Thursday January 23rd, 2020 - 5:29:am
topbanner

കാസർകോട് ജില്ലയില്‍ ഇനി വിശക്കുന്ന വിദ്യാര്‍ത്ഥികളുണ്ടാവില്ല : മധുരം പ്രഭാതം പദ്ധതിക്ക് തുടക്കമായി

princy
കാസർകോട് ജില്ലയില്‍ ഇനി വിശക്കുന്ന വിദ്യാര്‍ത്ഥികളുണ്ടാവില്ല  :  മധുരം പ്രഭാതം പദ്ധതിക്ക് തുടക്കമായി

കാസർകോട്:വീട്ടിലെ സാഹചര്യം കൊണ്ടും, സാമൂഹികമായ പിന്നോക്കാവസ്ഥ മൂലവും പ്രഭാത ഭക്ഷണം കഴിക്കാനാകാത്ത കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ആവിഷ്‌കരിച്ച മധുരം പ്രഭാതം പദ്ധതിക്ക് തുടക്കമായി. ജില്ലാ ശിശു സംരക്ഷണ ഓഫീസ്, ജില്ലാ വിദ്യഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വ്വഹിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. നിലനില്‍പിന്റെ അടിസ്ഥാന ആവശ്യമായ ഭക്ഷണം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി എത്തിക്കാനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പദ്ധതി ശ്ലാഘനീയമാണെന്ന് എംഎല്‍എ പറഞ്ഞു. പ്രളയ കാലങ്ങളില്‍ സഹജീവികളോട് ജില്ലയിലെ ജനങ്ങള്‍ കാണിച്ച സഹായമനസ്‌കത പദ്ധതിക്ക് സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതിലും കാണാന്‍ സാധിക്കുന്നതായി അദ്ദേഹം പറഞ്ഞു.

വിശപ്പ് സഹിക്കാന്‍ സാധിക്കാതെ ആവശ്യമായ പരിപാലനം ലഭിക്കുന്നില്ലെന്ന ചിന്ത കുട്ടികളെ പിന്നീട് സാമൂഹിക വിരുദ്ധരായി മാറുന്ന സാഹചര്യം നിലവിലുണ്ടെന്നും ഇതില്‍ നിന്നെല്ലാം മാറി പഠനപ്രക്രിയയില്‍ പിറകോട്ട് പോകുന്ന വിദ്യാര്‍ത്ഥികളെ ക്ലാസ് മുറികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പദ്ധതി പ്രയോജനപ്പെടുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. ബുദ്ധി വികാസത്തിന് പ്രഭാത ഭക്ഷണം അനിവാര്യമാണ്.

ഇതിന്റെ അഭാവം മത്സരപരീക്ഷകളില്‍ പിന്നോട്ട് പോകുന്നതിന് കാരണമാകുന്നുണ്ട്. കുട്ടികളുടെ സമഗ്രമായ വളര്‍ച്ചയ്ക്കും വികസനത്തിനും പഠന-പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള ഈ പദ്ധതി ഒരുപക്ഷേ സംസ്ഥാനത്ത് തന്നെ ആദ്യമാണെന്ന് കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ 541 വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണ ടോക്കണ്‍ എഇഒമാര്‍ മുഖാന്തരം വിവിധ സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് നല്‍കി.

എഡിഎം എന്‍ ദേവീദാസ്, സി ഡി സി ചെയര്‍പേഴ്‌സണ്‍ അഡ്വ. പി പി ശ്യാമളാ ദേവി, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പുഷ്പ, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സി എ ബിന്ദു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍, ഡിഇഒമാരായ നന്ദികേശന്‍ മാസ്റ്റര്‍, സരസ്വതി ടീച്ചര്‍, ജില്ലു ശിശുക്ഷേമ സമിതി എക്‌സിക്യുട്ടീവ് അംഗം അജയന്‍ പനയാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ സ്‌കൂളുകളുടെ പ്രധാനാധ്യാപകര്‍, പിടിഎ അധ്യക്ഷന്‍മാര്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ശിശുക്ഷേമസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ പങ്കെടുത്തു.

