Wednesday December 1st, 2021 - 3:49:pm

മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം : ശബരിമല വിഷയത്തിൽ സർക്കാർ പുറകോട്ട് പോവുന്നതിനെതിരെ രൂക്ഷ വിമർശനം

NewsDesk
മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം : ശബരിമല വിഷയത്തിൽ സർക്കാർ പുറകോട്ട് പോവുന്നതിനെതിരെ രൂക്ഷ വിമർശനം

കണ്ണൂർ: പെരളശേരി പഞ്ചായത്തിലെ മാവിലായിയിൽ നടക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ പൊതുചർച്ചയിൽ വിഷയങ്ങളായത് ശബരിമലയും ആന്തൂർ വിഷയവും, സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുചർച്ചയിലാണ് പ്രതിനിധികൾ സ്ത്രീകളുടെ ശബരിമല പ്രവേശനമെന്ന തുല്യനീതി വിഷയത്തിൽ നിന്നും പുറകോട്ടു പോവരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സർക്കാർ നടത്തിയ നവോത്ഥാന മതിലിൽ ആവേശത്തോടെയാണ് പുരോഗമന ചിന്താഗതിക്കാരായ വനിതകൾ പങ്കെടുത്തത്. അവരെ നിരാശരാക്കുന്ന പുറകോട്ടു പോവൽ ഉണ്ടായിക്കൂടെന്നും അങ്ങനെയുണ്ടായാൽ പാർട്ടിയും സർക്കാരും ജനങ്ങൾക്കിടയിൽ നാണം കെടുമെന്നും പൊതുചർച്ചയിൽ അഭിപ്രായമുയർന്നു.

ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ മഹിളാ അസോസിയേഷൻ നേതാവു കൂടിയായ പി.കെ ശ്യാമളയ്ക്കെതിരെ കടുത്ത വിമർശനമുണ്ടായില്ലെങ്കിലും ആന്തൂർ നഗരസഭാ ചെയർപേഴ്സൻ പദവിയിലിരിക്കുന്ന ശ്യാമളയും ഉദ്യോഗസ്ഥരും ഇത്തരം വിഷയങ്ങളിൽ ജാഗ്രത പുലർത്തേണ്ടതായിരുന്നുവെന്ന പരാമർശമുണ്ടായി.

എന്നാൽ സാജന്റെ ഭാര്യ ബീനയ്ക്കെതിരെ പാർട്ടി പത്രത്തിൽ ഒന്നാം പേജിൽ വന്ന അപകീർത്തികരമായ വാർത്ത സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന രൂക്ഷ വിമർശനം സമ്മേളനത്തിൽ ഉയർന്നു വന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ ബിഹാറി യുവതി ലൈംഗീകചൂഷണത്തിന് കേസ് കൊടുത്തത് പൊതുസമൂഹത്തിൽ വനിതകളുടെ അവകാശങ്ങൾക്കു വേണ്ടി പൊരുതുന്ന ഇടതു വിമോചന സംഘടനയായ മഹിളാ അസോസിയേനു നാണക്കേടുണ്ടാക്കിയെന്നും ചില പ്രതിനിധികൾ വിമർശനമായി ഉന്നയിച്ചു.

മറ്റു പാർട്ടികളെപ്പോലെ സി.പി.എമ്മിലും പുരുഷമേധാവിത്വം നിലനിൽക്കുന്നുവെന്നും വനിതകൾക്ക് വേണ്ടത്ര പ്രാധാന്യമില്ലെന്നും പ്രതിനിധികളിൽ ചിലർ വിമർശനമായി ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിനിധികളിൽ ചിലർ സ്വർണ കമ്മലുകൾ ഊരി സംഭാവനയായി നൽകിയത് സമ്മേളനത്തിന്റെ ആവേശം കൂട്ടി.

