Friday December 13th, 2019 - 2:23:am
topbanner

തന്റെ ഒറ്റ ചിത്രം കൊണ്ട് സോഷ്യൽ മീഡിയയിൽ താരമായി ഔസേപ്പേട്ടൻ

princy
തന്റെ ഒറ്റ ചിത്രം കൊണ്ട് സോഷ്യൽ മീഡിയയിൽ താരമായി ഔസേപ്പേട്ടൻ

ഏറ്റുമാനൂർ:വാർദ്ധക്യത്തിന്റെ അവശതകളിലും തനിക്കാകാവുന്ന ജോലികൾ ചെയ്ത് ഓടി നടക്കുന്ന കറ്റോട് നിവാസികളുടെ ഏപ്പേട്ടൻ എന്നു വിളിപ്പേരുള്ള ഔസേപ്പ് സോഷ്യൽ മീഡിയയിലൂടെയാണ് താരമായി മാറിയത്.തൊണ്ണൂറു കഴിഞ്ഞ ഔസേപ്പ് താരമാകാൻ നിമിത്തമായത് ഗ്രാമത്തിന്റെ മുൻ പഞ്ചായത്ത് മെംബറായ ജയശ്രീ ജയന്റ പ്ലസ്ടു വിദ്യാർത്ഥിയായ മകൻ അഭിമന്യൂ മുഖാന്തിരവും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജയശ്രീ ജയന്റെ ചായക്കടയിലെ നിത്യ സന്ദർശകനും സഹായിയുമാണ് ഔസേപ്പ്. കൈലിയും തോളത്തിടുന്ന തോർത്തും മാത്രമാണ് സമകാലികർ ഏപ്പ് എന്നു വിളിക്കുന്ന ഔസേപ്പിന്റെ വേഷവിധാനം . കാലം ഇത്ര പുരോഗമിച്ചിട്ടും ചെരുപ്പും ഷർട്ടും ധരിക്കാത്ത സാധുവായ തികഞ്ഞ നാട്ടുമ്പുറത്തുകാരനായ കർഷക തൊഴിലാളി.ചായക്കടയിൽ പതിവില്ലാതെ എന്തോ ആലോചനയിൽ ഇരിക്കുന്ന ഏപ്പേട്ടൻ യാദൃശ്ചികമായാണ് പതിനേഴ് കാരനായ അഭിമന്യുവിന്റെ മൊബൈൽ ഫോണിന്റെ ക്യാമറ കണ്ണുകളിൽ പതിഞ്ഞത്. താൻ ഇന്നുവരെ പകർത്തിയതിൽ എന്തോ പ്രത്യേകതകൾ തോന്നിക്കുന്ന മിഴിവാർന്ന ചിത്രം. അടിക്കുറിപ്പ് പോലുമില്ലാതെ സോഷ്യൽ മീഡിയയിലെ 'ഞാനെടുത്ത ഫോട്ടോകൾ ' എന്ന ഫെയ്സ് ബുക്ക് ഗ്രൂപ്പിൽ അഭിമന്യൂ ചിത്രം പോസ്റ്റ് ചെയ്തു. മണിക്കൂറുകൾക്കകം ചിത്രം വൈറലായി. ആയിരങ്ങൾ ഷെയറും ലൈക്കും ചെയ്തു.

തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ വിരലുകൾ ഓടിച്ച് പോകുമ്പോൾ യാദൃശ്ചികമായിത്തന്നെയാണ് , കേരളം അതിജീവിച്ച പ്രളയത്തെ ശില്പമാക്കിയതിലൂടെ അതിപ്രശസ്തനായി മാറിയ ഡാവിഞ്ചി സുരേഷ് പ്രസ്തുത ചിത്രം കാണുന്നത്. അസാധാരണമായ ഈടും ഭാവവും ജീവസ്സുറ്റതുമായ ചിത്രം സുരേഷിലെ ചിത്രകാരനെ ഉണർത്തുകയും ചിത്രം ക്യാൻവാസിലേക്ക് പകർത്തപ്പെടുകയും ചെയ്തു. പിന്നെ സുരേഷും കൂട്ടുകാരും തന്റെ സൃഷ്ടിയെത്തേടി അലയുകയായിരുന്നു. അവസാനംഏറ്റുമാനൂരിലെ സുഹൃത്ത് മുഖാന്തിരം തൊണ്ണൂറുകഴിഞ്ഞ ഔസേപ്പിനെയും പതിനേഴുകാരനായ അഭിമന്യൂവിനെയും കണ്ടെത്തി.

