Monday April 6th, 2020 - 1:21:am
topbanner

ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സമാപിച്ചു

NewsDesk
ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സമാപിച്ചു

കോട്ടയം: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭാ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സമാപിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സഭയെയും സമൂഹത്തെയും ബാധിക്കുന്ന ആനുകാലിക വിഷയങ്ങളെക്കുറിച്ച് വിവിധ തീരുമാനങ്ങള്‍ രൂപപ്പെടുത്തി. മാറുന്ന കാലത്തിലെ വിശ്വാസ പ്രതിസന്ധികളില്‍ വൈദീകരും വിശ്വാസ സമൂഹവും ഒരുമിച്ച് മുന്നേറണമെന്ന് ആഹ്വാനം ചെയ്തു. യുവതി-യുവാക്കള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിശ്വാസികളുടെയും ആരാധനാ പങ്കാളിത്തം ഉറപ്പാക്കുവാനുള്ള ഇടയ പരിപാലന കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കും. കടുത്ത സാമ്പത്തിക മാന്ദ്യവും പ്രതിസന്ധിയും നേരിടുന്ന സാഹചര്യത്തില്‍ സഭയിലും സമൂഹത്തിലും കര്‍ശനമായ സാമ്പത്തിക അച്ചടക്കത്തിനുള്ള മാര്‍ഗ്ഗരേഖ അടങ്ങുന്ന ‘ലളിതം, സുന്ദരം’ സഭയുടെ മാനവവിഭവ ശേഷി വകുപ്പിന്റെ ചുമതലയില്‍ നടപ്പാക്കുവാന്‍ നിശ്ചയിച്ചു.

സഭയിലെ വൈദികസ്ഥാനികളുടെയും മറ്റ് പ്രവര്‍ത്തകരുടെയും പെരുമാറ്റച്ചട്ടങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗരേഖ അംഗീകരിച്ചു. വൈദീകരുടെയും പ്രധാന ശുശ്രൂഷകരുടെയും 2020-25 കാലയളവിലേയ്ക്കുള്ള ശമ്പള പദ്ധതി അംഗീകരിച്ചു. ആദ്ധ്യാത്മീക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുവാന്‍ തീരുമാനിച്ചു. സഭയുടെ അവിഭാജ്യ ഘടകങ്ങളായ ഇടവകകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രത്യേക പാന്‍കാര്‍ഡുകള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി.

വൈദീക സെമിനാരികള്‍, പരുമല സെമിനാരി, പരുമല സെന്റ് ഗ്രീഗോറിയോസ് ഇന്റര്‍നാഷണല്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. ബാഹ്യകേരള വൈദിക സംഘം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ പഠിക്കുവാന്‍ സമിതിയെ നിയോഗിച്ചു. ഓതറ സെന്റ് ജോര്‍ജ്ജ് ദയറാ, മലങ്കരസഭാ മാസിക, മുംബൈ ഗ്രീഗോറിയന്‍ കമ്മ്യൂണിറ്റി എന്നിവയുടെ ഭേദഗതി ചെയ്ത നിയമാവലികള്‍ അംഗീകരിച്ചു.

സുസ്ഥിരവികസനം, പരിസ്ഥിതി ആദ്ധ്യാത്മികത എന്നീ മേഖലകളെ സംബന്ധിച്ച് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് നയരൂപീകരണവും പ്രവര്‍ത്തന പദ്ധതിയും തയ്യാറാക്കുവാന്‍ സഭയുടെ പരിസ്ഥിതി വകുപ്പിനെ ചുമതലപ്പെടുത്തി. ഇടവകതലത്തില്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക, മണ്ണൊലിപ്പ് തടയുക, പ്ലാസ്റ്റിക്ക് ഇതര അജൈവ മാലിന്യങ്ങള്‍ മുതലായവ കൊണ്ടുണ്ടാകുന്ന മലിനീകരണം ഒഴിവാക്കുക, ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ പാഴാക്കാതിരിക്കുക, പരിസ്ഥിതി സൗഹാര്‍ദ്ദ ഊര്‍ജ്ജോല്‍പ്പാദന രീതികള്‍ അവലംബിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇടവകതലങ്ങളില്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചു. ആദ്ധ്യാത്മിക സംഘടനകളുടെ പഠന പരിശീലന വിഷയങ്ങളില്‍ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം കൂടുതലായി ഉള്‍ക്കൊള്ളിക്കും. സഭയുടെ ബി.ഷെഡ്യൂളുകളില്‍പ്പെട്ട സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും 2020-2021 വര്‍ഷത്തെ ബജറ്റ് അംഗീകരിച്ചു.

സഭയുടെ അത്മായ ട്രസ്റ്റി ശീ. ജോര്‍ജ്ജ് പോള്‍, കോട്ടയം ചെറിയപള്ളി ആശുപത്രി മുന്‍ ഡയറക്ടര്‍ ഡോ. ബാബു ചാക്കോ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റോമോസ്, യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ്, ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് എന്നിവര്‍ ധ്യാനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Read more topics: orthodox sabha, Sunnahados ,
English summary
orthodox sabha Sunnahados
topbanner

More News from this section

Subscribe by Email