Thursday August 6th, 2020 - 7:36:pm

സിബിഎല്ലില്‍ എതിരില്ലാതെ നടുഭാഗം ചുണ്ടന്‍; കായംകുളത്ത് ഒമ്പതാം ജയം

Anusha Aroli
സിബിഎല്ലില്‍ എതിരില്ലാതെ നടുഭാഗം ചുണ്ടന്‍; കായംകുളത്ത് ഒമ്പതാം ജയം

ആലപ്പുഴ: കായംകുളത്ത് നടന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ (സിബിഎല്‍) പത്താം മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) ജേതാക്കളായി. നടുഭാഗത്തിന്‍റെ തുടര്‍ച്ചയായ അഞ്ചാം ജയവും സിബിഎല്ലിലെ ഒമ്പതാം ജയവുമാണിത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

യുബിസി കൈനകരി തുഴഞ്ഞ ചമ്പക്കുളം(കോസ്റ്റ് ഡോമിനേറ്റേഴ്സ്), പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍(റേജിംഗ് റോവേഴ്സ്) എന്നിവയെ വള്ളപ്പാടുകള്‍ക്ക് പിന്നിലാക്കിയാണ് നടുഭാഗം ജേതാക്കളായത്. ചമ്പക്കുളം രണ്ടാം സ്ഥാനത്തും കാരിച്ചാല്‍ മൂന്നാം സ്ഥാനത്തുമെത്തി. പത്തു മത്സരങ്ങള്‍ പിന്നിടുമ്പോള്‍ നടുഭാഗം ചുണ്ടന് എറണാകുളം മറൈന്‍ ഡ്രൈവില്‍ മാത്രമാണ് പരാജയമറിഞ്ഞത്.

നാടിന്‍റെ തന്നെ ഉത്സവമായി മാറിയ കായംകുളത്ത് ആയിരങ്ങളെ സാക്ഷി നിറുത്തിയാണ് ഐപിഎല്‍ മാതൃകയിലുള്ള സിബിഎല്ലിന്‍റെ പത്താമത് മത്സരങ്ങള്‍ അരങ്ങേറിയത്. 4:39.76 മിനിറ്റ് കൊണ്ട് നടുഭാഗം ഒന്നാമതായി തുഴഞ്ഞെത്തിയപ്പോള്‍ ചമ്പക്കുളം 5:17.17 മിനിറ്റും കാരിച്ചാല്‍ 5:17.60 മിനിറ്റും കൊണ്ടാണ് ഫിനിഷ് ചെയ്തത്.ഹീറ്റ്സിലും ഫൈനല്‍ മത്സരങ്ങളിലുമായി ഏറ്റവും മികച്ച സമയം (4:26.90 മിനിറ്റ്) കുറിച്ച നടുഭാഗം ചുണ്ടന് 'നെരോലാക് എക്സല്‍ ഫാസ്റ്റസ്റ്റ് ടീം ഓഫ് ദി ഡേ' സ്ഥാനവും ബോണസായി അഞ്ച് പോയിന്‍റും ലഭിച്ചു.

പത്ത് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ നടുഭാഗം ചുണ്ടന്‍ (ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) 143 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ്. പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍(റേജിംഗ് റോവേഴ്സ്) 70 പോയിന്‍റുമായി രണ്ടാം സ്ഥാനത്തും യുബിസി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍(കോസ്റ്റ് ഡോമിനേറ്റേഴ്സ്) 63 പോയിന്‍റുമായി മൂന്നാം സ്ഥാനത്തുമുണ്ട്.എന്‍സിഡിസി കുമരകം തുഴഞ്ഞ ദേവസ് ചുണ്ടന്‍ (മൈറ്റി ഓര്‍സ്- 62 പോയിന്‍റ്) ഗബ്രിയേല്‍ (ബാക്ക് വാട്ടര്‍ നൈറ്റ്സ്-51) വീയപുരം (പ്രൈഡ് ചേസേഴ്സ്-44) എന്നിവയാണ് യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലുള്ളത്.

