Friday July 10th, 2020 - 6:37:am

അതിരപ്പിള്ളി ട്രൈബൽ വാലി കാർഷികോൽപ്പന്നങ്ങൾ ലോകവിപണിയിലെത്തിക്കും: മന്ത്രി വി.എസ് സുനിൽകുമാർ

Anusha Aroli
അതിരപ്പിള്ളി ട്രൈബൽ വാലി കാർഷികോൽപ്പന്നങ്ങൾ ലോകവിപണിയിലെത്തിക്കും: മന്ത്രി വി.എസ് സുനിൽകുമാർ

തൃശൂർ : അതിരപ്പിള്ളി ട്രൈബൽ വാലി പദ്ധതിയുടെ കാർഷികോൽപ്പന്നങ്ങൾ മൂന്നു കൊല്ലം കൊണ്ട് ലോകവിപണിയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ പറഞ്ഞു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ അതിരപ്പിള്ളി പട്ടികവർഗ മേഖലയുടെ സമഗ്ര കാർഷിക വികസനത്തിനായി ആവിഷ്‌ക്കരിച്ച അതിരപ്പിള്ളി ട്രൈബൽ വാലി കാർഷിക പദ്ധതിയുടെ ഉദ്ഘാടനം മലക്കപ്പാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പട്ടികവർഗ മേഖലയിലെ കൃഷി പ്രകൃതിയെ ആശ്രയിച്ചുള്ള, പരമ്പരാഗത വിത്തുകൾ ഉപയോഗിച്ചുള്ള പ്രത്യേക കൃഷിയാണെന്ന് മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ പട്ടികവർഗ മേഖലയിലെ ചെറുധാന്യ കൃഷി പുനരാരംഭിച്ച സർക്കാർ മില്ലറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് അട്ടപ്പാടി ട്രൈബൽ പ്രൊഡക്ട് എന്ന നിലയിൽ ആറ് തരം ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുകയാണ്. അതിനേക്കാൾ മികച്ച സാധ്യതയാണ് അതിരിപ്പിള്ളിയിലുള്ളത്. ഒരുതരത്തിലുള്ള രാസകീടനാശിനിയും അതിരപ്പിള്ളിയിലെ ഊരുകളിൽ ചെന്നിട്ടുപോലുമില്ല. ഹൈബ്രിഡ് വിത്തുകൾ അവിടെ കൃഷി ചെയ്യുന്നില്ല.

പട്ടിക വർഗവിഭാഗത്തിന്റെ പരമ്പരാഗത കൃഷി അതേപടി സംരക്ഷിച്ച്, ആ ഉൽപ്പന്നങ്ങൾ അതേപടി വിപണിയിൽ എത്തിച്ചാൽ അതിന് വലിയ വില ലഭിക്കും. അന്താരാഷ്ട്രതലത്തിൽ ഏറ്റവും പ്രധാനപ്പെട്ട റെയിൻ ഫോറസ്റ്റ് സർട്ടിഫിക്കേഷൻ ഇതിന് ലഭിച്ചുകഴിഞ്ഞാൽ, ലോകത്തിലെ ഏതു വിപണിയിലും ഏറ്റവും ഉയർന്ന വിലയ്ക്ക് വിൽപന നടത്താൻ കഴിയും. കുരുമുളക്, കൊക്കോ, കാപ്പി, തേൻ, ആയുർവേദ ഉൽപ്പന്നങ്ങൾ എന്നിവ ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്.

പട്ടികവർഗ വിഭാഗത്തിന്റെ തനതു കൃഷിരീതിയും സംസ്‌കാരവും ജൈവവൈവിധ്യവും സംരക്ഷിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുക. ഇതിനായി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കർഷകരുടെ ഫാർമേഴസ് പ്രൊഡ്യൂസേഴ്‌സ് കമ്പനി അവരെ കൊണ്ട് തന്നെ രൂപീകരിച്ച് ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കും.

കേരള കാർഷിക സർവകലാശാലയോട് ട്രൈബൽ അഗ്രികൾച്ചർ വിഭാഗം ആരംഭിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുതരത്തിലും കലർപ്പില്ലാത്ത, തനതായ, മൗലികമായ, പട്ടികവർഗ വിഭാഗത്തിന്റെ എല്ലാ പരിശുദ്ധിയും ഉൾക്കൊള്ളുന്ന തരത്തിലുള്ള ഉൽപ്പന്നമായിരിക്കും കൊണ്ടുവരിക. ഈ പദ്ധതിയിൽ ഇടനിലക്കാർ വേണ്ട. ആരും ഇതിൽ കൈയിട്ടുവാരാൻ വരേണ്ട. ഇത് പട്ടികവർഗക്കാർക്ക് മാത്രം വേണ്ടിയുള്ളതാണ്. പട്ടികവർഗ മേഖലയിൽ ചില എൻ.ജി.ഒകൾ സ്വാർഥ താൽപര്യത്തോടെ പ്രവർത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ചാലക്കുടി എം.എൽ.എ ബി.ഡി. ദേവസ്സിയുടെ ഒരു നിയമസഭാ ചോദ്യത്തിൽനിന്നാണ് ഈ പദ്ധതിയുടെ ആശയം ഉരുത്തിരിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ഏറ്റവും മികച്ച കാപ്പിയായി ലോകം അംഗീകരിച്ച ആന്ധ്രയിലെ അരക്‌വാലി കാപ്പി അരക്‌വാലിയിലെ പട്ടികവർഗ വിഭാഗക്കാർ ഉൽപാദിപ്പിക്കുന്നതാണ്. ഇതാണ് അതിരപ്പിള്ളി ട്രൈബൽ വാലി കാർഷിക പദ്ധതിക്ക് പ്രചോദനമായത്. അതിന് ആദ്യഫണ്ട് അനുവദിച്ചു.