വ്യാഴാഴ്ച ഡാവിഞ്ചി സുരേഷുംകോഴിക്കോട് കേന്ദ്രീകരിച്ച്പ്രവർത്തിക്കുന്നകലാകാരന്മാരുടെ കൂട്ടായ്മയായഎക്സോട്ടിക് ഡ്രീംസ്' എന്ന സംഘടനയുടെ പ്രവർത്തകരും ഔസേപ്പിനെയും അഭിമന്യുവിനെയും ആദരിക്കാൻ കറ്റോട് ഗ്രാമത്തിൽ എത്തിച്ചേർന്നു. നൂറ് കണക്കിന് പ്രദേശവാസികളും കുടുംബശ്രീ പ്രവർത്തകരും രാവിലെ മുതൽ കറ്റോട് കല്ലുമല വീട്ടിലെ ഔസേപ്പിന്റെ വീട്ടിൽ എത്തിചേർന്നിരുന്നു.

ഇസ്കഫ് (ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആന്റ് ഫ്രണ്ട്ഷിപ്പ് ) സംസ്ഥാന സെക്രട്ടറി അഡ്വ. പ്രശാന്ത് രാജന്റെ നേതൃത്വത്തിൽ കലാ സംഘത്തെ സ്വീകരിച്ചു. തുടർന്ന് ഡാവിഞ്ചി സുരേഷ് വരച്ച ചിത്രവും കലാസംഘത്തിന്റെ പാരിതോഷികവും ഔസേപ്പിന് നൽകി ആദരിച്ചു. ചടങ്ങിൽ ഔസേപ്പിന്റെ ചിത്രം പകർത്തിയ അഭിമന്യൂ പി ജയൻ,ഏറ്റുമാനൂർ മുനിസിപ്പൽ ചെയർമാൻ ജോയി ഊന്നുകൽ, ഇസ്കഫ് സംസ്ഥാന സെക്രട്ടറി അഡ്വ.പ്രശാന്ത് രാജൻ, മുനിസിപ്പൽ കൗൺസിലർമാരായ ബിജൂ കുമ്പിക്കൻ , മാത്യൂ വാക്കനാൽ, സിറിൾ നരിക്കുഴി, ജയശ്രീ ജയൻ, ജോബി മാത്തുങ്കൽ , ജോളി എട്ടുപറ, വി.ആർ.രാജൻ, സുഗതൻ എന്നിവരും ഇസ്കഫ് പ്രവർത്തകരും സന്നിഹതരായിരുന്നു.

 ഡാവിഞ്ചി സുരേഷിലൂടെ കറ്റോട് ഗ്രാമത്തിലെ കൗമാരവും, വാർദ്ധക്യവും ആണ് ഒരു പോലെ ആദരിക്കപ്പെട്ടതെന്ന് ചടങ്ങിൽ പ്രസംഗിച്ച മുനിസിപ്പൽ ചെയർമാൻ ജോയി ഊന്നുകൽ പറഞ്ഞു.ഔസേപ്പിനെയും അഭിമന്യുവിനെയും കേന്ദ്രീകരിച്ച് കറ്റോട് ഗ്രാമത്തെ കുറിച്ച് ഒരു ഡോക്യൂമെന്ററി തയ്യാറാക്കുകയാണെന്ന് ഡാവിഞ്ചി സുരേഷ് ചടങ്ങിൽ പങ്കെടുത്ത നാട്ടുകൂട്ടത്തെ സാക്ഷ്യപ്പെടുത്തി പറഞ്ഞു. ആയതിലേക്ക് സംഘം ചടങ്ങ് പൂർണമായും ചിത്രീകരിക്കുകയും ചെയ്തു.

Read more topics: social media, ousepettan, picture
English summary
Ouseppeton was star in social media with his single picture
topbanner

More News from this section

Subscribe by Email