മൂന്നുപെരിയ താജ്‌ ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ സുശീലാ ഗോപാലൻ നഗറിൽ ജില്ലാ പ്രസിഡന്റ്‌ കെ പി വി പ്രീത പതാകയുയർത്തിയതോടെ രണ്ടുനാൾ നീളുന്ന ജില്ലാ സമ്മേളനത്തിന്‌ തുടക്കമായത്.. സംസ്ഥാന വനിതാ കമീഷൻ ചെയർപേഴ്‌സൺ എം സി ജോസഫൈൻ  ഉദ്‌ഘാടനം ചെയ്‌തു. 18 എരിയകളിൽനിന്നായി 350 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു.  സ്വഗതസംഘം ചെയർമാൻ എൻ ചന്ദ്രൻ സ്വാഗതം പറഞ്ഞു. ടി വി ലക്ഷ്‌മി രക്തസാക്ഷി പ്രമേയവും പി പി ദിവ്യ അനുശോചനപ്രമേയവും അവതരിപ്പിച്ചു. അഖിലേന്ത്യാ ട്രഷറർ പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവി എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

കെ പി വി പ്രീത, പി കെ ശ്യാമള, ഇ പി ലത, ടി ഷബ്‌ന എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനനടപടി നിയന്ത്രിക്കുന്നത്‌.  എം വി സരള, എ മാധവി, പി പി തമ്പായി, വി ലീല, കെ പത്മിനി, കെ വി ഉഷ, ടി ലീല, വസന്ത, കെ വി രമണി എന്നിവർ സ്‌റ്റിയറിങ് കമ്മിറ്റിയായി പ്രവർത്തിക്കുന്നു. ജില്ലാ സെക്രട്ടറി എം വി സരള പ്രവർത്തന റിപ്പോർട്ടും കേന്ദ്രകമ്മിറ്റിയംഗം  എൻ സുകന്യ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

പി പി ദിവ്യ (കൺവീനർ), ടി വസന്ത, ഒ സുഭാഗ്യം, അഡ്വ. പത്മജ, പ്രൊഫ. കെ എ സരള, വി കെ പ്രകാശിനി, കെ ജി വത്സലകുമാരി, വി കെ നിഷ, ആർ അജിത എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയും എം വി ശകുന്തള (കൺവീനർ), സി രജനി, ടി ടി റംല, കെ ലത, ശ്രജ, മിനി എന്നിവരടങ്ങിയ മിനുട്‌സ്‌ കമ്മിറ്റിയും പ്രവർത്തിക്കുന്നു.  പി റോസ (കൺവീനർ), ടി വി ലക്ഷ്‌മി, കെ പി ജ്യോതി, എൻ ടി റോസമ്മ, പി വി വത്സല, സി ഉമ, പ്രസന്ന, എൻ അജിത, ടി കെ സുലേഖ, കെ പ്രസന്ന എന്നിവരാണ്‌ ക്രഡൻഷ്യൽ കമ്മിറ്റിയിൽ. 

സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ  തവണ രക്തം ദാനം ചെയ്‌ത സമ്മേളന പ്രതിനിധികൂടിയായ ടി ടി റംല, വെള്ളത്തിൽ വീണ രണ്ടുപേരെ രക്ഷിച്ച ചെറുതാഴത്തെ ബിന്ദു എന്നിവരെ മന്ത്രി കെ കെ ശൈലജ  അനുമോദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള  പ്രതിനിധികളുടെ സംഭാവനയും മന്ത്രി ഏറ്റുവാങ്ങി. രാത്രി മഹിളാ അസോസിയേഷൻ നേതൃത്വത്തിലുള്ള കലാട്രൂപ്പിന്റെ പെൺതിര സംഗീതശിൽപവും അരങ്ങേറി. സമ്മേളനം ഞായറാഴ്‌ച്ച വൈകിട്ടോടെ സമാപിച്ചു.

Read more topics: Kannur, mahila association, meet,
English summary
mahila association kannur distric meet
topbanner

More News from this section

Subscribe by Email