Friday July 10th, 2020 - 5:59:am

അന്താരാഷ്ട്ര ജൈവവൈവിധ്യ കോൺഗ്രസ് തിരുവനന്തപുരത്ത് തിരിച്ചെത്തുന്നു

Anusha Aroli
അന്താരാഷ്ട്ര ജൈവവൈവിധ്യ കോൺഗ്രസ് തിരുവനന്തപുരത്ത് തിരിച്ചെത്തുന്നു

തിരുവനന്തപുരം: ഇത്തവണത്തെ അന്താരാഷ്ട്ര ജൈവവൈവിധ്യ കോൺഗ്രസിന് (ഇന്റർനാഷണൽ ബയോഡൈവേഴ്സിറ്റി കോൺഗ്രസ്-ഐ ബി സി) തിരുവനന്തപുരം വേദിയാകും. പത്തുവർഷത്തിനു ശേഷമാണ് ദേശീയ, അന്തർദേശീയ തലങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന പരിപാടി തിരുവനന്തപുരത്ത് തിരിച്ചെത്തുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രമുഖ പരിസ്ഥിതി പ്രവർത്തകയും സംഘാടകരിൽ ഒരാളുമായ ഡോ. വന്ദന ശിവ പത്രസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഈ വർഷം നവംബർ 25 മുതൽ 27 വരെ തിരുവനന്തപുരം കാര്യവട്ടത്തുള്ള കേരള സർവകലാശാല ക്യാമ്പസിൽ വച്ചാണ് ഐ ബി സി 2020 നടക്കുക.

തിരുവനന്തപുരം ആസ്ഥാനമായ സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷനും (സിസ്സ) ഡൽഹി ആസ്ഥാനമായ നവ്ധാന്യയുമാണ് ഐ ബി സി യുടെ സംഘാടകർ. ലോകമെമ്പാടുനിന്നും ആയിരത്തിലേറെ പ്രതിനിധികൾ സമ്മേളനത്തിന്റെ ഭാഗമാകും.

അക്കാദമിക്കുകൾ, ഗവേഷകർ, വിദ്യാർഥികൾ, സിറ്റിസൺ സയന്റിസ്റ്റുകൾ, കർഷകർ, സാമൂഹ്യപ്രവർത്തകർ, സർക്കാർ-സർക്കാറിതര സന്നദ്ധ സംഘടനകൾ, കമ്മ്യൂണിറ്റി പ്രതിനിധികൾ, വ്യാപാര സമൂഹം തുടങ്ങി വിവിധ മേഖലകളെ പ്രതിനിധാനം ചെയ്യുന്നവരുടെ ഏറ്റവും വിപുലമായ ഒത്തുചേരലാണ് നടക്കുന്നത്.

പരിപാടിയുടെ ഭാഗമായി അന്തർദേശീയ സെമിനാറുകൾ, പ്രദർശനങ്ങൾ, യൂത്ത് ബയോ ഡൈവേഴ്സിറ്റി കോൺഗ്രസ്( വൈ ബി സി ), പൗരസമൂഹ സമ്മേളനം, ശില്പശാലകൾ, ദേശീയ ഫോട്ടോഗ്രഫി മത്സരം, ഡോക്യുമെന്ററി ചലച്ചിത്രോത്സവം എന്നിവയും അരങ്ങേറുന്നുണ്ട്.

