Friday September 20th, 2019 - 10:01:pm
topbanner
Breaking News
jeevanam

സാം വധക്കേസ്: അരുണ്‍ കമലാസനന് ശിക്ഷയില്‍ ഇളവ്

JB
സാം വധക്കേസ്: അരുണ്‍ കമലാസനന് ശിക്ഷയില്‍ ഇളവ്

മെല്‍ബണ്‍: മലയാളിയായ സാം എബ്രഹാം വധക്കേസില്‍ പ്രതിയായ അരുണ്‍ കമലാസനന്റെ ശിക്ഷയില്‍ നേരിയ ഇളവ് അനുവദിച്ചു. കേസുകളില്‍ ഒരുമിച്ച് വിചാരണ നടന്നത് നീതി നിഷേധമാണെന്നും അതിനാല്‍ കുറ്റക്കാരിയെന്നുള്ള ജൂറി കണ്ടെത്തല്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സോഫിയ സാം നല്‍കിയ അപ്പീല്‍ കോടതി തള്ളി. അരുണ്‍ കമലാസനനെ 27 വര്‍ഷത്തേക്കും സാമിന്റെ ഭാര്യ സോഫിയ സാമിനെ 22 വര്‍ഷത്തേക്കുമാണ് കോടതി ശിക്ഷിച്ചിരുന്നത്. അരുണിന് 23 വര്‍ഷവും സോഫിയയ്ക്ക് 18 വര്‍ഷവും കഴിഞ്ഞു മാത്രമേ പരോളിന് അര്‍ഹതയുള്ളൂ എന്നും കോടതി വിധിച്ചിരുന്നു. ശിക്ഷാ വിധിക്കെതിരായ അപ്പീല്‍ അനുവദിച്ച കോടതി അരുണ്‍ കമലാസനന്റെ ശിക്ഷ 24 വര്‍ഷമായാണ് കുറച്ചത്. 20 വര്‍ഷം കഴിഞ്ഞ് അരുണിന് പരോള്‍ ലഭിക്കുമെന്നും വിക്ടോറിന്‍ സുപ്രീം കോടതിയിലെ മൂന്നംഗ അപ്പീല്‍ കോടതി ഉത്തരവിട്ടുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

ശിക്ഷാ വിധിയില്‍ നേരിയ ഇളവു വരുത്തിയെങ്കിലും, താന്‍ കുറ്റക്കാരനല്ല എന്ന അരുണ്‍ കമലാസനന്റെ വാദം കോടതി തള്ളി. വിധി കേള്‍ക്കാന്‍ അരുണ്‍ കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ സോഫിയ ഇന്ന് കോടതിയില്‍ എത്തിയില്ല. കോടതി വിധിക്കെതിരെ പ്രതികള്‍ക്ക് ഇനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാം. അരുണ്‍ കമലാസനനും സോഫിയ സാമും പങ്കാളിയായിരിക്കുന്നത് ഒരേ കുറ്റത്തിലാണെന്നും, ഇതില്‍ ഇരുവര്‍ക്കും ഏകദേശം തുല്യ പങ്കാളിത്തമാണെന്നും ചൂണ്ടിക്കാട്ടിയാണ് അരുണിന്റെ ശിക്ഷ കോടതി കുറച്ചത്. ഇരുവരുടെയും മറ്റു സാഹചര്യങ്ങളും ജീവിത രീതിയുമെല്ലാം സമാനമാണ്. അതിനാല്‍ അരുണ്‍ കമലാസനന് സോഫിയയെക്കാള്‍ 22 ശതമാനം ദീര്‍ഘമായ ജയില്‍ ശിക്ഷ നല്‍കുന്നത് നീതിയുക്തമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, സാം എബ്രഹാം ആത്മഹത്യ ചെയ്തതായിരിക്കാം എന്ന അരുണിന്റെ വാദവും, അത് സ്ഥാപിക്കാനായി അപ്പീലില്‍ മുന്നോട്ടുവച്ച വാദങ്ങളുമെല്ലാം കോടതി തള്ളിക്കളഞ്ഞു.രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് അരുണ്‍ കമലാസനന്‍ കുറ്റസമ്മതം നടത്തുന്ന ദൃശ്യങ്ങള്‍ നേരത്തേ വിചാരണസമയത്ത് ജൂറി പരിശോധിച്ചിരുന്നു. സയനൈഡ് കൊടുത്താണ് സാമിനെ കൊലപ്പെടുത്തിയതെന്ന് അരുണ്‍ പറയുന്ന ഈ ദൃശ്യങ്ങളും അന്ന് ഹാജരാക്കിയിരുന്നു.

2015 ഒക്ടോബര്‍ 14നായിരുന്നു കൊല്ലം പുനലൂര്‍ സ്വദേശിയായ സാം എബ്രഹാമിനെ മെല്‍ബണ്‍ എപ്പിംഗിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ സോഫിയയ്ക്കും ആറു വയസുള്ള മകനുമൊപ്പം ഉറങ്ങിക്കിടന്ന സാമിനെ രാവിലെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്നാണ് സോഫിയ പൊലീസിനെ അറിയിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ മാസങ്ങള്‍ നീണ്ട രഹസ്യാന്വേഷണത്തിലൂടെയാണ് പൊലീസ് സോഫിയയെയും അരുണിനെയും അറസ്റ്റ് ചെയ്തത്.

Viral News

English summary
SAM CRIME CULPRITE ARUN KAMALASAN JAIL TERM REDUCTED BY COURT
topbanner

More News from this section

Subscribe by Email