പായിപ്പാടന്‍ (ബാക്ക് വാട്ടര്‍ വാരിയേഴ്സ്-30), മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ (തണ്ടര്‍ ഓര്‍സ്-24) സെന്‍റ് ജോര്‍ജ് (ബാക്ക് വാട്ടര്‍ നിന്‍ജ-22 പോയിന്‍റ്) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. യൂണിഫോമില്‍ പിഴവു വരുത്തിയതിന് ഗബ്രിയേല്‍ ചുണ്ടന് ഹീറ്റ്സില്‍ ഫിനിഷ് ചെയ്ത സമയത്തില്‍ അഞ്ച് സെക്കന്‍റ് അധികം ചുമത്താന്‍ സിബിഎല്‍ കമ്മിറ്റി തീരുമാനമെടുത്തു. ഒന്നാം ലൂസേഴ്സ് ഫൈനലില്‍ ട്രാക്ക് തെറ്റിച്ചതിന് പായിപ്പാടനും അഞ്ച് സെക്കന്‍റ് അധികം പിഴ ചുമത്തി.

സംസ്ഥാന ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് കായംകുളത്തെ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ ശ്രീമതി യു പ്രതിഭാ ഹരി എംഎല്‍എ അധ്യക്ഷയായിരുന്നു. ശ്രീ എ എം ആരിഫ് എം പി, സംസ്ഥാന ടൂറിസം അഡീഷണല്‍ ഡയറക്ടറും കെടിഡിസി എംഡിയുമായ ശ്രീ കൃഷ്ണ തേജ, മുന്‍ എംഎല്‍എ ശ്രീ സി കെ സദാശിവന്‍ ജര്‍മ്മനിയുടെ ദേശീയ ഫുട്ബോള്‍ താരം പാട്രിക് ഒവോമോയേല എന്നിവരും സന്നിഹിതരായിരുന്നു.

(പന്ത്രണ്ട് മത്സരങ്ങളിലെ ആകെ പോയിന്‍റ് നിലയില്‍ ഒന്നാമതെത്തുന്ന ടീമിന് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും.ഓരോ ലീഗ് മത്സരങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 1 ലക്ഷം രൂപ വീതം സമ്മാനത്തുക ലഭിക്കും. പുറമെ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും 4 ലക്ഷം രൂപ വീതവും ലഭിക്കും.

പത്തു ലക്ഷത്തിലധികം കാണികളാണ് ഓഗസ്റ്റ് 31 ന് പുന്നമടക്കായലിലെ നെഹൃട്രോഫി വള്ളം കളിക്കൊപ്പം ആരംഭിച്ച സിബിഎല്‍ കാണാനെത്തിയത്.കല്ലട, കൊല്ലം (നവംബര്‍ 16), പ്രസിഡന്‍റ്സ് ട്രോഫി വള്ളം കളി, കൊല്ലം (നവംബര്‍ 23) എന്നിങ്ങനെയാണ് ശേഷിക്കുന്ന മത്സരങ്ങള്‍.ബുക്ക്മൈ ഷോ വഴിയും വേദികളിലെ 20 കൗണ്ടറുകള്‍ മുഖേനയും ടിക്കറ്റുകള്‍ ലഭ്യമാണ്. 200 രൂപ മുതല്‍ 2000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്.

സ്റ്റാര്‍ സ്പോര്‍ട്സ് 2, സ്റ്റാര്‍ സ്പോര്‍ട്സ് 2 എച്ഡി, സ്റ്റാര്‍ സ്പോര്‍ട്സ് 1 തമിഴ്, ഏഷ്യാനെറ്റ് വേള്‍ഡ് വൈഡ്, ഏഷ്യാനെറ്റ് പ്ലസ്, ഹോട്ട്സ്ററാര്‍, എന്നീ ചാനലുകളില്‍ വൈകീട്ട് നാലു മുതല്‍ അഞ്ച് വരെ മത്സരങ്ങള്‍ തത്സമയം കാണാം ഇടിവി ആന്ധ്രാപ്രദേശ്, ഇടിവി തെലങ്കാന എന്നീ ചാനലുകളില്‍ റെക്കോര്‍ഡ് ചെയ്ത സംപ്രേഷണവുമുണ്ടാകും. )

English summary
Champions boat league kunnamkulam boat race
topbanner

More News from this section

Subscribe by Email