Wednesday October 27th, 2021 - 1:57:am

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 292 പേര്‍ കൂടി നിരീക്ഷണത്തില്‍

Anusha Aroli
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 292 പേര്‍ കൂടി നിരീക്ഷണത്തില്‍

മലപ്പുറം : കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 11) മുതല്‍ 292 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 13,988 ആയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്നലെ (ഏപ്രില്‍ 11) 199 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 197 പേരാണ് ഐസൊലേഷനിലുള്ളത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും ഐസൊലേഷന്‍ വാര്‍ഡുകളിലുണ്ട്.

595 പേരെ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം വീടുകളിലെ പ്രത്യേക നിരീക്ഷണത്തില്‍ നിന്ന് ഇന്നലെ (ഏപ്രില്‍ 11) ഒഴിവാക്കി. 13,729 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 60 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.

കോവിഡ് ബാധിതരുടെ ആരോഗ്യ നില തൃപ്തികരം

കോവിഡ് 19 ബാധിച്ച് മലപ്പുറം ജില്ലയില്‍ ഇപ്പേള്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 19 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തരായി ആശുപത്രി വിട്ടു. 17 പേരാണ് നിലവില്‍ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ളത്.

ജില്ലയില്‍ ഇതുവരെ 1,127 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് വിദഗ്ധ പരിശോധനകള്‍ക്കു ശേഷം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. 173 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ആരോഗ്യ ജാഗ്രത കര്‍ശനമാക്കി ദ്രുത കര്‍മ്മ സംഘങ്ങള്‍

കോവിഡ് 19 മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കര്‍ശനമായി തുടരുകയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വാര്‍ഡ് തലങ്ങളില്‍ ദ്രുത കര്‍മ്മ സംഘങ്ങളുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ (ഏപ്രില്‍ 11) പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവരുള്ള 6,262 വീടുകള്‍ ദ്രുത കര്‍മ്മ സംഘങ്ങള്‍ സന്ദര്‍ശിച്ച് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൈമാറി. ഇതിനൊപ്പം നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്നും സംഘം നിരീക്ഷിച്ചു വരികയാണ്. 2,194 സ്‌ക്വാഡുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.

കര്‍മ്മനിരതമായി ജില്ലാതല കണ്‍ട്രോള്‍ സെല്‍

കോവിഡ് വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ തുടരുകയാണ്. ഇന്നലെ (ഏപ്രില്‍ 11) 96 പേര്‍ കണ്‍ട്രോള്‍ സെല്ലുമായി ഫോണില്‍ ബന്ധപ്പെട്ടു. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നലെ (ഏപ്രില്‍ 11) 816 പേരുമായി വിദഗ്ധ സംഘം ഫോണ്‍ വഴി ബന്ധപ്പെട്ടു. 13 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.

നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള 540 മുതിര്‍ന്ന പൗരന്മാരെ ഇന്നലെ (ഏപ്രില്‍ 11) പാലിയേറ്റീവ് നഴ്സുമാര്‍ വഴി കണ്ടെത്തി ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കൈമാറി. പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതിനായി 96 പേരുമായി കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് കോണ്‍ടാക്ട് ട്രെയ്സിംഗ് വിഭാഗം ഇന്നലെ (ഏപ്രില്‍ 11) ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

കോവിഡ് 19 ജില്ലാ തല മുഖ്യ സമിതി അവലോകന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, പെരിന്തല്‍മണ്ണ സബ്കലക്ടര്‍ കെ.എസ്. അഞ്ജു, അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, എ.ഡി.എം. എന്‍.എം. മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്‍, എന്‍.എച്ച് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍, കോവിഡ് 19 ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ.വി. നന്ദകുമാര്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ലെയ്‌സണ്‍ ഓഫീസര്‍ ഡോ. എം.പി. ഷാഹുല്‍ ഹമീദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവരും സംബന്ധിച്ചു.

നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ 70 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പൊലീസ് 70 കേസുകള്‍ കൂടി ഇന്നലെ (ഏപ്രില്‍ 11) രജിസ്റ്റര്‍ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 67 പേരെ ഇന്നലെ അറസ്റ്റു ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ എട്ട് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 1,395 ആയി. 1,862 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 566 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

കോവിഡ് 19: 108 ആംബുലന്‍സുകള്‍ക്ക് മലപ്പുറം ജില്ലയില്‍ ഇന്ധനം സൗജന്യം

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിരത്തിലിറങ്ങുന്ന 108 ആംബുലന്‍സുകള്‍ക്ക് മലപ്പുറം ജില്ലയില്‍ സൗജന്യമായി ഇന്ധനം ഉറപ്പാക്കിയിരിക്കുകയാണ് റിലയന്‍സ് പെട്രോളിയം ഇന്ധന പമ്പുകള്‍. വളാഞ്ചേരി, കോട്ടക്കല്‍, നിലമ്പൂര്‍, എടപ്പാള്‍, തിരൂര്‍ എന്നിവിടങ്ങളിലെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വഴി ദിവസവും ഏഴ് ആംബുലന്‍സുകള്‍ക്കാണ് സൗജന്യമായി ഇന്ധനം നല്‍കുന്നത്.

