Wednesday February 19th, 2020 - 2:56:pm
topbanner

ടോള്‍ ജീവനക്കാരും കാര്‍ യാത്രക്കാരനും തമ്മില്‍ തര്‍ക്കം : അരമണിക്കൂര്‍ ഗതാഗത തടസം

Anusha Aroli
ടോള്‍ ജീവനക്കാരും കാര്‍ യാത്രക്കാരനും തമ്മില്‍ തര്‍ക്കം :  അരമണിക്കൂര്‍ ഗതാഗത തടസം

തൃശൂര്‍: പണം കൊടുക്കാതെ കടന്നുപോകാനുള്ള കാര്‍ യാത്രക്കാരന്റെ ശ്രമം അരമണിക്കൂറോളം പാലിയേക്കര ടോള്‍ പ്ലാസയില്‍ ഗതാഗത കുരുക്കിന് ഇടയാക്കി. ഫാസ്റ്റാഗ് പതിച്ച കാര്‍ പണം കൊടുത്ത് പോകുന്ന ട്രാക്കില്‍ കയറിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചാലക്കുടി ഭാഗത്തുനിന്ന് വന്നിരുന്ന കാറാണ് പ്രാദേശിക വാഹനങ്ങള്‍ കടന്നുപോകുന്ന ട്രാക്കില്‍ തടസം സൃഷ്ടിച്ചത്. ഫാസ്റ്റാഗില്‍ പണം ഇല്ലാതിരുന്ന കാര്‍ യാത്രക്കാര്‍ ടോള്‍ കൊടുക്കാന്‍ തയാറാകാതെ കടന്നുപോകാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. ടോള്‍ ബൂത്തിലെ ക്രോസ് ബാര്‍ ഉയര്‍ത്തിമാറ്റി കാര്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ ടോള്‍ ജീവനക്കാര്‍ കാര്‍ തടയുകയായിരുന്നു.

ട്രാക്കിന്റെ പ്രവേശന ഭാഗം അടച്ചശേഷം കാറിന്റെ മുന്‍വശത്തു ഡ്രമ്മുകള്‍ നിരത്തി ടോള്‍ ജീവനക്കാര്‍ ബൂത്ത് അടച്ചു. ബൂത്തില്‍ കാര്‍ നിര്‍ത്തിയിട്ടായിരുന്നു യാത്രക്കാരുടെ പ്രതിഷേധം. അരമണിക്കൂറോളം ബൂത്ത് അടച്ചിട്ടതോടെ ടോള്‍ പ്ലാസയില്‍ ഗതാഗത കുരുക്ക് രൂക്ഷമായി.

മണലിപ്പാലംവരെ വാഹനങ്ങളുടെ നീണ്ടനിര വന്നിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ടോള്‍ കമ്പനി തയാറായില്ല. ടോള്‍ നല്‍കാതെ കാര്‍ കടത്തിവിടില്ലെന്ന് ടോള്‍ കമ്പനിയും ഫാസ്റ്റാഗില്‍നിന്ന് പണം എടുത്താല്‍ മതിയെന്ന നിലപാടില്‍ കാര്‍ യാത്രക്കാരും ഉറച്ചുനിന്നു. കാര്‍ യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഫാസ്റ്റാഗ് റീഡിങ് മെഷീന്‍ കൊണ്ടുവന്ന് പരിശോധിച്ചപ്പോഴാണ് കാറില്‍ പതിച്ച ഫാസ്റ്റാഗില്‍ പണമില്ലെന്ന് കണ്ടെത്തിയത്.

പിന്നീട് കാര്‍ യാത്രക്കാര്‍ പണം നല്‍കിയതോടെയാണ് വാഹനം കടത്തിവിടാന്‍ ടോള്‍ ജീവനക്കാര്‍ തയാറായത്. കാര്‍ യാത്രക്കാരുടെയും ടോള്‍ കമ്പനിയുടേയും പിടിവാശി മൂലം സാധാരണക്കാരായ നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്. അരമണിക്കൂര്‍ ഗതാഗത തടസം നേരിട്ടതോടെ യാത്രക്കാര്‍ വിവരമറിയിച്ചെങ്കിലും പ്രശ്‌നത്തില്‍ ഇടപെടാന്‍ പോലീസും തയാറായില്ലെന്ന ആക്ഷേപമുണ്ട്.

English summary
thrissur paliyekkara tollplaaza traffic Interruption
topbanner

More News from this section

Subscribe by Email