Friday August 7th, 2020 - 1:11:am

പത്തനംതിട്ട ജില്ലയില്‍ മഴ കനക്കുന്നു; ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Anusha Aroli
പത്തനംതിട്ട ജില്ലയില്‍ മഴ കനക്കുന്നു; ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചന പ്രകാരം വരും ദിവസങ്ങളില്‍ മഴ ശക്തമാകാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിരുന്ന ന്യൂനമര്‍ദം ശക്തി പ്രാപിച്ചു. പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. ജില്ലയില്‍ നാളെ മഞ്ഞ അലര്‍ട്. മഴ ശക്തി പ്രാപിക്കുന്നതിനെ തുടര്‍ന്ന് ജില്ലാ ഭരണാകുടം പൊതുജനങ്ങള്‍ക്കും വിവിധ വകുപ്പുകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജില്ലയില്‍ രണ്ടു താലൂക്കുകളിലായി അഞ്ചു വീടുകള്‍ക്കു ഭാഗിക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. മഴ കനത്തതോടെ ഡാമുകളിലെ ജല നിരപ്പ് ഉയരാന്‍ തുടങ്ങി. മണിയാര്‍ ഡാമിലെ ജല നിരപ്പ് ഉയരുന്നതിനാല്‍ സ്പില്‍ വേ ഷട്ടറുകള്‍ തുറന്നു അധിക ജലം കക്കാട് ആറ്റിലേക്ക് ഒഴുക്കാനുള്ള സാഹചര്യം നിലനില്‍ക്കുന്നു. ഇതിനാല്‍ കക്കാട്, പമ്പ നദീതീരവാസികള്‍ ജാഗ്രത പാലിക്കണം. പമ്പ, കക്കി, ശബരിഗിരി പോലുള്ള പ്രധാന ഡാമുകളിലെ നിലവിലെ സംഭരണം പരമാവധി സംഭരണ ശേഷിയുടെ 25 മുതല്‍ 30 ശതമാനം മാത്രമേ ഉള്ളൂ. അതേസമയം, ചെറിയ സംഭരണ ശേഷിയുള്ള ചെറുകിട ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്.

റാന്നി താലൂക്കിലെ നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ തടയണയില്‍ വെള്ളം കവിഞ്ഞ് ഒഴുകുന്നതിനാല്‍ കുറുമ്പന്‍ മൂഴി കോളനിയിലേക്ക് പോകുന്ന കോസ്വേ വെള്ളം കയറി. മഴ വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കോളനി നിവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ കോളനിയില്‍ നിന്ന് ഇവരെ ക്യാമ്പിലേക്ക് മാറ്റാന്‍ പഞ്ചായത്ത് അധികൃതര്‍ക്കും ഫയര്‍ ഫോഴ്സിനും നിര്‍ദേശം നല്‍കി. റാന്നി തഹല്‍സില്‍ദാര്‍ക്കും ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി.പമ്പാ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ഭക്തര്‍ പമ്പയിലേക്ക് ഇറങ്ങുന്നത് നിയന്ത്രിക്കാന്‍ ഫയര്‍ഫോഴ്സ്, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ദേവസ്വം വകുപ്പിനും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.

തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക. റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഒരു കാരണവശാലും തോടുകളും പുഴയും മുറിച്ചു കടക്കരുത്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക.

ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ സഹായത്തിനായി ബന്ധപ്പെടാം. കളക്ട്രേറ്റ്-0468 2322515/0468 2222515/8078808915, താലൂക്ക് ഓഫീസ് തിരുവല്ല- 0469 2601303, കോഴഞ്ചേരി- 04682222221, മല്ലപ്പളളി- 0469 2682293, അടൂര്‍- 04734 224826, റാന്നി- 04735 227442, കോന്നി- 0468 2240087.

ജാഗ്രതാ നിര്‍ദേശം

കാലവര്‍ഷം കനത്തതിനാലും മണിയാര്‍ ബാരേജിനു മുകള്‍ ഭാഗത്തുള്ള കാരിക്കയം ചെറുകിട ജലവൈദ്യുത പദ്ധതിയിലെ വൈദ്യുതോത്പാദനം കൂട്ടിയതിനാലും മണിയാര്‍ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടു. ഇതുമൂലം മണിയാര്‍ ബാരേജിലെ ഷട്ടറുകള്‍ നിയന്ത്രിതമായ രീതിയില്‍ തുറന്ന് അധികജലം കക്കാട്ടാറിലേക്ക് തുറന്നുവിടേണ്ട സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ മണിയാര്‍, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികള്‍ ഉള്‍പ്പെടെ പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ജില്ലയിലെ എല്ലാ നദികളിലേയും നീരൊഴുക്ക് കൂടിയതിനാല്‍ പൊതുജനങ്ങള്‍ നദികളില്‍ ഇറങ്ങേണ്ട സാഹചര്യം പൂര്‍ണമായും ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം

ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് നിലവിലുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനം ഇന്ന് നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍ദേശം നല്‍കി. ഇക്കാര്യം ഉറപ്പാക്കുന്നതിന് തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

English summary
patthanamthitta orange alert
topbanner

More News from this section

Subscribe by Email