Thursday June 4th, 2020 - 6:52:am

നാളെ വിനായക ചതുർത്ഥി ...ഈ ദിവസം വൈകുന്നേരം ചന്ദ്രനെ ദര്‍ശിച്ചാൽ

Anusha Aroli
നാളെ വിനായക ചതുർത്ഥി ...ഈ  ദിവസം വൈകുന്നേരം ചന്ദ്രനെ ദര്‍ശിച്ചാൽ

മഹാദേവന്റേയും പാർവ്വതീ ദേവിയുടെയും പുത്രനായ ഗണപതി ഭഗവാന്റെ ജന്മദിനമാണ് വിനായകചതുർഥി. ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർത്ഥി അഥവാ വെളുത്തപക്ഷ ചതുർത്ഥി യാണ് ഗണപതിയുടെ ജന്മദിനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അന്നേ ദിവസം ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല അല്ലെങ്കിൽ അർച്ചന, മോദകനേദ്യം, ഗണപതി ഹോമം എന്നിവ നടത്തിയാൽ സര്‍വ്വാഭീഷ്ടസിദ്ധിയാണ് ഫലം. വീടുകളിൽ മോദകം അഥവാ കൊഴുക്കട്ട ഉണ്ടാക്കി ഭക്ഷണപ്രിയനായ ഗണേശനെ ധ്യാനിച്ച് അടുപ്പിൽ സമർപ്പിച്ച ശേഷം കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചിരുന്ന് കഴിക്കുന്നത് കുടുംബൈശ്യര്യവർദ്ധനവിന് ഉത്തമമാണ്.ഗണപതിയുടെ ജന്മനക്ഷത്രം അത്തം ആയതിനാൽ അത്തം ചതുർത്ഥി  എന്നും ഈ ദിവസം അറിയപ്പെടുന്നു.

പൗരാണിക കാലം മുതൽ അഗ്നിസ്വരൂപനായ ഗണപതിയെ ആരാധിക്കുന്നവരെല്ലാം വിനായകചതുർത്ഥി  ആഘോഷിക്കാറുണ്ട് . ഉത്തരേന്ത്യയിലാണ് ഈ ആഘോഷം വളരെ കേമമായി കൊണ്ടാടുന്നത്. ജാതിമതഭേദമില്ലാതെ ഏവരും വിനായകചതുർഥി ആഘോഷങ്ങളിൽ പങ്കാളികളാകുന്നു. ഈ ദിനം ഗജമുഖനായ ഗണപതി ഭഗവാൻ അവതാരം കൊണ്ട ദിനമായി കരുതപ്പെടുന്നു. 2019 സെപ്തംബർ രണ്ടിനാണ് ഈ വർഷത്തെ വിനായക ചതുർത്ഥി. ഇതുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യം ഇപ്രകാരമാണ്.

ശിവ-പാർവതി പരിണയത്തിനുശേഷം, സഖികളുടെ ആവശ്യപ്രകാരം പാർവതി ഒരു സേവകനെ സൃഷ്ടിച്ചുവത്രെ. ഉരുണ്ടുകൂടിയ പൊടിപടലങ്ങളെ പാർവതി കൈയ്യിലിട്ടുരുട്ടി ഒരു കുട്ടിയുടെ രൂപത്തിലാക്കി. കൗതുകത്തോടെ അതിനെ നോക്കി. പാർവതിയുടെ യോഗശക്തിയാൽ അതൊരു തേജസ്വിയായ ബാലകനായി മാറി.

ബാലകൻ അമ്മയ്ക്ക് എന്താണ് ആവശ്യം എന്നു ചോദിച്ചു. ഞാൻ കുളി കഴിഞ്ഞ് വരും വരെ ആരെയും അകത്ത് പ്രവേശിപ്പിക്കരുത് എന്ന് കല്‍പിച്ച് ഒരു ദണ്ഡും കയ്യിൽ കൊടുത്തു. പിന്നീട് മഹാദേവൻ വന്നപ്പോൾ ബാലകൻ ദണ്ഡു കൊണ്ട് തടഞ്ഞു. മഹാദേവൻ ക്ഷുഭിതനായി, ഗണങ്ങളെ അയച്ചു. ബാലകൻ ഗണങ്ങളെ പരാജിതരാക്കി. തുടർന്ന് ദേവന്മാർ യുദ്ധത്തിനു വന്നു. ബാലകൻ അവരെയും തോല്‍പ്പിച്ചു. കുപിതനായ മഹാദേവൻ ബാലകന്റെ ശിരസ്സ് ത്രിശൂലം കൊണ്ട് അറുത്തു. ശിരസ്സ് അപ്രത്യക്ഷമായി. ശിരസ്സില്ലാത്ത ബാലകനെ കണ്ട് പാർവതി കോപിഷ്ഠയായി.

പാർവതിയെ ദേവന്മാർ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ മകന്റെ ജീവനാണ് പാർവതി ആവശ്യപ്പെട്ടത്. മഹാദേവൻ ദേവന്മാരോട് പറഞ്ഞു- വടക്കോട്ട് സഞ്ചരിക്കുമ്പോൾ ആദ്യം കാണുന്ന ശിരസ്സ് കൊണ്ടുവരണമെന്ന്.

