തിന് പുറപ്പെടുന്നത്. തിന്മയെ അയ്യപ്പ ദര്‍ശനത്തിലൂടെ ഇല്ലാതാക്കി നന്മയുമായി മടങ്ങുന്നുവെന്നാണ് വിശ്വാസം. ഗുരുസ്വാമിയുടെ നിര്‍ദ്ദേശ പ്രകാരം ഇരുമുടിക്കെട്ട് നിറക്കുന്നതിനെ കെട്ടുനിറ എന്നാണ് അറിയപ്പെടുന്നത്.

അയ്യപ്പന്മാര്‍ മാല ധരിക്കുന്നതിന്‍റെ തത്വം?

ശാന്തിയുടേയും തത്വത്തിന്‍റേയും ജ്ഞാന വൈരാഗ്യങ്ങളുടേയും പ്രതീകമാണ് അയ്യപ്പന്മാര്‍ ധരിക്കുന്ന മുദ്രമാല. സാധാരണയായി തുളസിമാലയോ രുദ്രാക്ഷമാലയോ ധരിക്കാറുണ്ട്. വ്രതമെടുക്കുന്നവര്‍ മാല ധരിക്കുമ്പോൾ 108, 54 എന്നീ മണികളോട് കൂടിയതാണ് ഉത്തമം. മാലയിലെ മണികൾ പരസ്പരം കൂട്ടിമുട്ടുന്ന വിധത്തിൽ കോര്‍ക്കാൻ പാടില്ല. പലവര്‍ണത്തിലുള്ള മണികൾ ഒരു മാലയിൽ കോര്‍ക്കുന്നതും അശുഭകരമായി കണക്കാക്കുന്നു.

ധരിക്കുന്നതിനു മുൻപ് മാല പനിനീരിലോ പാലിലോ ശുദ്ധി ചെയ്ത് പൂജിക്കണം. നിലവിളക്കിനു മുന്നിൽ അയ്യപ്പ മന്ത്രം ഉരുവിട്ട് ഗുരുസ്വാമിയാണ് മാല അണിയിക്കുക. എല്ലാ ദിവസവും മുദ്രമാല ധരിക്കാമെങ്കിലും ഉത്രം നക്ഷത്രവും ശനിയും ഉരുമിച്ച് വരുന്ന ദിവസമാണ് അത്യുത്തമം. അയ്യപ്പ മുദ്രയുള്ള മാല ധരിക്കുന്നതിലൂടെ ഭക്തൻ തന്നെ സമ്പൂര്‍ണമായി അയ്യപ്പന് സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്.

English summary
sabarimala sannidhanam sabarimala pilgrimage
topbanner

More News from this section

Subscribe by Email