Monday August 10th, 2020 - 2:55:pm

ലഹരിക്കെതിരെ കടുത്തശിക്ഷ ഉറപ്പാക്കാന്‍ നിയമ ഭേദഗതി വേണം : മന്ത്രി ടി പി രാമകൃഷ്ണന്‍

Anusha Aroli
ലഹരിക്കെതിരെ കടുത്തശിക്ഷ ഉറപ്പാക്കാന്‍ നിയമ ഭേദഗതി വേണം : മന്ത്രി ടി പി രാമകൃഷ്ണന്‍

കണ്ണൂർ : മയക്കുമരുന്ന് കേസുകളില്‍ കടുത്ത ശിക്ഷ ഉറപ്പാക്കും വിധം എന്‍ ഡി പി എസ് നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. 'നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം' കര്‍മ്മ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം തലശ്ശേരിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപേയാഗം സൃഷ്ടിക്കുന്ന മാരക വിപത്ത് തടയാന്‍ സമൂഹമാകെ ഒന്നിച്ചു നില്‍ക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എക്‌സൈസ് വകുപ്പും പൊലീസും ശക്തമായ നടപടികള്‍ എടുക്കുന്നുണ്ട്. എന്നാലും സംസ്ഥാനത്ത് പല മാര്‍ഗങ്ങളിലൂടെ മയക്കുമരുന്നും മറ്റ് ലഹരി വസ്തുക്കളും എത്തുന്നുണ്ട്. പുതുതലമുറയെയാണ് ലഹരി മാഫിയ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. വിദ്യാലയങ്ങളും ഹോസ്റ്റലുകളും ഇവരുടെ മുഖ്യ ലക്ഷ്യസ്ഥാനങ്ങളില്‍പ്പെടുന്നു. യുവാക്കളെയും വിദ്യാര്‍ഥികളെയും പ്രലോഭനങ്ങള്‍ക്ക് വിധേയരാക്കാനും ലഹരിക്ക് അടിമപ്പെടുത്താനും എളുപ്പമാണെന്ന് ലഹരി വിതരണക്കാര്‍ കണക്ക് കൂട്ടുന്നു. ഈ സാഹചര്യത്തില്‍ ലഹരി പദാര്‍ഥങ്ങളെ ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയാണ് പ്രധാനം.

ലഹരി ഉപയോഗിക്കുന്നവരെ കുറ്റപ്പെടുത്തുകയും മാറ്റി നിര്‍ത്തുകയും ചെയ്യുന്നതിന് പകരം കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. ഈ ലക്ഷ്യത്തോടെ ആരോഗ്യവകുപ്പുമായി സഹകരിച്ചു ലഹരിക്ക് ഇരയായവരെ സൗജന്യമായി ചികിത്സിക്കാന്‍ എല്ലാ ജില്ലകളിലും ഡീ-അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിച്ചു. ഒരു വര്‍ഷത്തിനകം ഒപി വിഭാഗത്തില്‍ 13000 പേര്‍ക്ക് ഇതിനകം ചികിത്സ നല്‍കിയിട്ടുണ്ട്. 1708 പേര്‍ക്ക് കിടത്തി ചികിത്സയും നല്‍കി. പല ജില്ലകളിലും രോഗികളുടെ ആധിക്യം കാരണം കിടക്കകളുടെ എണ്ണം പത്തില്‍ നിന്ന് വര്‍ധിപ്പിക്കുന്നത് പരിഗണിച്ചു വരികയാണ്.

ജനക്ഷേമവും സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ഉറപ്പുവരുത്തി നവകേരളം പടുത്തുയര്‍ത്താനുള്ള ദൗത്യവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. എന്നാല്‍ മയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ നാടിന്റെ വികസന പ്രക്രിയയെ ദുര്‍ബലപ്പെടുത്തും. ഇതിനെതിരെ എക്സൈസ് വകുപ്പും പോലീസും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ലഹരിവിരുദ്ധ ബോധവല്‍ക്കരണം വ്യക്തികളില്‍ ഒതുക്കി നിര്‍ത്താതെ സമൂഹമാകെ ഏറ്റെടുക്കുന്ന മഹാപ്രസ്ഥാനമായി വളര്‍ത്തിഎടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ എ എന്‍ ഷംസീര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത്പ്രസിഡണ്ട് കെ വി സുമേഷ് വിഷയാവതരണം നടത്തി. അഡീഷണല്‍ എസ് പി വി ഡി വിജയന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ബ്രെക്‌സ പ്രസിഡന്റ് മേജര്‍ വി ഗോവിന്ദനെ ആദരിച്ചു. കലക്ടര്‍ ടി വി സുഭാഷ്, തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി കെ രമേശന്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവന്‍, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ അനൂപ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി കെ സുരേഷ് എന്നിവര്‍ സംസാരിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി കളരിപ്പയറ്റ്, മാജിക്‌ഷോ, കോല്‍ക്കളി, ഒപ്പന, കരാട്ടെ തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.

English summary
minister TP ramakrishnan against drugs usage
topbanner

More News from this section

Subscribe by Email