കോഴിക്കോട്: കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്റെ ജനരക്ഷായാത്ര ഗ്രൂപ്പുയാത്രയെന്നു മുല്ലപ്പള്ളി രാമചന്ദ്രന് എംപി. പാര്‍ട്ടിയില്‍ മൂന്നാം ഗ്രൂപ്പുണ്ടാക്കാനാണു സുധീരന് ജനരക്ഷായാത്ര നടത്തുന്നതെന്നു മുല്ലപ്പള്ളി പറഞ്ഞു. വടകരയില്‍ ജനരക്ഷായാത്രക്ക് നല്കിയ സ്വീകരണത്തില്‍ പങ്കെടുക്കാതിരുന്നതു മനഃപൂര്‍വമാണെന്നും അദ്ദേഹം പറഞ്ഞു. ജനരക്ഷായാത്രയില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമായിരിക്കാമെന്നു സുധീരന് വിശദീകരിച്ചതിനു തൊട്ടുപിന്നാലെയാണു മുല്ലപ്പള്ളി കടുത്തഭാഷയില്‍ വിമര്‍ശിച്ച് രംഗത്ത് വന്നത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
പാര്‍ട്ടിയില്‍ മൂന്നാം ഗ്രൂപ്പുണ്ടാക്കുകയാണു സുധീരന്റെ ലക്ഷ്യം. വടകരയിലെ പരിപാടിയില്‍ നിന്നും വിട്ടുനിന്നത് മനഃപൂര്‍വമാണ്. ഒന്നിനും കൊള്ളാത്തവരെ സുധീരന് ഡിസിസികളില്‍ തിരുകിക്കയറ്റി. പാര്‍ട്ടി പുനഃസംഘടനയില്‍ പൂര്‍ണമായും താന്‍ അവഗണിക്കപ്പെട്ടു. തന്നെ വേണ്ടാത്ത പാര്‍ട്ടിക്കാരോടൊപ്പം ജനരക്ഷായാത്ര നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ജനരക്ഷായാത്രയില്നിന്നു വിട്ടുനിന്നതിനു മുല്ലപ്പള്ളിയോടു കെപിസിസി വിശദീകരണം തേടുമെന്നും വാര്‍ത്തയുണ്ടായിരുന്നു. ജനരക്ഷായാത്രയുടെ സ്വീകരണ കേന്ദ്രങ്ങളില്‍ എംപിമാരും എംഎല്‍എമാരും പങ്കെടുക്കണമെന്നു കെപിസിസി നിര്‍ദേശിച്ചിരുന്നു. മുല്ലപ്പള്ളി ഈ നിര്‍ദേശം അവഗണിക്കുകയായിരുന്നു.
ശനിയാഴ്ചയാണു വടകരയില്‍ ജനരക്ഷായാത്ര എത്തിയത്. തന്റെ മണ്ഡലമായ വടകരയില്‍ ഉണ്ടായിരുന്നിട്ടും മുല്ലപ്പള്ളി ചടങ്ങില്‍ എത്തിയില്ല. സംഭവം ചര്‍ച്ചയായതോടെയാണു മുല്ലപ്പള്ളി വിശദീകരണവുമായി രംഗത്തു വന്നത്.