Wednesday September 23rd, 2020 - 6:40:pm

ധീരജവാന് ആയിരങ്ങളുടെ അന്ത്യാഞ്ജലി; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

NewsDesk
ധീരജവാന് ആയിരങ്ങളുടെ അന്ത്യാഞ്ജലി;  ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

ജമ്മുകശ്മീരിലെ പാംപോറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്‍ മട്ടന്നൂര്‍ കൊടോളിപ്രം ചക്കേലക്കണ്ടി വീട്ടില്‍ രതീഷിന് ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം. സൈനിക ബഹുമതികളോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വീട്ടിനു സമീപം പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ദുഖവും വേദനയും തളംകെട്ടി നിന്ന അന്തരീക്ഷത്തില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആയരക്കണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു. രാവിലെ കരിപ്പൂരില്‍ വിമാനമാര്‍ഗമെത്തിച്ച മൃതദേഹം ഉച്ചയ്ക്ക് 2.15ഓടെയാണ് തുറന്ന സൈനിക വാഹനത്തില്‍ ജന്‍മദേശമായ കൊടോളിപ്രത്തെത്തിയത്. രാജ്യത്തിനു വേണ്ടി ജീവന്‍ബലിയര്‍പ്പിച്ച ജവാന്റെ മൃതദേഹം ഒരുനോക്കുകാണാന്‍ നട്ടുച്ച വെയിലിലും വഴിയിലുടനീളം ആളുകള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും രാവിലെ മുതല്‍ ആയിരങ്ങളാണ് ഇവിടേക്കൊഴുകിയെത്തിയത്.

സംസ്ഥാന സര്‍ക്കാരിനു വേണ്ടി തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അന്ത്യോപചാരമര്‍പ്പിച്ചു. പി.കെ ശ്രീമതി ടീച്ചര്‍ എം.പി, എം.എല്‍.എമാരായ ഇ.പി ജയരാജന്‍, പി.സി വിഷ്ണുനാഥ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, എസ്.പി സഞ്ജയ് കുമാര്‍ ഗുരുഡിന്‍, മുന്‍ എം.പിമാരായ കെ സുധാകരന്‍, എ.പി അബ്ദുല്ലക്കുട്ടി, മുന്‍ എം.എല്‍.എ പി ജയരാജന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷികളുടെ സംസ്ഥാന-ജില്ലാതല നേതാക്കള്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.

രാവിലെ 9.10ഓടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ സൈനികന്റെ മൃതദേഹത്തെ അദ്ദേഹം അംഗമായ കോയമ്പത്തൂര്‍ 44 ഫീല്‍ഡ് റെജിമെന്റ് ഓഫീസര്‍ ലഫ്റ്റനന്റ് കേണല്‍ എം രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള 19 അംഗ സൈനിക സംഘമാണ് ഏറ്റുവാങ്ങിയത്. കണ്ണൂര്‍ 122 ടി.എ ബറ്റാലിയന്‍ കമാന്റിംഗ് ഓഫീസര്‍, സെക്കന്റ് ഇന്‍ കമാന്റ് ഓഫീസര്‍, കണ്ണൂര്‍ ഡി.എസ്.സി കമാന്റിംഗ് ഓഫീസര്‍, സതേണ്‍ കമാന്റ്, കേരള ആന്റ് കര്‍ണാടക ജി.ഒ.സിമാര്‍, യുദ്ധ സ്മാരക കമ്മിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ ജവാന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

മന്ത്രിമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികളും സൈനിക നേതാക്കളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും രതീഷിന്റെ വീട്ടിലെത്തി ഭാര്യയെയും അമ്മയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു. പരേതനായ ചക്കേലക്കണ്ടി പയ്യാടക്കന്‍ രാഘവന്‍ നമ്പ്യാരുടെയും ചക്കേലക്കണ്ടി ഓമനയമ്മയുടെയും ഏക മകനാണ് 35കാരനായ രതീഷ്. വി.സി ജ്യോതിയാണ് ഭാര്യ. അഞ്ചുമാസം പ്രായമുള്ള കാശിനാഥനാണ് ഏക മകന്‍.

 

English summary
Malayali jawan ratheesh Kannur killed in Jammu and Kashmir
topbanner

More News from this section

Subscribe by Email