Monday December 16th, 2019 - 4:38:pm
topbanner

അപ്പര്‍കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ മന്ത്രി കെ.രാജു സന്ദര്‍ശിച്ചു

Anusha Aroli
അപ്പര്‍കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ മന്ത്രി കെ.രാജു സന്ദര്‍ശിച്ചു

പത്തനംതിട്ട : മഴക്കെടുതിയുമായി ബന്ധപ്പെട്ട് വെള്ളക്കെട്ടിലായ അപ്പര്‍കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള വനംവകുപ്പ് മന്ത്രി അഡ്വ.കെ.രാജു സന്ദര്‍ശിച്ചു. തിരുവല്ല നിരണം കിഴക്കുംഭാഗം കോട്ടയില്‍ എം.ഡി.എല്‍.പി സ്‌കൂള്‍, ഇരതോട് സെന്റ് ജോര്‍ജ് യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും ദുരിത ബാധിതപ്രദേശങ്ങളുമാണ് മന്ത്രി സന്ദര്‍ശിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസങ്ങളില്‍ പമ്പയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഈ പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് പ്രദേശത്തുള്ളവര്‍ ക്യാമ്പുകളില്‍ കഴിയുന്നത്. മന്ത്രി സന്ദര്‍ശിച്ച കിഴക്കുംഭാഗം കോട്ടയില്‍ എം.ഡി.എല്‍.പി സ്‌കൂളിലെ ക്യാമ്പില്‍ 24 കുടുംബങ്ങളിലായി 66 പേരും ഇരതോട് സെന്റ് ജോര്‍ജ് യു.പി സ്‌കൂളിലെ ക്യാമ്പില്‍ 20 കുടുംബങ്ങളിലെ 65 പേരുമാണു കഴിയുന്നത്.

ക്യാമ്പില്‍ ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ചും മറ്റു സൗകര്യങ്ങളെക്കുറിച്ചും മന്ത്രി ചോദിച്ചറിഞ്ഞു. ഭക്ഷണത്തിനായുള്ള അരിയും പലവ്യഞ്ജനങ്ങളും കിട്ടുന്നുണ്ടെന്നും മന്ത്രി ഉറപ്പുവരുത്തി. നിലവില്‍ ജില്ലയില്‍ ശക്തമായ മഴയില്ല. ഡാമുകള്‍ തുറന്നുവിടേണ്ട സാഹചര്യമില്ലെന്നും ആശങ്ക വേണ്ടെന്നും മന്ത്രി ക്യാമ്പ് നിവാസികളോട് പറഞ്ഞു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി സഞ്ചരിച്ച റോഡില്‍ പലയിടത്തും വെള്ളക്കെട്ടായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മുണ്ട് മടക്കിക്കുത്തി മറ്റുള്ളവര്‍ക്കൊപ്പം മന്ത്രിയും വെള്ളത്തിലൂടെ നടന്നുവരുകയായിരുന്നു. വെള്ളക്കെട്ട് രൂക്ഷമായതിനാല്‍ കന്നുകാലികളെ ഉയര്‍ന്ന പ്രദേശങ്ങളിലെ റോഡുകളിലാണ് കെട്ടിയിട്ടിരിക്കുന്നത്. മൂന്നു ദിവസമായി ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നതിനാല്‍ കന്നുകാലികള്‍ക്ക് ആവശ്യത്തിന് തീറ്റ നല്‍കാന്‍ കര്‍ഷകര്‍ക്ക് കഴിയുന്നില്ലെന്ന് സ്ഥലം എംഎല്‍എയായ മാത്യു ടി തോമസ് മന്ത്രിയെ അറിയിച്ചു.

ക്ഷീരവികസന വകുപ്പ് ഡയറക്ടറെ ഫോണില്‍ വിളിച്ച് അടിയന്തരമായി കേരള ഫീഡ്സ് കാലിത്തീറ്റകള്‍ ഇവിടങ്ങളില്‍ എത്തിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിക്കൊപ്പം മാത്യു ടി തോമസ് എംഎല്‍എ, സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചാത്തങ്കേരി, നിരണം പഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി തിരുവല്ല റസ്റ്റ്ഹൗസില്‍ മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയില്‍ തിരുവല്ല താലൂക്കിലെ സ്ഥിതിഗതികളും മന്ത്രി വിലയിരുത്തി. മാത്യു ടി തോമസ് എംഎല്‍എ, തിരുവല്ല നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍, സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, തഹസില്‍ദാര്‍ കെ.ശ്രീകുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍, പൊതുമരാമത്ത്വകുപ്പ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായും മന്ത്രി ചര്‍ച്ച നടത്തി.

