Sunday February 23rd, 2020 - 1:34:pm
topbanner

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം: തൃശൂർ ജില്ലാ വികസന സമിതി യോഗം

Anusha Aroli
പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം: തൃശൂർ ജില്ലാ വികസന സമിതി യോഗം

തൃശൂർ : രാജ്യത്തെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ തട്ടുകളാക്കി വിഭജിക്കുന്നതും കേരളം പോലുള്ള സംസ്ഥാനത്തിന്റെ സൗഹൃദാന്തരീക്ഷം തകർക്കുന്നതുമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് തൃശൂർ ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭരണഘടനയെ വെല്ലുവിളിക്കുന്ന നിയമം രാജ്യത്തിന്റെ ഉത്തമ താൽപര്യത്തിന് എതിരാണെന്ന് ഇ.ടി. ടൈസൻ മാസ്റ്റർ എം.എൽ.എ അവതരിപ്പിച്ച പ്രമേയം വ്യക്തമാക്കി. ഞായറാഴ്ച റിപ്പബ്ലിക് ദിനം ആചരിക്കുന്ന ഇന്ത്യൻ ജനത പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന പൊതുബോധത്തിൽ നിൽക്കുകയാണെന്ന് പ്രമേയം വിലയിരുത്തി. ബി.ഡി. ദേവസ്സി എം.എൽ.എ പിന്താങ്ങി.

ഫെബ്രുവരി മാസം അവസാനം ജില്ലയിൽ പട്ടയമേള നടത്തുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. 2300 പട്ടയം തയാറായിട്ടുണ്ട്. വനാവകാശ പട്ടയം കൂടി തയാറായ ശേഷം പട്ടയമേള നടത്തും. എൽ.ടി പട്ടയവിതരണം അടിയന്തിരമായി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനായി മണ്ഡലം അടിസ്ഥാനത്തിൽ അദാലത്തുകൾ സംഘടിപ്പിക്കുന്നതിന് നിലവിലുള്ള 25000 അപേക്ഷകളുടെ ഡാറ്റ തയ്യാറാക്കുന്നതിന് എൻ.ഐ.സിയുമായി ബന്ധപ്പെട്ട് സോഫ്റ്റ് വെയർ രൂപകൽപ്പന നടത്തുന്ന പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കളക്ടർ എൽ.ആർ അറിയിച്ചു. ഡാറ്റ എൻട്രി പൂർത്തിയാക്കി പട്ടയ അദാലത്തുകൾ മണ്ഡലം അടിസ്ഥാനത്തിൽ നടത്തും.

ഫെബ്രുവരിയിൽ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് താലൂക്ക് തലത്തിൽ ഫയൽ അദാലത്തുകൾ നടത്തുമെന്ന് കളക്ടർ അറിയിച്ചു. വിവിധ വകുപ്പുകൾ തമ്മിലെ തർക്കം കാരണം പരിഹാരമാവാത്ത ഫയലുകൾ തീർപ്പാക്കുകയാണ് അദാലത്തിന്റെ ലക്ഷ്യം. അദാലത്തിൽ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുക്കും.2019 ലെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ, അപാകതകൾ പരിഹരിച്ച് ജനുവരി 31നകം തീർപ്പുകൽപ്പിക്കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, മുനിസിപ്പൽ സെക്രട്ടറിമാർ, കോർപറേഷൻ സെക്രട്ടറി എന്നിവർക്ക് നൽകിയതായി ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. അപര്യാപ്തത ഉള്ള കേസുകളിൽ രേഖകൾ പരിശോധിച്ച് തിരുത്തൽ നടത്തിവരുന്നതായും അറിയിച്ചു.

