Tuesday October 15th, 2019 - 7:02:am
topbanner

നവരാത്രി ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്ത് കണ്ണൂർ : നഗരം ദീപാലംകൃതമാവും : എല്ലാ ദിവസവും കലാ-സാംസ്‌കാരിക പരിപാടികള്‍

princy
നവരാത്രി ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്ത് കണ്ണൂർ : നഗരം ദീപാലംകൃതമാവും  : എല്ലാ ദിവസവും കലാ-സാംസ്‌കാരിക പരിപാടികള്‍

കണ്ണൂർ:നവരാത്രി ആഘോഷങ്ങള്‍ കണ്ണൂരിന്റെ ജനകീയ ഉല്‍സവമാക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം. നവരാത്രി ഉല്‍സവങ്ങളുടെ ഗതകാല പൊലിമ വീണ്ടെടുക്കാന്‍ കഴിയണമെന്ന് ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ആലോചനാ യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതിന്റെ ഭാഗമായി നഗരവീഥികളും കടകളും സ്ഥാപനങ്ങളും ദീപാലംകൃതമാക്കും.സപ്തംബര്‍ 29 മുതലുള്ള 10 ദിവസങ്ങള്‍ കണ്ണൂര്‍ നഗരത്തിന്റെ രാത്രികള്‍ സംഗീതവും വ്യാപാരവും ആഘോഷവും കൊണ്ട് നിറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിലുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന സംഗീത പരിപാടികള്‍ക്കു പുറമെ, നഗരത്തില്‍ ഓരോ ദിവസവും കലാ-സാംസ്‌ക്കാരിക സദസ്സുകള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

ഉല്‍സവ രാവുകളിലേക്ക് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ആളുകള്‍ക്ക് വന്നെത്തുന്നതിനും തിരികെ പോവുന്നതിനുമുള്ള ഗതാഗത സൗകര്യങ്ങളൊരുക്കും.പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടായിരിക്കും ഇത്തവണ ജില്ലയില്‍ നവരാത്രി ആഘോഷങ്ങള്‍ സംഘടിപ്പിക്കുക. ഇതിന്റെ ഭാഗമായി നഗരം ശുചീകരിക്കും. ആഘോഷപരിപാടികളില്‍ പ്ലാസ്റ്റിക് സഞ്ചികളുടെയും ഡിസ്‌പോസബ്ള്‍ കപ്പുകള്‍ തുടങ്ങിയവയുടെയും ഉപയോഗം ഒഴിവാക്കും.

ഭക്തര്‍ക്ക് തുണി സഞ്ചികള്‍ വിതരണം ചെയ്യുന്നതിനുള്ള കൗണ്ടറുകള്‍ എല്ലാ കോവിലുകളിലും സ്ഥാപിക്കും. മികച്ച രീതിയില്‍ ഹരിത പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുകയും സമ്പൂര്‍ണ ശുചിത്വം ഉറപ്പുവരുത്തുകയും ചെയ്യുന്ന ക്ഷേത്രത്തിനും മികച്ച രീതിയില്‍ ദീപാലങ്കാരം ഒരുക്കുന്ന സ്ഥാപനത്തിനും ജില്ലാ കലക്ടറുടെ പ്രത്യേക ട്രോഫി സമ്മാനിക്കും.അടുത്ത വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് ഇപ്പോള്‍ തന്നെ തുടക്കും കുറിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

കേരളത്തിനകത്തും പുറത്തുമുള്ള പ്രഗല്‍ഭരായ സംഗീതവിദഗ്ധരെയും കലാകാരന്‍മാരെയും ആഘോഷ രാവുകളിലേക്ക് കൊണ്ടുവരും. നവരാത്രി ആഘോഷ ദിവസങ്ങളില്‍ ആകര്‍ഷണീയമായ രീതിയില്‍ വ്യാപാര മേളകളും മല്‍സരങ്ങളും മറ്റു പരിപാടികളും സംഘടിപ്പിക്കും. കണ്ണൂരിന്റെ പ്രധാന ആഘോഷങ്ങളിലൊന്നായി നവരാത്രി ഉല്‍സവങ്ങളെ മാറ്റിയെടുക്കാനാണ് ശ്രമമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ എം കെ ദിനേശ് ബാബു, ഡിവൈഎസ്പി എ സതീഷ് കുമാര്‍, ആര്‍ടിഒ വി വി മധുസൂദനന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ശുചിത്വ മിഷന്‍ അസി.കോ-ഓര്‍ഡിനേറ്റര്‍ കെ ആര്‍ അജയകുമാര്‍, കണ്ണൂര്‍ കോര്‍പറേഷന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അഹമ്മദ് ബഷീര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് ഇന്‍സ്‌പെക്ടര്‍ സി വി ഗിരീഷ് കുമാര്‍, വിവിധ കോവിലുകളുടെ ഭാരവാഹികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Read more topics: kannur, navarathri, celebration
English summary
navarathri, celebration, kannur
topbanner

More News from this section

Subscribe by Email