Thursday August 13th, 2020 - 11:05:pm

കാശ്മീരി മാധ്യമങ്ങളുടെ സ്ഥിതി വെന്റിലേറ്ററിൽ കഴിയുന്ന രോഗിയുടേത്: അനുരാധാഭാസിൻ

Anusha Aroli
കാശ്മീരി മാധ്യമങ്ങളുടെ സ്ഥിതി വെന്റിലേറ്ററിൽ കഴിയുന്ന രോഗിയുടേത്: അനുരാധാഭാസിൻ

തൃശൂർ  : ഇന്ത്യൻ മാധ്യമങ്ങളിൽ വലിയൊരുഭാഗം സർക്കാരിന്റെ പ്രചരണ ഉപാധികളായി മാറുമ്പോൾ കാശ്മീരി മാധ്യമങ്ങൾ വെന്ററിലേറ്ററിൽ കഴിയുന്ന രോഗിയെ പോലെ ഊർദ്ധ്വശ്വാസം വലിക്കുകയാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകയും കശ്മീരി ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്ററുമായ അനുരാധാഭാസിൻ പറഞ്ഞു. ആശയവിനിമയോപാധികളും സഞ്ചാര സ്വാതന്ത്ര്യവും ഇന്റർനെറ്റ് ഉപയോഗവും തുലോം പരിമിതപ്പെടുത്തുകയും വിലക്കപ്പെടുക്കയും ചെയ്യുന്ന കാശ്മീരിൽ മാധ്യമപ്രവർത്തകർ പുതിയ രൂപത്തിലുളള സെൻർഷിപ്പിന് വിധേയമാകുമ്പോൾ അവർക്ക് ഭരണകൂടം നിർമ്മിക്കപ്പെടുന്ന നിശബ്ദതയോട് സംസാരിക്കേണ്ട സ്ഥിതി വിശേഷമാണുളളതെന്നും അനുരാധാ ഭാസിൻ വ്യക്തമാക്കി.കേരള മീഡിയ അക്കാദമി കേരള പത്രപ്രവർത്തക യൂണിയൻ എന്നിവയുടെ ആഭിമുഖ്യത്തിൽ തൃശൂർ ജവഹർ ബാലഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മാധ്യമ സ്വാതന്ത്ര്യസംഗമത്തിന്റെ ഭാഗമായി 'മാധ്യമ സ്വാതന്ത്ര്യം കാശ്മീരിനായി' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഔദ്യോഗിക മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തനത്തിനും നിരോധനമില്ലെങ്കിലും സർക്കാർ മാധ്യമ പ്രവർത്തനത്തിനുളള സൗകര്യങ്ങളെല്ലാം വിലക്കുകയാണ്. ഇന്റർനെറ്റ് മൗലികാവകശമാണെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കുന്ന രാജ്യത്താണ് ഇന്റർനെറ്റ് ഉപയോഗത്തിന് പ്രത്യേക ബോണ്ട് ഏർപ്പെടുത്തിയിരിക്കുന്നത്. എൻക്രിപ്റ്റ്ഡ് ഫയൽ ഉപയോഗിച്ച് ഫോട്ടോ, വീഡിയോ അപ്‌ലോഡ് ചെയ്യാനോ, പ്രോക്‌സി, വിപിഎൻ, വൈഫൈ, യുഎസ്ബി പോർട്ടുകൾ എന്നിവ ഉപയോഗിക്കാനോ ബോണ്ടിലെ നിബന്ധനകൾ അനുവദിക്കുന്നില്ല. വാർത്തകളില്ലായ്മ സൃഷ്ടിച്ച നിശ്ബദതയും അതുണ്ടാകുന്ന ശൂന്യതയുമാണ് കാശ്മീരി മാധ്യമ പ്രവർത്തകരെ ഭരിക്കുന്നത്. നിരവധി മാധ്യമപ്രവർത്തകർ വീട്ടുതടങ്കിലാണ്. ചിലർക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്നു. പത്രങ്ങളുടെ എഡിറ്റോറിയത്തിൽ വരെ മാറിക്കഴിഞ്ഞു. ജനപക്ഷമായ വാർത്തകളെ പറ്റിയോ നിലപാടുകളെ പറ്റിയോ എഡിറ്റോറിയലുകൾ എഴുതാൻ കഴിയാത്ത അവസ്ഥ.

പരസ്യങ്ങളുടെ നിഷേധവും മാധ്യമങ്ങളുടെ അച്ചടിയെ പോലും ബാധിക്കുന്നു. പല മാധ്യമപ്രവർത്തകരും മാധ്യമപ്രവർത്തനം നിർത്തി കൂലിപണിക്ക് പോകുന്ന സ്ഥിതി. നിസ്സഹായമായ കീഴടങ്ങലിനായി കാശ്മീരി മാധ്യമങ്ങൾ നിർബന്ധതമാകുന്ന സ്ഥിതിയാണുളളത് അനുരാധാഭാസിൻ പറഞ്ഞു.പൊതുജനാധിപത്യം അധികാരത്തെ വെല്ലുവിളിക്കുമെന്ന മിഥ്യാഭ്രമാണ് എല്ലാ സർവ്വാധിപത്യ സർക്കാരുകളെയും ഭരിക്കുന്നത്. അറിവും സംവേദനശേഷിയുളള പൗരസമൂഹത്തെ വലിയവെല്ലുവിളിയായി ലോകത്തിലെ പല ഏകാധിപത്യ സർക്കാരുകളും കണ്ടിട്ടുണ്ട്. ഭിന്നാഭിപ്രയാങ്ങളെ അസഹിഷ്ണുതയോടെ നേരിട്ടും പൗരസമൂഹത്തെ നിരീക്ഷണ വലയത്തിലാക്കിയുമാണ് അത്തരം സർക്കാരുകളുടെ ഭരണം.

