ലോകൈകനാഥനായ പരമശിവനു വേണ്ടി പാര്‍വതീദേവി ഉറക്കമിളച്ചു പ്രാര്‍ഥിച്ച രാത്രിയാണത്രേ ശിവരാത്രി. മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്ദശി ദിവസമായിരുന്നു അത്. അതുകൊണ്ട് എല്ലാ വർഷവും മാഘ മാസത്തിലെ കറുത്ത ചതുര്ദശി ഭാരതം മുഴുവൻ ശിവരാത്രിയായി ആഘോഷിക്കുന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ശിവപുരാണത്തിലും കമ്പരാമായണത്തിലും ദേവീഭാഗവതത്തിലുമൊക്കെ ശിവരാത്രിയെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവും മഹാവിഷ്ണുവും തമ്മിലുണ്ടായ തര്‍ക്കവും യുദ്ധവുമാണ് ശിവപുരാണത്തിലെ ഐതിഹ്യത്തിന്റെ പ്രധാന പൊരുൾ. പാലാഴിമഥനവുമായ ബന്ധപ്പെട്ട കഥയാണ് ഇതിലുള്ളത്. ജരാനര ബാധിച്ച ദേവന്മാരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി അമൃത് കടഞ്ഞെടുക്കുന്നതിന് മന്ഥര പര്‍വതത്തെ മത്തായും സര്‍പ്പശ്രേഷ്ഠനായ വാസുകിയെ കയറായും ഉപയോഗിച്ചു.
ദേവന്മാരും അസുരന്മാരും ചേര്‍ന്നുള്ള കടച്ചിൽ പുരോഗമിച്ചപ്പോൾ വാസുകി കാളകൂട വിഷം ഛര്‍ദ്ദിച്ചു. വിഷം ഭൂമിയിൽ പതിച്ചാൽ ഉണ്ടായേക്കാവുന്ന ദുരന്തം മുന്നിൽക്കണ്ട് പരമശിവൻ ആ വിഷം പാനം ചെയ്തു. മഹാദേവന്റെ മഹാത്യാഗത്തെ സ്തുതിച്ച് ദേവഗണങ്ങൾ രാത്രി മുഴുവൻ ഉണര്‍ന്നിരുന്ന് ശിവഭജനം ചെയ്തുവത്രേ. മാഘമാസത്തിലെ ചതുര്ദശി ദിവസം ആണ് ഇത് സംഭവിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ശിവരാത്രി ദിനത്തിൽ നാമജപത്തോടെയുള്ള ശിവക്ഷേത്ര ദർശനം പുണ്യദായകമാണ്. ഉഗ്രകോപിയെങ്കിലും ഭക്തരിൽ ക്ഷിപ്രപ്രസാദിയാണ് ഭഗവാൻ .ശിവരാത്രി ദിനത്തിൽ ക്ഷേത്രദർശനത്തോടൊപ്പം വഴിപാടുകൾ സമർപ്പിക്കുന്നത് അതീവഫലദായകമാണ്.നാം നമ്മെത്തന്നെ ഭഗവാന് സമർപ്പിക്കുന്നതിന് പ്രതീകമാണ് വഴിപാടുകൾ.
ഭഗവാന് കൂവളത്തില സമർപ്പണമാണ് ഏറ്റവും പ്രധാനം. ശിവരാത്രിയുടെ അന്നും തലേന്ന് പ്രദോഷത്തിന്റെ അന്നും കൂവളത്തില പറിക്കരുത് . ബുധനാഴ്ച പറിച്ചു വച്ച് വെള്ളം തളിച്ച് വച്ചശേഷം ഭഗവാന് സമർപ്പിക്കാവുന്നതാണ് . കൂവളത്തില വാടിയാലും അതിന്റെ വിശിഷ്ടത നഷ്പ്പെടുകയില്ല.
ഭഗവാന് കൂവളമാല സമർപ്പിക്കുന്നതും കൂവളത്തില കൊണ്ട് അർച്ചന എന്നിവ നടത്തുന്നതും അതീവ വിശിഷ്ടമാണ്. പിൻവിളക്ക് , ജലധാര എന്നിവയും സമർപ്പിക്കാവുന്നതാണ്. ആയുർദോഷമുള്ളവർ മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക.
ദാമ്പത്യദുരിതദോഷങ്ങൾ അനുഭവിക്കുന്നവർ ഉമാമഹേശ്വര പൂജയോ ഐക്യമത്യസൂക്ത അർച്ചനയോ നടത്തുക .സ്വയംവര പുഷ്പാഞ്ജലി സമർപ്പിക്കുന്നത് വിവാഹതടസ്സം നീങ്ങാൻ സഹായകമാണ്.