Thursday August 13th, 2020 - 11:03:pm

ലൈഫ് പദ്ധതി സര്‍ക്കാരിന്റെ ജനകീയ വികസന നയം ; മന്ത്രി എ.സി മൊയ്തീന്‍

Anusha Aroli
ലൈഫ് പദ്ധതി സര്‍ക്കാരിന്റെ ജനകീയ വികസന നയം ; മന്ത്രി എ.സി മൊയ്തീന്‍

കാസർഗോഡ് : പെണ്‍മക്കളേയും കൊണ്ട് അടച്ചുറപ്പില്ലാത്ത വീടുകളില്‍ പാര്‍ക്കുന്ന, പ്രാഥമിക കാര്യങ്ങള്‍ക്ക് പോലും വിഷമിക്കുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമായി മാറിക്കഴിഞ്ഞ ലൈഫ് പാര്‍പ്പിട പദ്ധതി ഈ സര്‍ക്കാരിന്റെ ജനകീയ വികസന നയങ്ങളില്‍ പ്രധാനപ്പെട്ടതാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ അങ്കണത്തില്‍ പി.എം.എ.വൈ പദ്ധതിയില്‍ നല്‍കിയ വീടുകളുടെ അവസാന ഗഡു വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കയറിക്കിടക്കാന്‍ സ്വന്തമായി ഭവനമില്ലാത്തവരെ സര്‍ക്കാരിന്റെ മാത്രം ബാധ്യതയായി കാണാതെ സമൂഹത്തിന്റെ കടമയായികൂടി കണ്ട് അവരെ ചേര്‍ത്തു നിര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വലിയൊരു സാമ്പത്തീക ശക്തി അല്ലാതിരുന്നിട്ടുകൂടി കുടുംബശ്രീ അവരാല്‍ കഴിയുന്ന പോലെ സ്നേഹമായി കൂട്ടായമയോടെ ലൈഫ് മിഷന്റെ ഭാഗമായി. അതൊരു സ്നേഹത്തിന്റെയും കരുതലിന്റേയും അടയാളമാണ്. ഇത്തരത്തിലുള്ള ജനകീയ വികസന നയമാണ് ലൈഫ് മിഷനിലൂടെ സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. അതുപോലെ സാമ്പത്തികമായി മുന്നിട്ടു നില്‍ക്കുന്നവര്‍ ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ട് വരാന്‍ തയ്യാറാകണം.
വീടില്ലാത്ത മുഴുവന്‍ ആളുകള്‍ക്കും വീട് നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പാതിവഴിയില്‍ വീടുപണി നിര്‍ത്തിയ വര്‍ക്ക് ധന സഹായം നല്‍കി.ഇത്തരത്തില്‍ കണ്ടെത്തിയ 54,000 വീടുകളില്‍ 53,700 വീടുകളും പൂര്‍ത്തീകരിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണ്.

രണ്ടാം ഘട്ടമായി ഭൂമിയുള്ള ഭവന രഹിതര്‍ക്കായി ധനസഹായം നല്‍കി. 1,37,000 വീടുകളില്‍ 97,000 വീടുകളുടെ പണി 2020 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തീകരിക്കാന്‍ കഴിയും. രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതിയിലൂടെ 1,68000 വീടുകളാണ് പണി തീര്‍ത്തത്. ഡിസംബര്‍ 30 നുള്ളില്‍ രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയാകും. ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു സര്‍ക്കാര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 2,00,000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ലൈഫ് മിഷന്റെ അടുത്ത പടിയായി വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് ഫ്‌ലാറ്റ് നിര്‍മ്മിച്ചു നല്‍കും. കേരളത്തിലെ ആദ്യത്തെ ഭവന സമുച്ചയം ഇടുക്കി അടിമാലിയില്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. രണ്ട് ബെഡ്റൂം, ഹാള്‍, അടുക്കള, വര്‍ക്കേരിയയും ഉള്‍പ്പെടുന്ന 217 ് ഫ്ളാറ്റുകളാണ് കൈമാറിക്കഴിഞ്ഞത്. ഭവന സമുച്ചയത്തോടൊപ്പം അവിടെ താമസിക്കുന്നവര്‍ക്കുള്ള ഭൗതീക സാഹചര്യങ്ങള്‍ കൂടി ഈ സര്‍ക്കാര്‍ ഒരുക്കി നല്‍കുന്നുണ്ട്.

