Thursday December 12th, 2019 - 6:59:am
topbanner

ബി.ജെ.പി പാർലമെന്ററി ജനാധിപത്യത്തെ തൂക്കി വിൽക്കുന്നു: ബൃന്ദ കാരാട്ട്

NewsDesk
ബി.ജെ.പി പാർലമെന്ററി ജനാധിപത്യത്തെ തൂക്കി വിൽക്കുന്നു: ബൃന്ദ കാരാട്ട്

കൂത്തുപറമ്പ്:ഇന്ത്യയിൽ ജനാധിപത്യം  സ്വകാര്യവൽക്കരിക്കുകയാണ്‌ ബിജെപി സർക്കാരെന്ന്‌ സിപിഎം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌.  മഹാരാഷ്ട്ര ഇതിന്റെ ഏറ്റവും നല്ല തെളിവാണ്‌. ഗവർണറടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ രാഷ്ട്രീയതാൽപര്യത്തിനായി നഗ്നമായി ദുരുപയോഗിക്കുന്നു. കടകളിൽനിന്ന് സാധനങ്ങൾ വാങ്ങുന്നതുപോലെ എംഎൽഎമാരെ വിലകൊടുത്തു വാങ്ങുന്നു. നമ്മുടെ പാർലമെന്ററി ജനാധിപത്യംതന്നെ തൂക്കിവിൽക്കുകയാണ്‌ ബിജെപി. കൂത്തുപറമ്പ്‌ രക്തസാക്ഷി അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ബൃന്ദ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പാർലമെന്ററി രാഷ്ട്രീയത്തിനുപകരം റിസോർട്ട്‌ രാഷ്ട്രീയമാണ്‌ ഇപ്പോൾ അരങ്ങുവാഴുന്നത്‌. മഹാരാഷ്ട്രയിലും അതാണ്‌  കാണുന്നത്‌. എംഎൽഎമാർ തവളകളെപ്പോലെ തലങ്ങും വിലങ്ങും ചാടുന്നു. കോൺഗ്രസ്‌, എൻസിപി എംഎൽഎമാരും സ്വതന്ത്രരുമൊക്കെ ബിജെപിയിലേക്കാണ്‌ ചാടുന്നത്‌.

കുതിരക്കച്ചവടം നിയമവിധേയമായിരിക്കുന്നു.  എത്ര ലജ്ജാകരമാണിത്‌. തെരഞ്ഞെടുപ്പു ബോണ്ടിന്റെപേരിൽ 6000 കോടി രൂപയാണ്‌ വൻകിട കോർപറേറ്റുകളിൽനിന്ന്‌ ബിജെപി സമാഹരിച്ചത്‌. ഏറ്റവും വലിയ കുംഭകോണമാണിത്‌. ഈ പണമുപയോഗിച്ചാണ്‌ മഹാരാഷ്ട്രയിലെയും കർണാടകം ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിലെയും കുതിരക്കച്ചവടം. രാജ്യസ്‌നേഹത്തെക്കുറിച്ചാണ്‌ നരേന്ദ്രമോഡി പറഞ്ഞുകൊണ്ടിരിക്കുന്നത്‌.

നാടിന്റെ സമ്പത്തും പ്രകൃതിവിഭവങ്ങളും കുത്തകമുതലാളിമാർക്ക്‌ വിൽക്കുന്നതല്ല രാജ്യസ്‌നേഹം. ജനവിരുദ്ധ, ദേശവിരുദ്ധ നയങ്ങളെ ചെറുത്തുതോൽപ്പിക്കുന്നതിനുള്ള പോരാട്ടത്തിലാണ്‌ കൂത്തുപറമ്പിൽ രാജീവനും റോഷനും മധുവിനും ബാബുവിനും ഷിബുലാലിനും രക്തസാക്ഷിത്വം വരിക്കേണ്ടിവന്നത്‌; പുഷ്‌പന്‌ ജീവിക്കുന്ന രക്തസാക്ഷിയാകേണ്ടിവന്നത്‌. ഇവരുടെ സമാനതകളില്ലാത്ത ത്യാഗം വരും തലമുറയ്‌ക്ക്‌ പ്രചോദനമാണെന്നും ബൃന്ദ പറഞ്ഞു.

Read more topics: Brinda Karat, bjp, democracy
English summary
Brinda Karat against bjp about parliamentary democracy
topbanner

More News from this section

Subscribe by Email