രാവിലെ കുറ്റൂര്‍ ജംഗ്ഷനു സമീപത്തെ കലുങ്കിന് താഴെക്കൂടിയുള്ള വെള്ളത്തിന്റെ ഒഴുക്കും മന്ത്രി നേരിട്ടെത്തി വിലയിരുത്തി. കലുങ്കിനു താഴെയുള്ള കനാലിന് വീതി കൂട്ടി നീരൊഴുക്ക് സുഗമമാക്കുന്നതിനു നടപടി സ്വീകരിക്കുമെന്നും ഇതിനായി പൊതുമരാമത്ത്്, ഇറിഗേഷന്‍, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളുടെയും കെ.എസ്.ടി.പി അധികൃതരുടെയും സംയുക്ത യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.


ദുരിതാശ്വാസ ക്യാമ്പില്‍ അന്തേവാസിയായി പഞ്ചായത്ത് വൈസ് പ്രസിഡന്റും

'ആഹാരത്തിനുള്ളതും ചികിത്സാ സൗകര്യങ്ങളും കുടിവെള്ളവുമെല്ലാം കൃത്യമായി ലഭിക്കുന്നുണ്ട് സാര്‍.ക്യാമ്പ് തുടങ്ങിയതു മുതല്‍ ഞങ്ങള്‍ ഇരുപതു കുടുംബങ്ങളും ഇരതോടിലെ സെന്റ് ജോര്‍ജ് യു.പി സ്‌കൂള്‍ ക്യാമ്പില്‍ തന്നെയാണ്. ഞങ്ങളുടെ കുട്ടികള്‍, വളര്‍ത്തുമൃഗങ്ങള്‍ വരെ ഈ ക്യാമ്പിലുണ്ട് സാര്‍''- നന്നായി കാര്യങ്ങള്‍ വിശദീകരിച്ച സ്ത്രീ ആരാണെന്ന മന്ത്രി കെ രാജുവിന്റെ ചോദ്യത്തിന് ലഭിച്ച ഉത്തരം നിരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. പേര് വിമലാ രാമചന്ദ്രന്‍.കൂടുതല്‍ വിശദമാക്കിയപ്പോള്‍ താനും ഈ ക്യാമ്പിലെ അന്തേവാസിയാണെന്ന് വിമല പറഞ്ഞു.

'എന്റെ വീട്ടിലും വെള്ളപ്പൊക്കത്തില്‍ വെള്ളം കയറി. ക്യാമ്പ് തുടങ്ങിയതു മുതല്‍ ഞങ്ങള്‍ ഇരുപത് കുടുംബങ്ങള്‍ ക്യാമ്പിലുണ്ട്''-ഇതു പറയുമ്പോള്‍ വിമലയുടെ ശബ്ദമിടറി.മുട്ടറ്റം വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുകയാണ് ഇപ്പോഴും സെന്റ് സെന്റ് ജോര്‍ജ് യു പി സ്‌കൂളും പള്ളി പരിസരവും. വെള്ളത്തിലൂടെ നടക്കേണ്ടതിനാല്‍ എല്ലാവര്‍ക്കും എലിപ്പനി പ്രതിരോധമരുന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കിയതായും വിമലാ രാമചന്ദ്രന്‍ പറഞ്ഞു. സ്‌കൂള്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ആദ്യ ദിവസം. മുട്ടറ്റം വെള്ളത്തിലൂടെ വേണം ഇപ്പോഴും ക്യാമ്പിലേക്കെത്താന്‍. വെള്ളം ഉടന്‍ കുറയുമെന്നും സാധാരണ ജീവിതത്തിലേക്ക് ഉടന്‍ മടങ്ങിച്ചെല്ലാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഇവര്‍.

English summary
kerala rain 2019 flood patthanamthitta upperkuttanad minister K raju
topbanner

More News from this section

Subscribe by Email