തൃശൂര്‍ : ക്ഷേത്രം തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാടാണ് സ്വര്‍ണ ധ്വജസ്തംഭത്തില്‍ സപ്തവര്‍ണക്കൊടിയേറ്റിയത്. കൊടിയേറ്റത്തിന് മുന്നോടിയായി ദീപാരാധനക്കുശേഷം കൂറയും പവിത്രവും നല്കി ആചാര്യവരണം നടത്തി. അത്താഴ പൂജ, കൊടിപ്പുറത്ത് വിളക്ക് എന്നിവ യുമുണ്ടായി. ഇന്ന് രാവിലെ ദിക്ക് കൊടികള്‍ സ്ഥാപിക്കും. ഉത്സവത്തിന്റെ സവിശേഷതയായ 'പകര്‍ച്ച' സദ്യയും തുടങ്ങും.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഉച്ചയ്ക്ക് കഞ്ഞിയും പുഴുക്കും രാത്രി ചോറും രസകാളനുമാണ് പകര്‍ച്ചയുടെ വിഭവങ്ങള്‍. ഇടിച്ചക്കയും മുതിരയുംകൊണ്ടാണ് കഞ്ഞിയുടെ പുഴുക്ക്. അതിന് പുറമെ തേങ്ങാപ്പൂള്, ശര്‍ക്കര, പപ്പടം, മാങ്ങാക്കറി എന്നിവയും വിഭവങ്ങളായുണ്ടാകും. ഉത്സവം എട്ടാം നാള് വരെയാണ് കഞ്ഞിയും പകര്‍ച്ചയും. മേല്‍ പ്പത്തൂര് ഓഡിറ്റോറിയത്തില്‍ പുലരുംവരെ അരങ്ങേറിയ കഥകളിയോടെ കലാപരിപാടികള്‍ക്കും തുടക്കമായി.
ആനയില്ലാ ശീവേലി
ക്ഷേത്രത്തില്‍ ആചാരപ്പെരുമ നിലനിര്‍ത്തി ആനയില്ലാശീവേലി. ദിവസവും ആനപ്പുറത്തെഴുന്നള്ളുന്ന ഗുരുവായൂരപ്പനെ ഉത്സവക്കാലത്തൊരു ദിവസമാണ് ആനയില്ലാതെ എഴുന്നള്ളിക്കുന്നത്. കീഴ്ശാന്തി കൊടക്കാട്ട് ശശിനമ്പൂതിരി ഗുരുവായൂരപ്പന്റെ സ്വര്‍ണതിടമ്പ് കൈകളിലേന്തി മാറോട് ചേര്‍ത്ത് പിടിച്ച് മൂന്നു പ്രദക്ഷിണം പൂര്‍ത്തിയാക്കി. ഭക്തര്‍ നാരായണനാമം ജപിച്ച് അനുഗമിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ഷേത്രത്തില്‍ ആനയില്ലാതിരുന്ന കാലത്ത് ഉത്സവ കൊടിയേറ്റ ദിവസം ആനയില്ലാതെ ശീവേലി നടത്തേണ്ടി വന്നെന്നാണ് ഐതിഹ്യം. ഉച്ചയാകുമ്പോഴേക്കും ക്ഷേത്രത്തിലേക്ക് ആനകള്‍ കുടമണികിലുക്കി ഓടിയെത്തിയെത്തിയെന്നും ഐതിഹ്യം പറയുന്നു. ഇതനുസ്മരിച്ചാണ് കൊടിയേറ്റ ദിവസം രാവിലെ ആനയില്ലാ ശീവേലിയും ഉച്ചയ്ക്ക് ആനയോട്ടവും നടത്തുന്നത്.