Monday December 16th, 2019 - 4:29:pm
topbanner

ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍നിന്ന് ആളുകളെ നിര്‍ബന്ധമായും ഒഴിപ്പിക്കണം: മന്ത്രി തിലോത്തമന്‍

Anusha Aroli
ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍നിന്ന് ആളുകളെ നിര്‍ബന്ധമായും ഒഴിപ്പിക്കണം: മന്ത്രി തിലോത്തമന്‍

കോട്ടയം : വരും ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവരെ നിര്‍ബന്ധമായും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍ദേശിച്ചു.ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അപകട സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവരെ താമസിപ്പിക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. അവിടേക്ക് മാറാന്‍ ജനങ്ങള്‍ തയ്യാറാകണം. സുരക്ഷ ഉറപ്പാക്കുന്നതിനായി അവരെ മാറ്റുന്നതിന് ആവശ്യമെങ്കില്‍ പോലീസിന്‍റെ സഹായം തേടാം.ദുരിതാശ്വാസ ക്യാമ്പുകള്‍ കുറ്റമറ്റ രീതിയില്‍ നടത്തുന്നതിന് സര്‍ക്കാര്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. അവശ്യ വസ്തുക്കള്‍ എല്ലായിടത്തും കൃത്യമായി എത്തിക്കുന്നതിനുവേണ്ടിയാണ് ജില്ലാതലത്തില്‍ സംഭരണ കേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രളയബാധിതരെ സഹായിക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് ക്യാമ്പുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.

ഒറ്റപ്പെട്ട തുരുത്തുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം ലഭ്യമാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. ക്യാമ്പില്‍നിന്ന് മടങ്ങുന്നവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. വീട്ടിലേക്ക് മടങ്ങുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ സജ്ജരാക്കണം.ഇത്തവണത്തെ മഴക്കെടുതിയില്‍ ജില്ലയില്‍ ഒന്‍പതു വീടുകള്‍ പൂര്‍ണമായും 104 വീടുകള്‍ ഭാഗീകമായും തകര്‍ന്നിട്ടുണ്ട്. ഇവരുടെ വീടുകള്‍ വാസയോഗ്യമാകുന്നതുവരെ താത്കാലികമായി താമസിക്കുന്നതിന് ജില്ലാ ഭരണകൂടം സംവിധാനമേര്‍പ്പെടുത്തും.പ്രളയ ബാധിത മേഖലകളില്‍ സൗജന്യമായി കാലിത്തീറ്റ ലഭ്യമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും. മനുഷ്യജീവന് ഹാനികരമായി നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുന്നതിന് സര്‍ക്കാര്‍ ഉത്തരവുണ്ട്. ഇത് നടപ്പാക്കാന്‍ നടപടിയെടുക്കും എന്നും മന്ത്രി പറഞ്ഞു.

എം.പിമാരായ ജോസ്.കെ. മാണി, തോമസ് ചാഴികാടന്‍, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സി.എഫ്. തോമസ്, കെ. സുരേഷ് കുറുപ്പ്, മോന്‍സ് ജോസഫ്, ഡോ. എന്‍. ജയരാജ്, പി.സി. ജോര്‍ജ്, സി.കെ. ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍. സോന, ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, ജില്ലാ പോലീസ് മേധാവി പി.എസ്.സാബു, സബ് കളക്ടര്‍ ഈഷ പ്രിയ, എ.ഡി.എം അലക്സ് ജോസഫ്, ഉമ്മന്‍ ചാണ്ടി എം.എല്‍.എയുടെ പ്രതിനിധി എ.ആര്‍.സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിധികള്‍ വിവിധ മേഖലകളിലെ പ്രളയക്കെടുതിയുടെ വിശദാംശങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു.

English summary
kerala rain 2019 flood kottayam minister p thilotthaman
topbanner

More News from this section

Subscribe by Email