Sunday October 20th, 2019 - 6:31:am
topbanner

ജനവാസമേഖലയില്‍ പാറമട: പ്രതിഷേധവുമായി നാട്ടുകാര്‍

fasila
ജനവാസമേഖലയില്‍ പാറമട: പ്രതിഷേധവുമായി നാട്ടുകാര്‍

അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ 7-ാം വാര്‍ഡില്‍ ഏഴാറ്റുമുഖം - കട്ടിംഗ് ഭാഗത്ത് ജനവാസമേഖലയില്‍ പാറമട ആരംഭിക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. ചാലക്കുടി അങ്കമാലി നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ ജലസേചനത്തിനും കുടിവെള്ളത്തിനും ആശ്രയിക്കുന്ന ചാലക്കുടി ഇടതുകരമെയിന്‍ കനാലിന്റേയും അടിച്ചിലി ബ്രാഞ്ച് കനാലിന്റേയും സമീപത്താണ് നിര്‍ദ്ദിഷ്ട പാറമട ആരംഭിക്കാനുദ്ദേശിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൂടാതെ നിരവധി വീടുകളും ഈ ഭാഗത്തുണ്ട്. ഇവിടെ പാറമട ആരംഭിച്ചാല്‍ ഒട്ടേറെ വീടുകള്‍ക്ക് നാശങ്ങള്‍ സംഭവിക്കും. രണ്ട് കനാലുകളും തകര്‍ന്ന് തരിപ്പണമാകും. ഇതുമൂലം രൂക്ഷമായ കുടിവെള്ളക്ഷാമവും കൃഷിനാശവും സംഭവിക്കും. മഹാപ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ ഏഴാറ്റുമുഖം ഗ്രാമവാസികള്‍ക്ക് രക്ഷാമാര്‍ഗ്ഗമായ ഏഴാറ്റുമുഖം - കട്ടിംഗ് റോഡ് പാറമട തുടങ്ങിയാല്‍ നാമാവശേഷമാകും.

ഈ സാഹചര്യത്തിലാണ് ജനങ്ങള്‍ സംഘടിച്ച് സമരരംഗത്തേക്ക് ഇറങ്ങിയത്. ജനവികാരം കണക്കിലെടുത്ത് പാറമടക്ക് കറുകുറ്റി ഗ്രാമപഞ്ചായത്ത് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നടത്തിപ്പുകാര്‍ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും എൻ ഒ സി ലഭിക്കുന്ന മുറക്ക് പാറമടക്ക് അനുമതി നല്‍കാവുന്നതാണ് എന്നുള്ള നിര്‍ദ്ദേശമാണ് പഞ്ചായത്ത് സെക്രട്ടറിക്ക് ട്രൈബ്യൂണല്‍ നല്‍കിയിട്ടുള്ളത്.

ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതരെ സ്വാധീനിച്ച് കനാലിന്റെ അറ്റകുറ്റ പണികള്‍ക്കായി 16 ലക്ഷം രൂപ കെട്ടിവച്ച് എൻ ഒ സി തരപ്പെടുത്താനുള്ള ശ്രമത്തിലാണ് പാറമട ലോബി. പ്രളയസമയത്ത് ചാലക്കുടി ഇടതുകര മെയിന്‍കനാല്‍ 100 അടിയോളം താഴ്ചയിലേക്ക് ഇടിഞ്ഞ് നിരങ്ങിപോയത് പാറമട ആരംഭിക്കാനുദ്ദേശിക്കുന്ന സ്ഥലത്താണ്. ലക്ഷങ്ങള്‍ മുടക്കി മണ്ണ് നിറച്ച ചാക്കുകള്‍ പാകിയാണ് കനാല്‍ പൂര്‍വ്വസ്ഥിതിയിലാക്കിയിട്ടുള്ളത്.

ഈ ഭാഗത്ത് ചെറിയ സ്‌ഫോടനം ഉണ്ടായാല്‍ പോലും കനാല്‍ തകരും. വേണ്ടത്ര പഠനം നടത്താതെ എൻ ഒ സി നല്‍കാനുള്ള ഇറിഗേഷന്‍ വകുപ്പിന്റെ നീക്കത്തിനെതിരെ വന്‍ പ്രതിഷേധം ഉയരുകയാണ്. ഇതിന്റെ ഭാഗമായി ഏഴാറ്റുമുഖം കവലയില്‍ ചേര്‍ന്ന പ്രതിഷേധക്കൂട്ടായ്മ ഏഴാറ്റുമുഖം സെന്റ്. തോമസ് പള്ളി വികാരി ഫാ. സുബിന്‍ പാറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌മെമ്പര്‍ ഉഷ മനോഹരന്‍ അദ്ധ്യക്ഷത വഹിച്ചു.

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജയ്‌സണ്‍ പാനികുളങ്ങര മുഖ്യപ്രഭാഷണം നടത്തി. കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര, വിവിധ രാഷ്ട്രീയ മത സന്നദ്ധ സംഘടനാ നേതാക്കളായ കെ.പി പോളി, സി.പി സെബാസ്റ്റ്യന്‍, ജോണി മൈപ്പാന്‍, ബെന്നി മാടശ്ശേരി, ഐ.എസ് ഷാജി, റോജീസ് മുണ്ടപ്ലാക്കന്‍, റിസോ തോമസ്, കെ.വി സാബു, ഷാജു നെടുവേലി, പി.വി മാര്‍ട്ടിന്‍, ടി.എ ബെന്നി, എന്നിവര്‍ പ്രസംഗിച്ചു. പാറമടക്ക് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എൻ ഒ സി നല്‍കിയാല്‍ ശക്തമായ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പാറമടവിരുദ്ധ ജനകീയ സമിതി ഭാരവാഹികള്‍ അറിയിച്ചു.

Read more topics: kochi, populated area, paramada,
English summary
paramada in populated area
topbanner

More News from this section

Subscribe by Email