കോട്ടയം: ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിംഗിന്റെ മരുമകളുടെ പ്രസവത്തിനായി റായ്പൂരിലെ അംബേദ്കർ ആശുപത്രിയിലെ ഐ.സി.യുവിൽ നിന്ന് ഒഴിപ്പിച്ചതിനെ തുടർന്ന് വൈക്കം ഇന്തോ അമേരിക്കൻ ആശുപത്രിയിൽ കൊണ്ടുവന്ന മലയാളി കായിക താരം കെ.കെ. ഹരികൃഷ്ണൻ (24)ഇന്നലെ പുലർച്ചെ മരണമടഞ്ഞു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
2015 ലെ ഏഷ്യൻ കിക്ക് ബോക്സിംഗ് ചാമ്പ്യനാണ് ഹരികൃഷ്ണൻ. ദേശീയ തലത്തിൽ ആറു തവണ സ്വർണ മെഡലും പന്ത്രണ്ടു തവണ വെള്ളിമെഡലും നേടിയിട്ടുണ്ട്. ഏറ്റുമാനൂർ കാണക്കാരി കടപ്പൂർ വട്ടുകുളം കൊച്ചുപറമ്പിൽ കൃഷ്ണൻകുട്ടി നായരുടെ മകനാണ്.
റായ്പൂരിലെ ജൂനസ് ഇൻഡോർ സ്റ്രേഡിയത്തിൽ സെപ്തംബർ 10ന് നടന്ന ദേശീയ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 70 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിനിടെ ഹരികൃഷ്ണൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ അംബേദ്കർ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി.
കേരള സർക്കാരുൾപ്പെടെ ഇടപെട്ടതിനെ തുടർന്ന് ആശുപത്രിയിലെ വി.വി.ഐ.പി ബ്ലോക്കിലെ ഐ.സി.യു അനുവദിച്ചു. എന്നാൽ, കഴിഞ്ഞ 12 ന് മുഖ്യമന്ത്രിയുടെ മരുമകളെ പ്രസവത്തിന് എത്തിച്ചതോടെ ഈ ബ്ലോക്കിലുള്ള 1200 രോഗികളെ താഴത്തെ നിലയിലെ വാർഡിലേക്ക് മാറ്റി. അവിടെ വച്ച് അണുബാധയുണ്ടായ ഹരികൃഷ്ണന്റെ നില ഗുരുതരമായി.
തുടർന്ന് എട്ടു ലക്ഷത്തോളം രൂപ ചെലവിട്ട് 15 ന് പുലർച്ചെ എയർ ആംബുലൻസിൽ ഹരിയെ വൈക്കത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. പിതാവ് കൃഷ്ണൻ കുട്ടി ജില്ലാ കളക്ടറേറ്റിലെ ഇലക്ഷൻ വിഭാഗം ജീവനക്കാരനാണ്. അമ്മ:ശാന്തകുമാരി, സഹോദരി:കെ. കെ അഞ്ജലി.