കോട്ടയം : ഗ്രാമീണ മേഖലയില്‍ മികച്ച സേവനം നല്‍കാനും സംസ്ഥാനത്ത് മുന്‍നിരയിലെത്താനും കേരള ബാങ്കിന് സാധിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ടില്‍ അംഗത്വമുള്ള കോട്ടയം, ഇടുക്കി ജില്ലകളിലെ സഹകരണ സ്ഥാപനങ്ങള്‍ക്ക് നിക്ഷേപ ഗ്യാരന്റി പത്രം വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
പൊതുമേഖല ബാങ്കുകളുടെയും പുതുതലമുറ ബാങ്കുകളുടെയും സേവന നിലവാരം കൈവരിക്കുകയാണ് ലക്ഷ്യം. വിദേശ നിക്ഷേപം സ്വീകരിക്കാന്‍ പ്രാപ്തമാകുന്നതോടെ കേരള ബാങ്ക് ശ്രദ്ധേയമായ വളര്‍ച്ച കൈവരിക്കും. തെറ്റിധാരണകള്‍ മൂലമുണ്ടായ കോടതി വ്യവഹാരങ്ങളാണ് ബാങ്ക് രൂപീകരണത്തിന്റെ അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ വൈകാന്‍ കാരണമായത്-അദ്ദേഹം പറഞ്ഞു.
പ്രളയാനന്തര പുനര്‍നിര്‍മാണത്തിന്റെ ഭാഗമായ കെയര്‍ ഹോം പദ്ധതിയിലെ ഭവന നിര്‍മാണത്തില്‍ മികവു പുലര്‍ത്തിയ സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്കാരങ്ങളും മന്ത്രി സമ്മാനിച്ചു.കോട്ടയം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ നടന്ന ചടങ്ങില്‍ സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് പ്രസിഡന്റ് പി. ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ വി.എന്‍. വാസവന്, സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് സെക്രട്ടറി സി.ഐ. ജോബ്, മാനേജര്‍ കെ.എസ്. അരുണ്‍, സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍മാരായ വി. പ്രസന്നകുമാര്‍, എസ്. ഷര്‍ളി, സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍മാരായ എന്‍. പ്രദീപ്കുമാര്‍, കെ.എസ്. കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.