അടിമാലിയില്‍ നിര്‍മ്മിച്ച ഭവന സമുച്ചയത്തോട് ചേര്‍ന്ന് ജോലിചെയ്യുന്ന അച്ഛനമ്മമാര്‍ക്ക് മക്കളെ സുരക്ഷിതമായി ഏല്‍പ്പിക്കാന്‍ ക്രഷ്, ആരോഗ്യ ഉപകേന്ദ്രം, വിദ്യാര്‍ത്ഥികള്‍ക്കായി ലൈബ്രഹി ഹാള്‍, കളിക്കാനായുള്ള ഗ്രൗണ്ട് തുടങ്ങി മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍കൂടി ഒരുക്കിയിട്ടുണ്ട്. അടുത്തതായി 140 ഫ്ളാറ്റ് വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയില്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്. കേരളത്തില്‍ 50 തിലധികം സ്ഥലങ്ങളില്‍ 100 ല്‍ കുടുതല്‍ വീടുകളുള്ള കെട്ടിട സമുച്ചയങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി, പ്രാരംഭ നടപടികള്‍ ആരംഭിച്ചു. 200 സ്ഥലങ്ങളില്‍ സ്ഥലം കണ്ടെത്തിക്കഴിഞ്ഞെന്നും കാഞ്ഞങ്ങാട് നഗരസഭയില്‍ മാത്രം ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 961 വീടുകള്‍ പൂര്‍ത്തിയായെന്ന് അറിയുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്ന് മന്ത്രി പറഞ്ഞു.മാലിന്യ സംസ്‌കരണത്തിന് നഗരസഭ നല്‍കിയ മുന്‍തൂക്കത്തിനും തെരുവ് കച്ചവടക്കാര്‍ക്ക് ഐഡി കാര്‍ഡ് നല്‍കിയതുമായ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി നഗരസഭയെ അഭിനന്ദിച്ചു.

ചടങ്ങില്‍ ഭവന നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചവര്‍ക്കുള്ള അവസാന ഗഡു വിതരണവും ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതി പ്രകാരം വഴിയോര കച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും കാഞ്ഞങ്ങാട് നഗരസഭയിലെ വ്യാപാരലൈസന്‍സ് അപേക്ഷ ഓണ്‍ലൈന്‍ ആക്കുന്നതിനുള്ള പ്രഖ്യാപനവും മന്ത്രി നിര്‍വ്വഹിച്ചു. തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരസഭയിലെ കേരളോത്സവത്തില്‍ കലാ കായിക മത്സരങ്ങളില്‍ ചാമ്പ്യന്‍മാരായ ക്ലബ്ബുകള്‍ക്കും, ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കും മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തു.


കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വി.വി രമേശന്‍ അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഗംഗാ രാധാകൃഷ്ണന്‍, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍ ടി.വി ഭാഗീരഥി, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ മഹമമ്ൂദ് മുറിയനാവി, കൗണ്‍സിലര്‍മാരായ എച്ച്. റംഷീദ്, കെ. മുഹമ്മദ് കുഞ്ഞി, എം.എം നാരായണന്‍, സി.കെ വത്സലന്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ അഡ്വ. കെ രാജ്മോഹന്‍ , വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍. ഉണ്ണികൃഷ്ണന്‍ സ്വാഗതവും നഗര സഭ സെക്രട്ടറി എം.കെ ഗിരീഷ് നന്ദിയും പറഞ്ഞു.

ലൈഫ് പദ്ധതി: ഗുണഭോക്താക്കളുടെ സംഗമവും അദാലത്തും സംഘടിപ്പിക്കും

ഡിസംബര്‍ 15 മുതല്‍ 2020 ജനുവരി 15 വരെ ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ച ഗുണഭോക്താക്കളുടെ സംഗമവും അദാലത്തും വിവിധബ്ലോക്ക് പഞ്ചായത്ത്, മുനിസിപാലിറ്റി, കോര്‍പ്പറേഷനുകളില്‍ സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്ദീന്‍ പറഞ്ഞു.റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് തുടങ്ങി തിരുത്തലുകള്‍ ആവശ്യമായ രേഖകള്‍ സംഗമത്തില്‍ വരുന്നവര്‍ക്ക് തിരുത്താന്‍ കഴിയും. ഇതിന് പുറമെ എസ്.സി, എസ്.ടി ഹെല്‍പ്പ് ഡസ്‌കും ഒരുക്കും. തുടര്‍ന്ന് 2020 ജനുവരി 26ന് ലൈഫ് പാര്‍പ്പിട പദ്ധതിയില്‍ രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കും.

English summary
minister AC Moideen about life mission project kanhangad
topbanner

More News from this section

Subscribe by Email