മധുരം പ്രഭാതം പദ്ധതി

സ്‌കൂളിന്റെ സമീപത്തുള്ള ഭക്ഷണ ശാലകള്‍, ഹോട്ടല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍, വ്യാപാരി വ്യവസായ സംഘടനകള്‍, അധ്യാപക രക്ഷാകര്‍ത്ത സംഘടനകള്‍ ഉള്‍പ്പടെയുള്ള ബഹുജന പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയിലൂടെ 1600ഓളം വിദ്യര്‍ത്ഥികള്‍ക്കാണ് പ്രഭാത ഭക്ഷണം ലഭിക്കുക. നാനൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ മുതല്‍ തന്നെ പദ്ധതി പ്രകാരം പ്രഭാത ഭക്ഷണം നല്‍കി വരുന്നുണ്ട്. കൂടാതെ 550 വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനകം തന്നെ സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയിട്ടുണ്ട്.

ഈ മാസം 31നകം ബാക്കിയുള്ളവര്‍ക്ക് കൂടി സ്‌പോണ്‍സര്‍മാരെ കണ്ടെത്തി സെപ്തംബര്‍ ആദ്യം മുതല്‍ തന്നെ പ്രഭാതഭക്ഷണം കഴിക്കാന്‍ സാഹചര്യമില്ലാത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഭക്ഷണം എത്തിക്കും. പദ്ധതിയുടെ ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രധാനാധ്യാപകനല്ലാതെ മറ്റാരെയും അറിയിക്കാതെ രഹസ്യമായി സൂക്ഷിക്കും. പദ്ധതിയിലുള്‍പ്പെട്ട സമീപത്തെ ഹോട്ടലുകളടക്കമുള്ള ഭക്ഷണശാലയില്‍ സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ടോക്കണുകള്‍ നല്‍കിയാണ് പ്രഭാതഭക്ഷണം ലഭ്യമാക്കുന്നത്.

ഇത് കൂടാതെ അധ്യാപകരുടെയും പിടിഎകളുടെയും നാട്ടുകാരുടെയും മറ്റും സഹകരണത്തോടെ സ്‌കൂളില്‍ തന്നെ ആവശ്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്നുണ്ട്. സ്ഥാപനങ്ങള്‍, വ്യക്തികള്‍, വ്യാപാര സംഘടനകള്‍, കുടുംബശ്രീ സംവിധാനം, അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പൊതുസമൂഹം എന്നിവരുടെ പിന്തുണയോടെയാണ് സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നത്.

നിങ്ങള്‍ക്കും സ്‌പോണ്‍സറാകാം

പ്രഭാത ഭക്ഷണം കഴിക്കാന്‍ സാഹചര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി നിങ്ങള്‍ക്കും സ്‌പോണ്‍സറാകാം. ഒരു വ്യക്തിക്കോ, കൂട്ടായ്മക്കോ, സ്ഥാപനത്തിനോ പ്രഭാത ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്യാവുന്നതാണ്. ഒരു കുട്ടിക്ക് ഒരു വര്‍ഷം സ്‌കൂള്‍ പ്രവൃത്തി ദിനങ്ങളില്‍ പ്രഭാത ഭക്ഷണം എത്തിക്കുന്നതിന് ശരാശരി 5000 രൂപയോളമാണ് വേണ്ടി വരുന്നത്.

സ്‌പോണ്‍സര്‍മാരാകാന്‍ തയ്യാറുള്ളവര്‍ ജില്ലാ ശിശു ക്ഷേമ സമിതി സെക്രട്ടറി (9447649957), ജില്ലാ ശിശുക്ഷേമ സംരക്ഷണ ഓഫീസര്‍ (9447580121) എന്നിവരെ ബന്ധപ്പെടണം.

 

English summary
maduram prabhatham project in kasaragod
topbanner

More News from this section

Subscribe by Email