Wednesday April 1st, 2020 - 1:47:am
topbanner

ഉത്രാളിക്കാവ് പൂരം പെയ്തിറങ്ങി : മനം നിറഞ്ഞ് തട്ടകങ്ങള്‍

princy
ഉത്രാളിക്കാവ് പൂരം പെയ്തിറങ്ങി  :  മനം നിറഞ്ഞ് തട്ടകങ്ങള്‍

തൃശൂര്‍: വടക്കാഞ്ചേരി ഉത്രാളിക്കാവ് പാടത്ത് പൂരം പെയ്തിറങ്ങി. മനം നിറഞ്ഞ് തട്ടകങ്ങള്‍. താളമേളങ്ങളും കുടമാറ്റവും കൂട്ടിയെഴുന്നള്ളിപ്പും നാടന്‍ കലാരൂപങ്ങളുടെ പ്രകടനവും വേറിട്ടതായി. ഉത്രാളിക്കാവ് ക്ഷേത്രം നടപ്പുരയില്‍ ഭഗവതിയുടെ തിടമ്പ് കോലത്തോടു ചേര്‍ത്ത് തിരുവമ്പാടി ചന്ദ്രശേഖരന്‍ ശിരസിലേറ്റിയതോടെ എങ്കക്കാട് ദേശത്തിന്റെ എഴുന്നള്ളിപ്പു തുടങ്ങി

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പഞ്ചവാദ്യത്തിനു കുനിശേരി അനിയന്‍മാരാര്‍ (തിമില ), കുനിശേരി ചന്ദ്രന്‍ (മദ്ദളം) എന്നിവരായിരുന്നു പ്രമാണം. രണ്ടു മണിക്കൂര്‍ വാദ്യപ്പെരുക്കത്തിനുശേഷം പുറത്തുകടന്നു. കുമരനെല്ലൂര്‍ ദേശം ഗജഘോഷയാത്രയോടെ ഊത്രാളിക്കാവിലെത്തി നെറ്റിപ്പട്ടങ്ങള്‍ കെട്ടി ക്ഷേത്ര നടപ്പുരയില്‍ എഴുന്നള്ളിപ്പു തുടങ്ങി. പുതുപ്പള്ളി കേശവന്‍ തിടമ്പേറ്റി. പഞ്ചവാദ്യത്തിനു ചോറ്റാനിക്കര വിജയന്‍ (തിമില), ചെര്‍പ്പുളശേരി ശിവന്‍ (മദ്ദളം) എന്നിവര്‍ പ്രമാണക്കാരായി.

വടക്കാഞ്ചേരി ദേശം ടൗണിലെ ശിവവിഷ്ണു ക്ഷേത്രം നടപ്പുരയില്‍ ആനകളെ നിരത്തി എഴുന്നള്ളിപ്പു തുടങ്ങി. പാമ്പാടി രാജന്‍ തിടമ്പേറ്റി. പഞ്ചവാദ്യത്തിനു പരക്കാട് തങ്കപ്പന്‍ മാരാര്‍ (തിമില), തൃപ്പലമുണ്ട നടരാജവാര്യര്‍ (മദ്ദളം) എന്നിവര്‍ പ്രമാണക്കാരായി. രണ്ടു മണികൂറിനുശേഷം പുറത്തെത്തി തോക്കേന്തിയ രണ്ടു പോലീസുകാരുടെ അകമ്പടിയോടെ ഉത്രാളിക്കാവിലെത്തി ക്ഷേത്രത്തിന് അഭിമുഖമായി നിരന്നു പഞ്ചവാദ്യം കൊട്ടിക്കലാശിച്ചു.

ഇതേ സമയം കുമരനെല്ലൂര്‍ ദേശവും പഞ്ചവാദ്യം കൊട്ടിക്കലാശിച്ചു പുറത്തു കടന്നു. തുടര്‍ന്നു മൂന്നു ദേശക്കാരുടെ പാണ്ടിമേളം പാടത്ത് ആരംഭിച്ചു. എങ്കക്കാടിനു കിഴക്കൂട്ട് അനിയന്‍മാരാരും, കുമരനെല്ലൂരിനു വെള്ളി തിരുത്തി ഉണ്ണി നായരും, വടക്കാഞ്ചേരിയ്ക്കു പെരുവനം കുട്ടന്‍മാരാരും പ്രമാണക്കാരായി. ഓരോ ദേശക്കാരും നിരവധി സെറ്റ് വര്‍ണക്കുടകള്‍ മാറി. കൂട്ടി എഴുന്നള്ളിപ്പില്‍ 33 ആനകള്‍ നിരന്നു. ഹരിജന്‍ വേലകളും, നാടന്‍ കലാരുപങ്ങളും കാവുകയറി ഭഗവതിയെ തൊഴുതു മടങ്ങി.

കുമരനെല്ലൂര്‍ ദേശക്കാര്‍ രാത്രി കരിമരുന്നു കത്തിച്ചു. ഉത്രാളിക്കാവില്‍ തായമ്പകയും വടക്കാഞ്ചേരി ശിവക്ഷേത്രത്തില്‍ തായമ്പകയും, ഭക്തി ഗാനമേളയും ഉണ്ടായി. തലപ്പിള്ളി തഹസില്‍ദാര്‍ പി.യു. റഫീക്കിന്റെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥരും, കുന്നംകുളം എ.സി.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തില്‍ വന്‍ പോലീസും സ്ഥലത്തു ക്യാമ്പ് ചെയ്തു. ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ പൂരം പ്രദര്‍ശന നഗറില്‍ കലാസന്ധ്യയും ഉണ്ടായി.

Read more topics: thrissur, uthralikavu, pooram,
English summary
uthralikavu pooram was ended
topbanner

More News from this section

Subscribe by Email