Wednesday October 16th, 2019 - 5:33:pm
topbanner

ഫ്‌ളക്‌സിനും പ്ലാസ്റ്റിക്കിനുമെതിരായ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനം: പരിശോധന കര്‍ശനമാക്കണമെന്ന് കണ്ണൂർ ജില്ലാ ആസൂത്രണ സമിതി

Anusha Aroli
ഫ്‌ളക്‌സിനും പ്ലാസ്റ്റിക്കിനുമെതിരായ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനം: പരിശോധന കര്‍ശനമാക്കണമെന്ന് കണ്ണൂർ ജില്ലാ ആസൂത്രണ സമിതി

കണ്ണൂർ : ഓണാഘോഷം പ്ലാസ്റ്റിക് മുക്തമാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെയും പിവിസി ഫ്‌ളക്‌സുകള്‍ നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന്റെയും പശ്ചാത്തലത്തില്‍ ഇവയ്‌ക്കെതിരായ നടപടികള്‍ ശക്തമാക്കാന്‍ ജില്ലാ ആസൂത്രണ സമിതി യോഗം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഫ്‌ളക്‌സുകള്‍, പ്ലാസ്റ്റിക് കാരിബാഗുകള്‍, ഡിസ്‌പോസബ്ള്‍ കപ്പുകള്‍, പ്ലേറ്റുകള്‍ തുടങ്ങിയവ പൂര്‍ണമായി ഒഴിവാക്കാനും പകരം പേപ്പര്‍, തുണി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനും യോഗം നിര്‍ദ്ദേശിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കണ്ണൂര്‍ ജില്ലയില്‍ നേരത്തേ നടപ്പിലാക്കിയ കാംപയിനിന്റെ ഭാഗമായി പ്ലാസ്റ്റിക് സഞ്ചികളും ഡിസ്‌പോസബ്ള്‍ സാധനങ്ങളും ഏറെക്കുറെ അപ്രത്യക്ഷമായിരുന്നതായി ആസൂത്രണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. എന്നാല്‍ ഇവയുടെ ഉപയോഗവും കടകളിലൂടെയുള്ള ഇവയുടെ വിതരണവും പതുക്കെ തിരിച്ചുവരുന്നതായാണ് അനുഭവം.

ഇതിനെതിരേ തദ്ദേശ സ്ഥാപനങ്ങള്‍ പരിശോധനയും നടപടികളും കര്‍ക്കശമാക്കണം. ഫ്‌ളക്‌സ് അച്ചടി സ്ഥാപനങ്ങള്‍ക്കും പ്ലാസ്റ്റിക് കാരി ബാഗ് വിതരണക്കാര്‍ക്കുമെതിരേ നിയമനടപടികള്‍ ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളിലും ചടങ്ങുകളിലും ഹരിത പെരുമാറ്റച്ചട്ടം പാലിക്കുകയും ഡിസ്‌പോസബ്ള്‍ സാധനങ്ങളുടെയും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെയും ഉപയോഗം പൂര്‍ണമായി ഇല്ലാതാക്കുകയും ചെയ്യാന്‍ വകുപ്പ് തലവന്‍മാര്‍ മുന്‍കൈയെടുക്കണം.

പ്ലാസ്റ്റിക്കിനും ഫ്‌ളക്‌സിനുമെതിരേ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നിലപാട് സ്വീകരിച്ച പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോയ ജില്ലയെന്ന നിലയ്ക്ക് കണ്ണൂര്‍ ജില്ലയില്‍ കാര്യങ്ങള്‍ എളുപ്പമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഓണാഘോഷം പൂര്‍ണമായി പ്ലാസ്റ്റിക് മുക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.കണ്ണൂര്‍ ജില്ലയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഫ്‌ളക്‌സിനും പ്ലാസ്റ്റിക്കിനുമെതിരേ ശക്തമായ നിലപാട് നേരത്തേ തന്നെ സ്വീകരിച്ചു കഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതി കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ യഥാവിധി നിര്‍വഹണ ഉദ്യോഗസ്ഥരില്‍ എത്തുന്നുവെന്ന് വകുപ്പ് തലവന്‍മാര്‍ ഉറപ്പുവരുത്തണം. ഇക്കാര്യത്തിലെ വ്യക്തതക്കുറവ് പദ്ധതി നിര്‍വഹണ ഘട്ടത്തില്‍ വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തന്നെ പങ്കെടുക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, ആസൂത്രണ സമിതി അംഗങ്ങളായ കെ പി ജയബാലന്‍, അജിത് മാട്ടൂല്‍, പി ജാനകി, പി ഗൗരി, കെ വി ഗോവിന്ദന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, വകുപ്പ് തലവന്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
kv sumesh kannur jilla panchayath president statement on flex
topbanner

More News from this section

Subscribe by Email