Thursday August 13th, 2020 - 10:28:pm

2020 ഓടെ വീടില്ലാത്ത മുഴുവന്‍ ആളുകള്‍ക്കും വീട്: മന്ത്രി എ സി മൊയ്തീന്‍

Anusha Aroli
2020 ഓടെ വീടില്ലാത്ത മുഴുവന്‍ ആളുകള്‍ക്കും വീട്: മന്ത്രി എ സി മൊയ്തീന്‍

കാസർഗോഡ് : പട്ടികജാതി -പട്ടിക വിഭാഗത്തിലെ അര്‍ഹരായ എല്ലാവര്‍ക്കും ഉപാധികളില്ലാതെ വീടുകള്‍ വെച്ചുനല്‍കുമെന്നും 2020 ഡിസംബറോടെ വീടില്ലാത്ത മുഴുവന്‍ ആളുകള്‍ക്കും വീട് എന്നതാണ് ഈ സര്‍ക്കാരിന്റെ സ്വപ്‌നമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. വെസ്റ്റ് എളേരി പഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ലൈഫ്മിഷന്‍ പദ്ധതിയുടെ ഭാഗമായി രണ്ട് വര്‍ഷം കൊണ്ട് 320 വീടുകള്‍ പൂര്‍ത്തീകരിച്ച് നല്‍കിയ വെസ്റ്റ്എളേരി പഞ്ചായത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.വീടില്ലാത്ത മുഴുവന്‍ ആളുകള്‍ക്കും വീട് നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലൈഫ് പാര്‍പ്പിട പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പാതിവഴിയില്‍ വീടുപണി നിര്‍ത്തിയവര്‍ക്ക് ധനസഹായം നല്‍കി. ആദ്യഘട്ടത്തില്‍ 54000 പേരാണ് പദ്ധതിയില്‍ ഉണ്ടായിരുന്നത്. ലൈഫ്മിഷന്റെ രണ്ടാം ഘട്ട ത്തില്‍ പദ്ധതിയില്‍ 1,37000 പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ഒരു റേഷന്‍ കാര്‍ഡ് ഒരു യൂണിറ്റെന്ന് കണക്കാക്കി മൂന്ന് സെന്റ് ഭൂമിയെങ്കിലും സ്വന്തമായിട്ടുള്ളവര്‍ക്ക് വീട് വെച്ച് നല്‍കുന്നതാണ് രണ്ടാം ഘട്ട പദ്ധതി. മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി, ശുചിത്വമിഷന്‍ തുടങ്ങി വിവിധ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളെ സമന്വയിപ്പിച്ചാണ് ലൈഫ്മിഷന്‍ പദ്ധതി നടപ്പാക്കുന്നത്. അടുത്ത ഘട്ടത്തില്‍ ഭൂമിയും വീടും ഇല്ലാത്ത മുഴുവന്‍ ആളുകള്‍ക്കുമായി വീടെന്നതാണ് ലൈഫ് മിഷന്റെ ലക്ഷ്യം. പ്രത്യേക സ്ഥലത്ത് സര്‍ക്കാരിന്റെ സ്ഥലത്ത് ഭവന സമുച്ചയം പണിത് നല്‍കും. കേരളത്തിലെ ആദ്യത്തെ ഭവന സമുച്ചയം ഇടുക്കി അടിമാലിയില്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.

കേരളത്തില്‍ 50 തിലധികം സ്ഥലങ്ങളില്‍ 100 ല്‍ കൂടുതല്‍ വീടുകളുള്ള കെട്ടിട സമുച്ചയങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി പ്രാരംഭ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞെന്നും 200 സ്ഥലങ്ങളില്‍ സ്ഥലം കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു.കേവലം വീട് വെച്ച് നല്‍കല്‍ മാത്രമല്ല, പശ്ചാത്തല സൗകര്യം ഒരുക്കല്‍ കൂടി ഒരുക്കി നല്‍കുക എന്നതും ലൈഫ് പദ്ധതിയുടെ ഭാഗമാണ്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഏറ്റവും മാതൃകാപരവുമായ പ്രവൃത്തനങ്ങളാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍വ്വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷനായി. ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടുകള്‍ പൂര്‍ത്തികരിച്ച കുടുംബങ്ങള്‍ക്കുള്ള താക്കോല്‍ മന്ത്രി കൈമാറി.പൊതുജനങ്ങള്‍ക്ക് എറ്റവും മികച്ച രീതിയില്‍ വേഗത്തില്‍ സേവനങ്ങള്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായ ഐ എസ് ഒ സര്‍ട്ടിഫീക്കേഷന്‍ പ്രഖ്യാപനം മന്ത്രി നിര്‍വ്വഹിച്ചു. .പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍, വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുകുമാരന്‍, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. അനു, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മറിയാമ്മ ചാക്കോ, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എ അപ്പുക്കുട്ടന്‍, മാത്യൂ വര്‍ക്കി, ലൈഫ് മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എം വത്സന്‍ , , വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കെ പി ലക്ഷ്മി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ സി.പി. സുരേശന്‍, ജാതിയില്‍ അസൈനാര്‍, വ്യാപാരി വ്യവസായി പ്രതിനിധി തോമസ് കാനാട്ട്,എം വി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

കേരളപൊതുമരാമത്ത് വകുപ്പിലെ മികച്ച അസിസ്റ്റന്റ് എഞ്ചീനീയര്‍ പുരസ്‌കാരം നേടിയ ഭീമനമടി സെഷനിലെ അസിസ്റ്റന്റ് എഞ്ചീനീയര്‍ സി രഞ്ജിനി, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികച്ച വിജയം കൈവരിച്ച അഞ്ജലി രാജന്‍, അലീന ബിജു , ഛത്തീസ്ഗഢിലെ പ്രളയത്തില്‍ സേവനമനുഷ്ഠിച്ച സൈനികന്‍ കെ വി പ്രതീഷ്, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ പദ്ധതിയുടെ ചുമതലയുള്ള ഭീമനടി വി ഇ ഒ ടി വി അനീഷ് എന്നിവരെ മന്ത്രി ആദരിച്ചു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജന്‍ ചടങ്ങില്‍ സ്വാഗതവും വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.

English summary
minister AC Moideen talking about life mission project
topbanner

More News from this section

Subscribe by Email