ഐക്യരാഷ്ട്രസഭയുടെ ഭാഗമായ ജൈവവൈവിധ്യ കൺവെൻഷൻ (സി ബി ഡി ), ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതി( യു എൻ ഇ പി ), അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സമിതി( ഐ യു സി എൻ) എന്നിവയുടെ പ്രതിനിധികളും എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കും വിധത്തിൽ ജൈവവൈവിധ്യ സംരക്ഷണത്തിൽ ഊന്നിയുള്ള പാരിസ്ഥിതിക നാഗരികത രൂപപ്പെടുത്തുക, ജൈവവൈവിധ്യ ദർശനം കൂടുതൽ ജനവിഭാഗങ്ങളിൽ എത്തിച്ചേരാൻ പര്യാപ്തമായ വിപുലമായ സംവിധാനവും ശൃംഖലയും കെട്ടിപ്പടുക്കുക, വിവിധ പഠനശാഖകളുടെ പങ്കാളിത്തത്തോടെ പൊതുവേദി രൂപീകരിക്കുക; സമ്പദ് വ്യവസ്ഥ, സൗന്ദര്യശാസ്ത്രം, സാംസ്‌കാരിക പരിണാമം എന്നിവയ്ക്കും ജൈവവൈവിധ്യത്തിനും ഇടയ്ക്കുള്ള പാരസ്പര്യത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുക തുടങ്ങി ജൈവവൈവിധ്യ കോൺഗ്രസ് മുന്നോട്ടുവെയ്ക്കുന്ന ലക്ഷ്യങ്ങൾ നിരവധിയാണെന്ന് ഡോ.വന്ദന ശിവ പറഞ്ഞു.

ഈ രംഗത്ത് നിലവിൽ സ്വീകരിക്കേണ്ടതും ഭാവിയിൽ പിന്തുടരേണ്ടതുമായ സമീപനങ്ങളെയും നിലപാടുകളെയും കുറിച്ച് ചർച്ച ചെയ്യുകയും വിദ്യാഭ്യാസ, ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ പാരിസ്ഥിതിക നാഗരികത കൈവരിക്കുകയുമാണ് ഉദ്ദേശ്യം.

ഇന്ത്യന്‍ ജൈവവൈവിധ്യ വ്യവസ്ഥ ഇപ്പോള്‍ പുതിയ രണ്ടുതരം ഭീഷണികളെ നേരിടുന്നതായി വന്ദനാശിവ പറഞ്ഞു. "കൃഷി അപ്രത്യക്ഷമാകുന്ന ഈ കാലത്ത് ഓര്‍ഗാനിക് കൃഷി രീതിയാണ് നമ്മുടെ പ്രതീക്ഷ. എന്നാല്‍ കൃത്രിമ രീതിയില്‍ ആഹാര പദാര്‍ഥങ്ങള്‍ ഇപ്പോള്‍ വിപണി കീഴടക്കുകയാണ്.

ഫാം ഫ്രീ ഫുഡ്‌, ഡയറി ഫ്രീ മില്‍ക്ക് എന്നൊക്കെ പലപേരുകളിലാണ് അവ നമുക്കിടയിലേക്ക് വരുന്നത്. വളരെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് അവ ഉണ്ടാക്കുക. വിത്തുകളുടെ പഠനമെന്ന പേരില്‍ 'ജെനറിക്ക് മാപ്പിംഗ്' നടത്തി പുതിയ ഭക്ഷ്യ വിളകള്‍ ഉത്പാദിപ്പിച്ച് അവയ്ക്ക് പേറ്റന്റ്‌ നേടാനുമുള്ള ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നു. ഇത് വളരെ അപകടകരമായ കാര്യമാണ്", അവർ പറഞ്ഞു.

'ജൈവവൈവിധ്യ ലക്ഷ്യങ്ങൾ 2020 -ലും ശേഷവും: തൽസ്ഥിതിയും പ്രതീക്ഷകളും' എന്ന വിഷയമാണ് പുതിയ പതിപ്പ് ചർച്ചചെയ്യുന്നത്. ജൈവവൈവിധ്യ സംരക്ഷണത്തിനായി തന്ത്രപരമായ പദ്ധതികൾ ആവിഷ്കരിക്കുകയും പരിസ്ഥിതി സൗഹൃദ ജീവിതരീതി രൂപപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ 2011 മുതൽ 2020 വരെയുള്ള പത്തുവർഷക്കാലം ജൈവവൈവിധ്യ ദശാബ്ദമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രസ്തുത വിഷയം തിരഞ്ഞെടുത്തത്.

