Friday July 19th, 2019 - 1:46:pm
topbanner
topbanner

നീലക്കുറിഞ്ഞി വനമേഖലയുടെ വിസ്തൃതി കുറക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കും: രമേശ് ചെന്നിത്തല

Neethu
നീലക്കുറിഞ്ഞി വനമേഖലയുടെ വിസ്തൃതി കുറക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കും: രമേശ് ചെന്നിത്തല

പത്തനംതിട്ട: മൂന്നാറിലെ കുറിഞ്ഞി   വനമേഖലയുടെ  വിസ്തൃതി കുറക്കാനുള്ള  ഏത് നീക്കത്തെയും  യുഡിഎഫ്  ശക്തമായി  എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പടയൊരുക്കം  ജാഥയുടെ ഭാഗമായി തിരുവല്ലയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കയ്യേറ്റക്കാര്‍ക്കും, നിയമലംഘകര്‍ക്കും  കൂട്ടു  നില്‍ക്കുന്ന സര്‍ക്കാരാണിതെന്ന് ഇതോടെ വ്യക്തമായതായും  പ്രതിപക്ഷ നേതാവ്  കുറ്റപ്പെടുത്തി.

റവന്യു മന്ത്രി ചന്ദ്രശേഖരനെ ഒതുക്കി  മൂലക്കിരുത്താന്‍ റവന്യു  പ്രസിന്‍സപ്പല്‍   സെക്രട്ടറിയെ മുഖ്യമന്ത്രി  ഫലപ്രദമായി ഉപയോഗിക്കുകയാണ്.   മുഖ്യമന്ത്രിയും, റവന്യു മന്ത്രിയും തമ്മിലുള്ള ഏറ്റമുട്ടലിലില്‍   റവന്യു മന്തിക്ക് മൂക്കുകയറിടാന്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി കുര്യനെ മുഖ്യമന്ത്രി ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചു. റവന്യുമന്ത്രി അറിയാതെ മൂന്നാര്‍ യോഗം വിളിച്ചത്  അതിന് തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നീലക്കുറിഞ്ഞി വൈല്‍ഡ് ലൈഫ് സാങ്ങ്ച്വറിയുടെ  വിസ്തൃതി കുറക്കുന്നത് കേരളത്തിന് പുറത്തുള്ള വലിയ ബിസിനസ് രാജാക്കന്‍മാര്‍ക്ക് വേണ്ടിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.  എന്തിനാണ് വന്‍കിട മാഫിയകള്‍ക്ക്  മൂന്നാറിലെ  നീലക്കുറിഞ്ഞി  വനമേഖല  തീറെഴുതാന്‍ മുഖ്യമന്ത്രി കൂട്ടു നില്‍ക്കുന്നതെന്ന് മനസിലാകുന്നില്ല. ഒരു കാരണവശാലും ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഭൂവിസ്തൃതി  കുറക്കുന്നതിനെതിരെയുള്ള നിലപാട് ശക്തമാക്കുന്നതിന്റെ ഭാഗമായി  വരുന്ന  ഡിസംബര്‍ ആറിന്  തന്റെ  നേതൃത്വത്തിലുള്ള യുഡിഎഫ്  പ്രതിനിധി സംഘം മൂന്നാറും, നീലക്കുറിഞ്ഞി  വനമേഖലയും സന്ദര്‍ശിക്കുമെന്ന്  പ്രതിപക്ഷ നേതാവ് അറിയിച്ചു.  

റവന്യു മന്ത്രി ചന്ദ്രശേഖരനെ ആരും ഗൗരവത്തിലെടുക്കുന്നില്ല. സത്യത്തില്‍ തനിക്ക് അദ്ദേഹത്തോട് സഹതാപം തോന്നുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചന്ദ്രശേഖരന് പിണറായി മന്ത്രി സഭയില്‍ തുടരാന്‍ കഴിയുമോ എന്ന കാര്യം സംശയമാണെന്നും   പ്രതിപക്ഷ  നേതാവ് പറഞ്ഞു. പാവപ്പെട്ട തമിഴ് വശംജരുടെ ഭൂമി വ്യാജപട്ടയം ചമച്ച് കയ്യേറിയ ജോയ്‌സ് ജോര്‍ജ് എം പിയും,   ഭൂമി കയ്യേറി വാട്ടര്‍ തീം പാര്‍ക്ക് പണിത് പിബി അന്‍വര്‍ എംഎല്‍എയും സംരക്ഷിക്കപ്പെടുകയാണ്.  കയ്യേറ്റക്കാര്‍ക്കും, നിയമലംഘകര്‍ക്കും വേണ്ടി  നിലകൊള്ളുന്ന സര്‍ക്കാരാണിതെന്ന് ഇതിലൂടെ വ്യക്തമായെന്നും   രമേശ് ചെന്നിത്തല പറഞ്ഞു.

 ഇടുക്കിയിലെ കര്‍ഷകരുട പ്രശ്‌നവും ഭൂമി കയ്യേറ്റവുമായി കൂട്ടിക്കുഴക്കരുത്.  നീലക്കുറിഞ്ഞി വനമേഖലയുടെ വിസ്തീര്‍ണ്ണം കുറക്കുന്നതും,  ഇടുക്കിയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളുമായി യാതൊരു ബന്ധവുമില്ല. പത്താം ചെയിന്‍ മേഖലയിലെ   കര്‍ഷകര്‍ക്ക്  ഇതുവരെ പട്ടയം നല്‍കാന്‍ ഇടതു സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ യുഡിഫ് സര്‍ക്കാര്‍ അനുവദിച്ച പട്ടയം വിതരണം ചെയ്ത് മുഖം രക്ഷിക്കുകയാണീ സര്‍ക്കാരെന്നും  രമേശ് ചെന്നിത്തല ആരോപിച്ചു.  സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഓരോദിവസം ചെല്ലുന്തോറും വഷളായിക്കൊണ്ടിരിക്കുകയാണ്.

ധൂര്‍ത്തും, ആര്‍ഭാടവുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ജിഎസ്ടി   വഴി സംസ്ഥാനത്തിന് ലഭിക്കേണ്ടതൊന്നും  ലഭിച്ചില്ല.  എന്ത്  ചോദിച്ചാലും ധനമന്ത്രി കിഫ്ബി, കിഫ്ബി എന്ന് പറയുകയാണ്. ട്രഷറി പൂര്‍ണ്ണമായും അടഞ്ഞ് കിടക്കുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പൂര്‍ണ്ണമായും തകര്‍ന്നിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം   സ്വീകരിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

English summary
neela kurinji forest
topbanner

More News from this section

Subscribe by Email