എം.എൻ ലക്ഷം വീട് പദ്ധതിയിലെ ഇരട്ട വീട് ഒറ്റവീടാക്കുന്ന പ്രവൃത്തി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള സർക്കാർ അനുമതി ലഭ്യമാക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ജില്ലയിൽ പൊതുവിഭാഗത്തിൽ 585 ഇരട്ട വീടുകളും പട്ടികജാതി വിഭാഗത്തിൽ 147 ഇരട്ട വീടുകളുമുണ്ട്.ഡാറ്റാബാങ്ക് തിരുത്തലിനായി ലഭിച്ച 30005 അപേക്ഷകളിൽ 26136 എണ്ണത്തിന്റെ സ്ഥലപരിശോധന പൂർത്തീകരിച്ചിട്ടുണ്ടെന്നും 65 കൃഷി ഭവനുകളിൽ മുഴുവൻ അപേക്ഷകളിലും സ്ഥലപരിശോധന പൂർത്തീകരിച്ചിട്ടുണ്ടെന്നും പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.

ഡാറ്റാ ബാങ്ക് പുന:പരിശോധന സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കൃഷി ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഫെബ്രുവരി 15നകം നിർദ്ദിഷ്ട മാതൃകയിലുള്ള സ്ഥലപരിശോധനാ പൂർത്തീകരണ റിപ്പോർട്ട്, ഡാറ്റാ ബാങ്ക് പ്രസിദ്ധീകരണത്തിന് കൈമാറിയതിന്റെ വിശദീകരണങ്ങൾ അതാത് കൃഷി അസി. ഡയറക്ടർമാർ മുഖേന പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് സമർപ്പിക്കേണ്ടതാണെന്നുള്ള കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അറിയിച്ചു.

ജില്ലയിലെ പൊതുകുളങ്ങളുടെ വിവരങ്ങൾ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും ഓരോ നിയോജക മണ്ഡലങ്ങളിലും ഉൾപ്പെട്ട ലഭ്യമായ പൊതുകുളങ്ങളുടെ പട്ടിക എല്ലാഎം.എൽ.എ മാർക്കും ഇ മെയിൽ മുഖാന്തിരം ലഭ്യമാക്കിയിട്ടുണ്ടെന്നും ഹരിതകേരളമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. ഈ വിഷയത്തിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഫെബ്രുവരി ഒന്നിന് കൂടുന്നതിനായി തീരുമാനിച്ചിട്ടുണ്ട്.പുന്നയൂർക്കുളത്തെ രണ്ട് ഏക്കറോളം വരുന്ന ഏലയിങ്ങാട്ടുചിറ സ്വകാര്യ കുളത്തിലും പൊതുകുളത്തിലും ഉൾപ്പെടാത്ത രീതിയിലാണെന്നും അറിയിച്ചു.

ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതികൾ അവലോകനം ചെയ്യാൻ യോഗം ചേരാൻ തീരുമാനിച്ചു. ജില്ലയിലെ സ്‌കൂളുകളിലും അങ്കണവാടികളിലും ആശുപത്രികളിലും ഹോസ്റ്റലുകളിലും ഇഴജന്തുക്കളുടെ സാന്നിധ്യം പരിശോധിക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാരും ഹെഡ്മാസ്റ്റർമാരും നൽകേണ്ട ആവശ്യമായ മുൻകരുതലുകൾ നടപ്പിലാക്കിയതിന്റെ സാക്ഷ്യപത്രം മൂന്ന് മാസമായിട്ടും ലഭ്യമാക്കിയിട്ടില്ലെന്ന് കളക്ടർ പറഞ്ഞു. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ താലൂക്ക് തലത്തിൽ സ്‌കൂളുകളുടെ യോഗം ചേരാൻ കളക്ടർ നിർദേശിച്ചു.

ജില്ലാ കളക്ടർ എസ്. ഷാനവാസ് അധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, എം.എൽ.എമാരായ ബി.ഡി. ദേവസ്സി, ഇ.ടി. ടൈസൺ മാസ്റ്റർ, യു.ആർ. പ്രദീപ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.ആർ. മായ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

English summary
thrissur district development committee against citizen amendment bill
topbanner

More News from this section

Subscribe by Email