Saturday October 19th, 2019 - 10:09:am
topbanner

പാലക്കാട് മോഷ്ടിച്ചെടുത്ത ബൈക്കില്‍ കറങ്ങി മാലപൊട്ടിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

princy
പാലക്കാട് മോഷ്ടിച്ചെടുത്ത ബൈക്കില്‍ കറങ്ങി മാലപൊട്ടിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

പാലക്കാട്:മോഷ്ടിച്ചെടുത്ത ബൈക്കില്‍ കറങ്ങി മാലപൊട്ടിക്കുന്ന സംഘത്തിലെ രണ്ടുപേരെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തു. കോയമ്പത്തൂര്‍ പോത്തനൂര്‍ കുറിച്ചിപ്പിരിവ് സ്വദേശി റൗഫ് എന്ന മുടിയന്‍ റൗഫ്(25), കുനിയമ്പത്തൂര്‍ സ്വദേശി റസൂല്‍(20) എന്നിവരാണ് പിടിയിലായത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ അഞ്ചോളം മാല മോഷണ കേസുകള്‍ക്കും, മൂന്ന് ബൈക്ക് മോഷണ കേസുകള്‍ക്കും തുമ്പായി. സംഘത്തില്‍ ഉള്‍പ്പെട്ട മൂന്നുപേരെ കൂടി പിടികൂടാനുണ്ട്.രണ്ടാഴ്ച മുന്‍പ് പുതുശ്ശേരിയില്‍ രാവിലെ ബസ് കാത്തുനിന്ന വീട്ടമ്മയുടെ അഞ്ചു പവന്‍ മാല പൊട്ടിച്ചിരുന്നു. പ്രതികള്‍ സഞ്ചരിച്ച ബൈക്കും, ഫോട്ടോയും സിസിടിവി കാമറയില്‍ പതിഞ്ഞത് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വലയിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വെസ്റ്റ് യാക്കര തങ്കം ഹോസ്പിറ്റല്‍ റോഡില്‍ വസന്തകുമാരിയുടെ മൂന്നുപവന്‍ മാല, പുതുശ്ശേരി കുരുടിക്കാട് ഗീതയുടെ മൂന്നരപ്പവന്‍ മാല, കഞ്ചിക്കോട് ചടയന്‍കാലായ് ദിവ്യപ്രിയയുടെ അഞ്ചരപ്പവന്‍ മാല, പുതുശ്ശേരി നെല്ലിക്കാട് ഷിനിലയുടെ അഞ്ചുപവന്‍ മാല, വാളയാര്‍ പാമ്പന്‍പള്ളം ഗീതയുടെ 2 പവന്‍ മാല, വെസ്റ്റ് യാക്കര ശശിധരന്റെ യമഹ ബൈക്ക്, വെസ്റ്റ് യാക്കര കിരണ്‍പ്രസാദിന്റെ എന്‍ഫീല്‍ഡ് ബുള്ളറ്റ്, കിണാശേരി കിരണിന്റെ യമഹ ബൈക്ക് എന്നിവ കവര്‍ന്നത് പ്രതികള്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു.പ്രതികള്‍ മാല പൊട്ടിക്കാനെത്തിയ കെ.ടി.എം. ഡ്യൂക് ബൈക്ക് കോയമ്പത്തൂരില്‍ നിന്നും മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു. മോഷണമുതലുകള്‍ കോയമ്പത്തൂരിലെ വിവിധ ജ്വല്ലറികളില്‍ വിറ്റതായി പ്രതികള്‍ മൊഴി നല്‍കി. സമീപകാലത്തായി പാലക്കാട്-കോയമ്പത്തൂര്‍ ദേശീയപാത കേന്ദ്രീകരിച്ച് നടന്നു വന്ന മാലമോഷണ സംഭവങ്ങള്‍ അന്വേഷിക്കുന്നതിനായി ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രത്തിന്റെ നിര്‍ദേശപ്രകാരം പാലക്കാട് ഡിവൈ.എസ്.പി: സാജു കെ. എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് പ്രതികളെ വലയിലാക്കിയത്.

പ്രതികള്‍ക്കെതിരേ തമിഴ്‌നാട്ടിലെ ശരവണം പട്ടി, സിങ്കനെല്ലൂര്‍ പോലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുണ്ട്. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയാണ് വീണ്ടും മോഷണം ആരംഭിച്ചത്. യമഹ, പള്‍സര്‍, ഡ്യൂക് ബൈക്കുകളിലെത്തിയാണ് മാല പൊട്ടിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ടൗണ്‍ നോര്‍ത്ത് സി.ഐ: ഷിജു എബ്രഹാം, എസ്.ഐ: എസ്. അന്‍ഷാദ്, എ.എസ്.ഐ: നന്ദകുമാര്‍, എസ്.സി.പി.ഒ: രാധാകൃഷ്ണന്‍, സി.പി.ഒ.മാരായ പി.എച്ച്. നൗഷാദ്, അബുത്തഹിര്‍, ഹിരോഷ്, സുമേഷ്, സതീഷ്, സന്തോഷ് കുമാര്‍, ഡ്രൈവര്‍ എസ്.സി.പി.ഒ. രതീഷ്, ജില്ലാ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ: എസ്. ജലീല്‍, ജയകുമാര്‍, സി.എസ്. സാജിദ്, ആര്‍. കിഷോര്‍, കെ. അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, ആര്‍. രാജീദ്, എസ്. ഷമീര്‍ എന്നിവരങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.

Read more topics: palakkad, chain robbery, case
English summary
palakkad chain robbery case two youth were arrested
topbanner

More News from this section

Subscribe by Email