പാലക്കാട്: കൊല്ലം സ്വദേശിനിയായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പ്രതിയുടെ സാന്നിധ്യത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തി. യുവതിയുടെ ആഭരണങ്ങളും മൃതദേഹം കുഴിച്ചുമൂടാന്‍ ഉപയോഗിച്ച മണ്‍വെട്ടിയും കണ്ടെടുത്തു. യുവതിയെ കൊലപ്പെടുത്തിയതിനുശേഷം കാലുകള്‍ മുറിച്ചുമാറ്റാന്‍ ഉപയോഗിച്ച കത്തി കണ്ടെത്താനായില്ല. ഇതിനായി വീണ്ടും തെരച്ചില്‍ നടത്തും. കൊല്ലം തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര പിള്ള (42)യാണ് പാലക്കാട്ട് കൊലചെയ്യപ്പെട്ടത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
യുവതിയെ മാര്‍ച്ച് 20 മുതല്‍ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ കൊല്ലം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. സംഭവത്തില്‍ പാലക്കാട്ട് വാടകയ്ക്ക് താമസിച്ചിരുന്ന സംഗീത അധ്യാപകന് കോഴിക്കോട് ചങ്ങരോത്ത് പ്രശാന്ത് (32)നെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പ്രശാന്ത് താമസിച്ചിരുന്ന പാലക്കാട് മണലി ശ്രീറാം നഗറിലെ വീടിനോട് ചേര്‍ന്നുള്ള കാടുപിടിച്ച വയലിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്.
പ്രതിയുടെ സാന്നിധ്യത്തിലാണ് അഴുകിയ മൃതദേഹം കഴിഞ്ഞ 29ന് പുറത്തെടുത്തത്. പോസ്റ്റ്മോര്‍ട്ടത്തില്‍ കഴുത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. ഫോണ്‍ കേബിള്‍ ഉപയോഗിച്ചാണ് കഴുത്തുമുറുക്കിയതെന്ന് പ്രശാന്തും മൊഴി നല്കി. കൊല നടത്തിയശേഷമാണ് പ്രതി കുഴിവെട്ടാനായി മണ്‍വെട്ടി വാങ്ങിയത്. ഈ മണ്‍വെട്ടിയാണ് ശ്രീറാം കോളനിയിലെ അങ്കണവാടിക്ക് പിന്നിലെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെടുത്തത്.
സുചിത്രയുടേതെന്ന് കരുതുന്ന ആഭരണങ്ങള്‍ വീടിനു മുന്‍വശത്തെ മതിലിലെ വിടവില്‍ പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലും കണ്ടെത്തി. മൃതദേഹം കത്തിക്കാനായി പെട്രോള്‍ വാങ്ങിയെന്ന് കരുതുന്ന കാന്‍ രാമാനാഥപുരം തോട്ടുപാലത്തിന് സമീപത്തുനിന്നാണ് ലഭിച്ചത്. മൃതദേഹത്തിന്റെ കാലുകള്‍ മുറിച്ചുമാറ്റാന്‍ ഉപയോഗിച്ച കത്തിക്കായി മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ളവ ഉപയോഗിച്ച് നടത്തിയ തെരച്ചില്‍ ഫലം കണ്ടില്ല. ഇന്നലെ ഉച്ചയോടെ ആരംഭിച്ച തെളിവെടുപ്പ് വൈകുന്നേരം ആറുമണിവരെ നീണ്ടു.