പിന്നീട്, യു.എൻ.ഡി.പി, പട്ടികവർഗ വകുപ്പ്, സഹകരണ വകുപ്പ് എന്നിവയുടെ സഹായം ലഭിച്ചു. നോഡൽ ഓഫീസറെ നിയമിച്ച് പദ്ധതി തയാറാക്കി. തുടർന്ന്, പത്തുവർഷമായി പ്രവർത്തനം നിലച്ച ഷോളയാർ ഗിരിജൻ സൊസൈറ്റി പുനരുദ്ധരിച്ചു. ഇനി അതിന് ഒരു സ്ഥിരം ഉദ്യോഗസ്ഥനെ നിയമിക്കും. റീബിൽഡ് കേരളയുടെ ഭാഗമായി കൃഷി വകുപ്പിന് അനുവദിച്ചതിൽ ഏഴര കോടി രൂപ മാറ്റി വെച്ചത് അതിരപ്പിള്ളി ട്രൈബൽ വാലി പദ്ധതിക്കാണെന്നും മന്ത്രി പറഞ്ഞു. 10.0161 കോടി രൂപയാണ് മൂന്ന് വർഷം നീണ്ടു നിൽക്കുന്ന ഈ പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.

പദ്ധതിയുടെ ഉൽപ്പന്ന സംഭരണം അടിച്ചിൽതൊട്ടി ഊരുമൂപ്പൻ പെരുമാളിൽനിന്ന് കാർഷികോൽപ്പന്നം സ്വീകരിച്ച് ഷോളയാർ ഗിരിജൻ സൊസൈറ്റി സെക്രട്ടറി ഉണ്ണികൃഷ്ണന് നൽകി മന്ത്രി ഉദ്ഘാടനം ചെയ്തു. 2017-18 വർഷം സംസ്ഥാനത്തെ ഏറ്റവും മികച്ച മൂന്നാമത്തെ ഊരിനുള്ള കാർഷിക അവാർഡ് നേടിയ തവളക്കുഴിപ്പാറ ഊരിനും 2018-19ൽ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ഊരിനുള്ള കാർഷിക അവാർഡ് നേടിയ അടിച്ചിൽതൊട്ടി ഊരിനും മന്ത്രി ഉപഹാരം നൽകി. ജീവനി പദ്ധതിയുടെ ഭാഗമായി കോടാലി മുളക് തൈ, കോടാറ്റ് പയർ തൈ എന്നിവ സമ്മാനിച്ച് ഊരുമൂപ്പൻമാരെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.

ബി.ഡി. ദേവസ്സി എം.എൽ.എ അധ്യക്ഷനായി. കൃഷി വകുപ്പ് അഡീഷനൽ ഡയറക്ടർ ആൻസി ജോൺ ആമുഖപ്രഭാഷണം നടത്തി. അതിരപ്പിള്ളി ട്രൈബൽ വാലി കാർഷിക പദ്ധതി നോഡൽ ഓഫീസർ എസ്.എസ്. സാലുമോൻ പദ്ധതി വിശദീകരിച്ചു.

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഷീജു, തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം സിനി ടീച്ചർ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. വിജു വാഴക്കാല, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. കറുപ്പ സ്വാമി, സ്ഥിരം സമിതി അധ്യക്ഷരായ ചന്ദ്രിക ഷിബു, കെ.എം. ജോഷി, ജയ തമ്പി, ചാലക്കുടി ടൈബൽ ഡവലപ്‌മെൻറ് ഓഫീസർ ഇ.ആർ. സന്തോഷ്‌കുമാറ, ചാലക്കുടി കൃഷി അസി. ഡയറക്ടർ എൽസി അഗസ്റ്റിൽ, ഷോളയാർ ഗിരിജൻ സൊസൈറ്റി സെക്രട്ടറി ഉണ്ണികൃഷ്ണൻ, ഊരുമൂപ്പൻമാരായ മയിലാമണി പെരുമ്പാറ, പെരുമാൾ അടിച്ചിൽതൊട്ടി, രാജു അരയക്കാപ്പ്, ഗോപി തവളക്കുഴിപ്പാറ, ഗോപാൽസ്വാമി വെട്ടിവിട്ടക്കാട്, രാജൻ വാച്ചുമരം, സുബ്രഹ്മണ്യൻ പൊകലപ്പാറ, ഷാജി വെറ്റിലപ്പാറ വെട്ടിക്കുഴി, മാധവൻ പെരിങ്ങൽക്കുത്ത്, രാമൻ ആനക്കയം, അബ്ബാസ് ഷോളയാർ, രാമചന്ദ്രൻ മൂക്കുംപുഴ, രാജേഷ് പിള്ളപ്പാറ, വാഴച്ചാൽ ഊരുമൂപ്പത്തി ഗീത, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ എന്നിവർ സംസാരിച്ചു. അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ വർഗീസ് സ്വാഗതവും വെറ്റിലപ്പാറ കൃഷിഭവൻ കൃഷി ഓഫീസർ പി.കെ. ജയശ്രീ നന്ദിയും പറഞ്ഞു.

ഉദ്ഘാടനത്തിന്റെ ഭാഗമായി അതിരപ്പിള്ളി ട്രൈബൽ വാലി പദ്ധതിയുടെ കാർഷികോൽപ്പന്ന പ്രദർശനവും വിൽപനയും ഉണ്ടായിരുന്നു. പട്ടികവർഗ വിഭാഗക്കാർ പരമ്പരാഗത വാദ്യവും നൃത്തവുമായാണ് മന്ത്രിയെ വേദിയിലേക്ക് ആനയിച്ചത്.

English summary
thrissur athirappalli tribal vally
topbanner

More News from this section

Subscribe by Email