Sunday January 19th, 2020 - 3:33:pm
topbanner

പ്രളയ ബാധിതര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ പരസ്യപ്പെടുത്തും : മന്ത്രി ഡോ. കെ.ടി ജലീല്‍

Anusha Aroli
പ്രളയ ബാധിതര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ പരസ്യപ്പെടുത്തും : മന്ത്രി ഡോ. കെ.ടി ജലീല്‍

മലപ്പുറം : പ്രളയ ബാധിതര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. പ്രളയ പുനരധിവാസവും മഴക്കെടുതികളും സംബന്ധിച്ച് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വില്ലേജ്, പഞ്ചായത്ത് ഓഫീസുകളില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണം. ആര്‍ക്കൊക്കെ ഏതൊക്കെ രീതിയില്‍ ആനുകൂല്യങ്ങള്‍ ലഭിച്ചുവെന്നത് സംബന്ധിച്ച വിവരങ്ങള്‍ പത്ര മാധ്യങ്ങള്‍ക്കുപ്പടെ ലഭ്യമാക്കണമെന്നാണ് നിര്‍ദ്ദേശം. അനര്‍ഹര്‍ ആലുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് തടയാനും ഇതുപകരിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിലമ്പൂരിലുണ്ടായ പ്രളയ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ച 15 മത്സ്യബന്ധന ബോട്ടുകള്‍ക്കും 12 എഞ്ചിനുകള്‍ക്കുമുള്ള നാല് ലക്ഷത്തോളം രൂപയുടെ നഷ്ടപരിഹാരം എത്രയും വേഗത്തില്‍ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങളില്‍ നിന്ന് നഷ്ടങ്ങള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുയും അത് വഴി അതാത് വകുപ്പുകള്‍ക്കുണ്ടായ നഷ്ടങ്ങള്‍ സമയബന്ധിതമായി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു. പ്രളയ ബാധിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നഷ്ടങ്ങള്‍ കണക്കാക്കുന്നതിന് പ്രളയബാധിതമല്ലാത്ത പഞ്ചായത്തുകളില്‍ നിന്നുള്ള എഞ്ചിനീയര്‍മാരെക്കൂടി ഉള്‍പ്പെടുത്തി പ്രവര്‍ത്തികള്‍ വേഗത്തിലാക്കണമെന്നും മന്ത്രി പറഞ്ഞു.

മരണപ്പെട്ടവരുടെ ആശ്രതിര്‍ക്ക് ലഭ്യമാക്കേണ്ട നാല് ലക്ഷം രൂപയോടൊപ്പം ബന്ധപ്പെട്ട വകുപ്പുകള്‍ മുഖേന ലഭിക്കേണ്ട ഇന്‍ഷുറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ 15 വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ടത്. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് അടക്കം ആനുകൂല്യങ്ങള്‍ സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്നതിന് പുറമെ ലഭ്യമാക്കാനാവുമെന്നും മന്ത്രി പറഞ്ഞു. ആനുകൂല്യങ്ങള്‍ ചോദിച്ച് വാങ്ങാന്‍ അറിയാത്തവര്‍ കൂട്ടത്തിലുണ്ടാകാം, എന്നാല്‍ ആരെയും ആനുകൂല്യങ്ങള്‍ക്കായി ഓഫീസുകളില്‍ നെട്ടോട്ടമോടിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി ഉദ്യോഗസ്ഥരെ ഓര്‍മ്മപ്പെടുത്തി.

രണ്ടാഴ്ചക്കകം മരണപ്പെട്ടവര്‍ക്കുള്ള ആനുകൂല്യം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. പട്ടിക വര്‍ഗ വിഭാഗങ്ങളിലുള്ളവരെ പുനരധിവസിപ്പിക്കുന്നതിനായി നെടുങ്കയത്ത് വനം വകുപ്പിന് കീഴില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കുള്ള വീടുകള്‍ പണി പൂര്‍ത്തീകരിക്കുന്നത് വരെ വാടക വീടുകളില്‍ താമസിപ്പിക്കണം. ഇതിനായി തഹസില്‍ദാര്‍മാരുടെ മേല്‍ നോട്ടത്തില്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തുകയോ സര്‍ക്കാരില്‍ നിന്ന് സഹായം ലഭ്യമാക്കുകയോ ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

പ്രളയം കൂടുതല്‍ നാശം വിതച്ച ഭാഗങ്ങളില്‍ ആറുമാസത്തേക്കെങ്കിലും കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കണമെന്ന് മന്ത്രി ആരോഗ്യ വകുപ്പിനോട് നിര്‍ദ്ദേശം നല്‍കി. കുട്ടികളുള്‍പ്പടെയുള്ളവരുടെ മാനസിക നില മെച്ചപ്പെടുത്തുന്നതിന് ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തില്‍ ജനവാസ കേന്ദ്രങ്ങളില്‍ അടിഞ്ഞ് കൂടിയ മരങ്ങളുടെ അവശിഷ്ടങ്ങള്‍ ചെളി എന്നിവ വന പ്രദേശങ്ങളില്‍ നിക്ഷേപിക്കാനും പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറാനും നിര്‍ദ്ദേശം നല്‍കി.പുഴകളില്‍ നിന്ന് മണലെടുക്കുന്നത് സംബന്ധിച്ച് പലയിടത്ത് നിന്നും ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച ഓഡിറ്റിംഗ് പൂര്‍ത്തിയാകുന്ന മുറക്ക് മണലെടുക്കുന്നതിനുള്ള അനുമതി നല്‍കും. നിലവില്‍ ചാലിയാര്‍ പുഴയിലെ ഓഡിറ്റിംഗ് മാത്രമാണ് പൂര്‍ത്തീകരിക്കാനായതെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ഡെപ്യൂട്ടി കലക്ടര്‍മാരായ ജെ.ഒ അരുണ്‍, പുരുഷോത്തമന്‍, പി.എ അബദുല്‍ സമദ്, ജില്ലാ പോലീസ് മേധാവി അബദുല്‍ കരീം, സൗത്ത് ഫോറസ്റ്റ് ഓഫീസര്‍ സജികുമാര്‍ വിവിധ വകുപ്പ് മേധാവികള്‍ തഹസില്‍ദാര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

English summary
minister KT jaleel talking about flood relief fund
topbanner

More News from this section

Subscribe by Email