ദേവന്മാർ വടക്കു വശത്തേക്ക് സഞ്ചരിച്ചപ്പോൾ വടക്കോട്ട് തല വച്ചു കിടക്കുന്ന ആനയെ കണ്ടു. ആനയുടെ ശിരസ്സ് കൊണ്ടുവന്ന് ബാലകന്റെ കഴുത്തിൽ ചേര്‍ത്തു. മഹാദേവന്റെ കടാക്ഷത്താൽ ബാലകന് ജീവൻ കിട്ടി. പുത്രന്റെ ഈ രൂപം കണ്ട് പാര്‍വതി ദുഃഖിതയായി. പാര്‍വതിയെ ആശ്വസിപ്പിക്കാൻ മഹാദേവൻ ഈ ബാലകനെ ഗണങ്ങളുടെ അധിപനായും പ്രഥമദേവനായും സ്ഥാനംകൊടുത്തു. ഗണേശനെ പൂജിക്കാതെ നടത്തുന്ന ഒരു കര്‍മ്മവും വിജയിക്കില്ല എന്ന് കല്‍പ്പിച്ചു. പൂജകളിൽ ആദ്യപൂജ ഗണേശനാകണം എന്നും വിധിച്ചു. എല്ലാ വിഘ്‌നങ്ങളും തീര്‍ക്കുന്നവനാണ് ഈ ബാലകൻ എന്നു കല്‍പിച്ചു.

മഹാദേവൻ തന്റെ പുത്രനായി ഗണേശനെ മടിയിലിരുത്തി. ഈ ദിവസമാണ് ‘വിനായകചതുർത്ഥി’ ആയി ആഘോഷിക്കുന്നത്. വിനായകചതുർഥി ദിവസം വ്രതം എടുത്ത് ഗണേശപൂജ നടത്തിയാൽ അഭീഷ്ടകാര്യങ്ങൾ സാധിക്കും. ആകെ 14 ചതുര്‍ഥി വ്രതങ്ങളുണ്ട്. അതിൽ പ്രധാനം വിനായകചതുര്‍ഥിയാണ്.

ഈ ദിവസം വൈകുന്നേരം ചന്ദ്രനെ ദര്‍ശിച്ചാൽ അപവാദശ്രവണം ഉണ്ടാകും എന്നും പറയുന്നു. കാരണം സുന്ദരിമാരായ ബുദ്ധി, സിദ്ധി എന്നീ ഭാര്യമാരോടുകൂടി ഗണേശൻ പോകുമ്പോൾ ചന്ദ്രൻ പരിഹസിച്ചു. അതിനാൽ ചന്ദ്രദര്‍ശനം നടത്തുന്നവര്‍ക്ക് അപഖ്യാതി ഉണ്ടാകട്ടെ എന്ന് ഗണേശൻ ശപിച്ചു.

ചന്ദ്രൻ ക്ഷമാപണം നടത്തിയപ്പോൾ അത് വിനായകചതുർത്ഥി ദിവസം മാത്രമേ ഫലിക്കുകയുള്ളൂ എന്ന് മാറ്റം വരുത്തി. ചതുർഥിക്ക് 10 ദിവസം മുന്‍പ് ഗണേശവിഗ്രഹം വച്ച് പൂജിച്ച് ചതുർഥി കഴിഞ്ഞതിനു ശേഷം നിമജ്ജനം ചെയ്യുന്ന പതിവുണ്ട് . ഗണേശൻ ഭൂമിയുടെ അധിപനാണ്. അതിനാൽ നമ്മുടെ അന്നമയ കോശത്തിന്റെ അധിപനാണ്. ഭൂമിദോഷം തീരുന്നതിനും, ത്വക്ക്‌രോഗങ്ങൾ മാറുന്നതിനും ഗണേശനെ പൂജിക്കുന്നത് ശ്രേഷ്ഠം.

അഗ്നിസ്വരൂപനാണ് ഗണപതി എന്ന് പറഞ്ഞുവല്ലോ. ഗണേശൻ ഹോമപ്രിയനാണ്. ചതുർഥി ദിവസം ഗണപതി ഹോമം നടത്തുന്നത് സർവ്വ സങ്കട ഹരവും ഐശ്വര്യപ്രദവുമാണ് . അഷ്ടദ്രവ്യങ്ങൾ ഹോമിച്ച് ഗണപതിയെ പ്രസാദിപ്പിച്ചാൽ അതിന്റെ ഗുണാനുഭവങ്ങൾ ഒരുവർഷക്കാലം നിലനിൽക്കും എന്നാണ് വിശ്വാസം . കൊട്ടത്തേങ്ങ അല്ലെങ്കിൽ ഉണങ്ങിയ നാളീകേരം , പഴം, കരിമ്പ്, തേൻ , ശർക്കര, അപ്പം,അട , മലർ എന്നിവയാണ് അഷ്ടദ്രവ്യങ്ങൾ .

ഉദിഷ്ഠ കാര്യ സിദ്ധിക്കായി "ഓം ഏക ദന്തായ വിദ് മഹേ വക്ര തുന്ധായ ധീമഹി തന്നോ ദന്തിഃ പ്രചോദയാത് " , വിഘ്‌നനിവാരണത്തിനായി "ഓം ലംബോദരായ വിദ് മഹേ വക്ര തുണ്ഡായ ധീമഹി തന്നോ ദന്തിഃ പ്രചോദയാത് " എന്നീ ഗണപതി ഗായത്രികൾ 108 തവണ വിനായകചതുർഥി ദിവസം ചൊല്ലാവുന്നതാണ്.

കേതുദശാദോഷമനുഭവിക്കുന്നവർ ദോഷപരിഹാരമായി വിനായകചതുർത്ഥി ദിനത്തിൽ ഗണേശ പൂജ, ഗണപതിഹോമം എന്നിവ നടത്തിയാൽ അതിവേഗ ഫലസിദ്ധി ലഭിക്കും.

English summary
importance of vinayaka chathurtthi
topbanner

More News from this section

Subscribe by Email