'ജൈവവൈവിധ്യം, വികസനം, പാരിസ്ഥിതിക പുനഃസ്ഥാപനം' എന്ന വിഷയത്തിൽ പ്രത്യേക സിമ്പോസിയം ഇത്തവണ അരങ്ങേറും. വികസനത്തിന്റെ സമ്മർദങ്ങൾക്കിരയായി കാർഷിക മേഖലയിലുൾപ്പെടെ വ്യാപകമായിരിക്കുന്ന ജൈവവൈവിധ്യ ശോഷണം തടയാനും പരിസ്ഥിതിയെ തിരിച്ചുപിടിക്കുന്ന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനുമായി 2021 മുതൽ 2030 വരെയുള്ള പത്തുവർഷക്കാലം ആവാസവ്യവസ്ഥയുടെ പുനരുദ്ധാരണ ദശാബ്ദമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ നൽകിയിട്ടുള്ള നിർദേശങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രസ്തുത മേഖലയിൽ ഊന്നൽ നൽകിയുള്ള സിമ്പോസിയം സംഘടിപ്പിക്കുന്നത്.

'ജൈവവൈവിധ്യം, വനങ്ങൾ, ജീവനോപാധികൾ' എന്ന വിഷയത്തെ ആസ്പദമാക്കി പൊതുപ്രദർശനവും നടക്കുന്നുണ്ട്. സർക്കാർ-സർക്കാറിതര സന്നദ്ധ സംഘടനകൾ, അക്കാദമിക്- ഗവേഷണ സ്ഥാപനങ്ങൾ, സിവിൽ സമൂഹങ്ങൾ, വ്യവസായ ഗ്രൂപ്പുകൾ എന്നിവ എക്സ്പോയുടെ ഭാഗമാകും. ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി പൊതുജനങ്ങൾക്കിടയിൽ അവബോധം വർധിപ്പിക്കുകയാണ് ലക്ഷ്യം. വെല്ലുവിളികളെ ബോധ്യപ്പെടുത്തിയും പരിഹാരങ്ങൾ നിർദേശിച്ചും മുന്നേറുന്ന വിധത്തിലാവും പ്രദർശനത്തിന്റെ രൂപകല്‌പന.

രണ്ടുവർഷത്തിലൊരിക്കൽ നടക്കുന്ന ഐ ബി സിയുടെ ഒന്നാം പതിപ്പ് അരങ്ങേറിയത് 2010-ൽ തിരുവനന്തപുരത്ത് വെച്ചായിരുന്നു. തുടർന്നുള്ള എഡിഷനുകൾ നടന്നത് ബെംഗളൂരു( ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്), ചെന്നൈ(എസ് ആർ എം യൂണിവേഴ്സിറ്റി), പോണ്ടിച്ചേരി(കേന്ദ്ര സർവകലാശാല), ഡെഹ്റാഡൂൺ( വനഗവേഷണ കേന്ദ്രം) എന്നിവിടങ്ങളിലാണ്.

ഡോ. എ ജി പാണ്ഡുരംഗൻ( മുൻ ഡയറക്ടർ, കെ എസ് സി എസ് ടി ഇ -ജെ എൻ ടി ബി ജി ആർ ഐ), ഡോ. സി സുരേഷ്‌കുമാർ(ജനറൽ സെക്രട്ടറി, സിസ്സ), ഡോ. പി കൃഷ്ണൻ(എമിരറ്റസ് സയന്റിസ്റ്റ്, മലബാർ ബൊട്ടാണിക് ഗാർഡൻ), പ്രൊഫ. എ ബിജുകുമാർ (കേരള സർവകലാശാല), അജിത്ത് വെണ്ണിയൂർ (സിസ്സ) എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 9447216157 എന്ന നമ്പറിൽ ബന്ധപ്പെടുക.

English summary
thiruvananthapuram internatioal biodiversity congress 2020
topbanner

More News from this section

Subscribe by Email