വൈറസ് ബാധിതരേയും നിരീക്ഷണത്തില്‍ കഴിയുന്നവരേയും ഐസൊലേഷന്‍ കേന്ദ്രങ്ങളിലെത്തിക്കാന്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ കനിവ് 108 ആംബുലന്‍സുകളാണ് ആരോഗ്യ വകുപ്പ് ഉപയോഗിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അത്യാവശ്യമായ ആംബുലന്‍സ് സര്‍വീസുകള്‍ക്ക് ഇന്ധനം സൗജന്യമായി നല്‍കാന്‍ ജില്ലയിലെ അഞ്ച് റിലയന്‍സ് റീട്ടെയില്‍ ഔട്ട്‌ലെറ്റ് നടത്തിപ്പുകാര്‍ സ്വമേധയാ രംഗത്തു വരികയായിരുന്നെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

29 കനിവ് 108 ആംബുലന്‍സുകളാണ് നിലവില്‍ ജില്ലാ ആരോഗ്യ വകുപ്പ് ഉപയോഗിക്കുന്നത്. ഇതിനു പുറമെ ആരോഗ്യ വകുപ്പിന്റെ നാല്, മുസ്‌ലിം ലീഗ് കമ്മറ്റി ലഭ്യമാക്കിയ മൂന്ന് ആംബുലന്‍സുകളും കോവിഡ് പ്രത്യേക ആവശ്യങ്ങള്‍ക്കായി സേവനത്തിലുണ്ട്.

കോവിഡ് 19: മലപ്പുറം ജില്ലയില്‍ സാമൂഹിക അടുക്കളകള്‍ വഴി ഇന്നലെ 11,362 പേര്‍ക്ക് സൗജന്യമായി ഉച്ച ഭക്ഷണം നല്‍കി

ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭക്ഷണ ലഭ്യത ഉറപ്പു വരുത്താന്‍ സാമൂഹിക അടുക്കളകള്‍ വഴിയുള്ള ഭക്ഷണ വിതരണം ജില്ലയില്‍ തുടരുന്നു. അവശ വിഭാഗങ്ങള്‍ക്കും നിത്യ രോഗികള്‍ക്കും അഗതികള്‍ക്കുമെല്ലാം സൗജന്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥപനങ്ങള്‍ വഴി ഭക്ഷണ പൊതികള്‍ നല്‍കുന്നത്. ഇന്നലെ (ഏപ്രില്‍ 11) 11,362 പേര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം നടത്തിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

ഭക്ഷണ ലഭ്യതയില്ലാത്തവര്‍ക്ക് 20 രൂപ നിരക്കിലും മൂന്നു നേരം ഭക്ഷണ പൊതികള്‍ നല്‍കുന്നുണ്ട്. ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലുമായി പ്രവര്‍ത്തിക്കുന്ന 109 സാമൂഹിക അടുക്കളകളില്‍ നിന്ന് ഇന്നലെ (ഏപ്രില്‍ 11) സൗജന്യമായി നല്‍കിയതുള്‍പ്പെടെ 12,323 പേര്‍ക്കാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. 1,471 പേര്‍ക്ക് പ്രാതലും 5,206 പേര്‍ക്ക് അത്താഴവും വിതരണം ചെയ്തു.

ഗ്രാമ പഞ്ചായത്തുകളില്‍ 7,945 പേര്‍ക്കാണ് ഉച്ചഭക്ഷണം നല്‍കിയത്. ഇതില്‍ 7,665 പേര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു. 1,241 പേര്‍ക്ക് പ്രാതലും 4,065 പേര്‍ക്ക് അത്താഴവും നല്‍കി. നഗരസഭകളില്‍ വിതരണം ചെയ്ത 4,378 ഉച്ചഭക്ഷണ പൊതികളില്‍ 3,697 പേര്‍ക്കുള്ള ഉച്ച ഭക്ഷണം സൗജന്യമായിരുന്നു. 230 പേര്‍ക്ക് പ്രാതലും 1,141 പേര്‍ക്ക് അത്താഴവും നഗരസഭാ പരിധികളില്‍ നല്‍കി. പാകം ചെയ്ത ഭക്ഷണം പ്രത്യേകം ചുമതലപ്പെടുത്തിയ വളണ്ടിയര്‍മാര്‍ വഴിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്നത്.

ജില്ലയിലെ പൊതു വിപണിയിലെ വില: വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന

ജില്ലയില്‍ പൊതു വിപണിയില്‍ സാധനങ്ങളുടെ വില നിലവാരം സംബന്ധിച്ച് വിവിധ വകുപ്പുകള്‍ താലൂക്കടിസ്ഥാനത്തില്‍ സംയുക്ത പരിശോധന നടത്തി. പച്ചക്കറി, മാംസ, മത്സ്യ, ഉണക്ക മത്സ്യ വിപണികള്‍, ബേക്കറികള്‍ എന്നിവ ഉള്‍പ്പടെ 120 കടകളിലാണ് പോലീസ്, വിജിലന്‍സ്, സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ ചേര്‍ന്ന് പരിശോധന നടത്തിയത്.

ഇറച്ചിക്കടകളില്‍ നടത്തിയ പരിശോധനയില്‍ അമിത വില ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഈ സ്ഥാപന നടത്തിപ്പുകാര്‍ക്ക് വില കുറക്കുന്നതിനായി കര്‍ശന നിര്‍ദേശം നല്‍കിയതോടൊപ്പം വില നിലവാരം ഏകീകരിക്കാനും വില വിവരപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിനും നടപടിയെടുത്തിട്ടുണ്ട്.

കുപ്പിവെള്ളത്തിന് 13 രൂപയിലധികം ഈടാക്കിയ കടകളോടും വില വിവരം വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ കടയില്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ക്രമപ്രകാരമല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വരും ദിവസങ്ങളില്‍ നടപടിയെടുക്കാനാണ് തീരുമാനം.

English summary
malappuram covid 19 Review meetting
topbanner

More News from this section

Subscribe by Email