ഈ രണ്ട് കാര്യത്തിലും ഇന്ത്യൻ സർക്കാർ നമ്മെ നിരാശപ്പെടുത്തുന്നില്ല. അടിയന്തിരാവസ്ഥയിലാണ് ഇന്ന് ഇന്ത്യൻ ജനാധിപത്യം. ജനാധിപത്യത്തിന്റെ മൂന്ന് തൂണുകൾ ദുർബ്ബലമായി കൊണ്ടിരിക്കുന്നു. ഇവയെ നിരീക്ഷിക്കേണ്ട നാലാം തുണായ മാധ്യമങ്ങളെ നിയന്ത്രിക്കുകയും മെരുക്കുകയും ചെയ്യേണ്ടത് മുഖ്യകർമ്മമായാണ് ഭരണകൂടം കാണുന്നത്. നിരീക്ഷണം, പരിഹാസം, വിരട്ടൽ, പിരിച്ച് വിടൽ, കായികാക്രമണം, ക്രിമിനൽ കേസുകൾ തുടങ്ങി പല വിധത്തിൽ നിരവധി മാധ്യമപ്രവർത്തകർ ഇന്ത്യയിൽ ഭരണകൂടത്തിന്റെ വേട്ടയാടലുകൾക്ക് ഇരയായികൊണ്ടിരിക്കുന്നു. 2019-ലെ പത്രസ്വാതന്ത്ര്യ സൂചികയിൽ 140-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് ഇന്ത്യ. കീഴടങ്ങലിനോ വേട്ടയാടപെടലിനോ മാധ്യമപ്രവർത്തകർ വഴങ്ങേണ്ട സ്ഥിതിയിലാണ് കാര്യങ്ങൾ. അനുരാധാഭാസിൻ പറഞ്ഞു.

സത്യം വിളിച്ച് പറയുന്നവരുടെ വായടപ്പിക്കുന്ന ഭരണകൂടം തെരഞ്ഞെടുക്കപ്പെട്ട കുത്തക മാധ്യമങ്ങളെ ഉപയോഗിച്ച് വ്യാജവാർത്തകളും അപവാദങ്ങളും പ്രചരിപ്പിക്കുന്നതും പതിവാണ്. ഏതിരാളികളേയും വിമർശകരേയും അഴിമതിക്കാർ, കളളന്മാർ, അർബ്ബൻ നക്‌സലുകൾ, ദേശവിരുദ്ധർ തുടങ്ങിയ വിശേഷണങ്ങൾ ചാർത്തിയാണ് നേരിടൽ. യുദ്ധവെറിയും കോർപ്പറേറ്റ് താൽപര്യങ്ങളുമാണ് ഇന്ത്യയിലെ ഒരു കൂട്ടം മാധ്യമങ്ങളെ നയിക്കുന്നത്. സർക്കാറിന്റെ റബ്ബർ സ്റ്റാമ്പായി മാറുന്ന സ്ഥിതി. ജീവൽ പ്രശ്‌നങ്ങൾ അവഗണിക്കുന്ന ഇവർ പാക്കിസ്ഥാൻ എന്ന അപരരാജ്യത്തെ അഥവാ ശത്രുവിനെ മുൻനിർത്തി കഥകൾമെനഞ്ഞ് വാർത്തകൾ പടയ്ക്കുകയാണ്. അനുരാധാഭാസിൻ അഭിപ്രായപ്പെട്ടു.

ദ പീപ്പിംഗ് ഹുമൻ എന്ന ഓൺലൈൻ വീഡിയോ 2019 ഒക്‌ടോബർ 19 വരെ പ്രമുഖ ഹിന്ദി വാർത്ത ചാനലുകളിലെ 202 ചർച്ചകൾ പരിശോധിച്ചപ്പോൾ അതിൽ 79 എണ്ണം പാക്കിസ്ഥാനെ എതിർക്കാനും 66 എണ്ണം പ്രതിപക്ഷത്തെ അവഹേളിക്കാനും 36 എണ്ണം സംഘപരിവാരത്തെ സ്തുതിക്കാനുമാണ് നടത്തിയത്. 14 എണ്ണം രാമമന്ദിരത്തെപ്പറ്റിയും 3 എണ്ണം ബിഹാർ പ്രളയത്തെപറ്റിയും 2 എണ്ണം ചന്ദ്രയാൻ യാത്രയുപറ്റിയുമുണ്ടായിരുന്നു. ഒരു തവണ റേപ് കേസും ഒരു തവണ പിഎംസി ബാങ്ക് അഴിമതിയും ചർച്ച ചെയ്തു.

സാമ്പത്തിക നില, തൊഴിലില്ലാഴ്മ, വിദ്യാഭ്യാസം, ആരോഗ്യം, പശ്ചാത്തല വികസനം, കാർഷിക പ്രശ്‌നങ്ങൾ, ദാരിദ്രം, സ്ത്രീ പ്രശ്‌നം, പരിസ്ഥിതി, ആൾകൂട്ട കൊലപാതകം എന്നീ വിഷയങ്ങളൊന്നും ചാനൽ ചർച്ചകൾക്ക് വിഷമമായില്ല എന്നാണ് കണ്ടെത്തിയത്. ജനപ്രിയ പരിപാടികളായ ഭംഗൽ (ആജ് തക്), ആർപാർ (ന്യൂസ് 18), താൾതോക്ക് കെ (സീ ന്യൂസ്), കുരുക്ഷേത്ര (ഇന്ത്യാ ടി വി) എന്നീ പരിപാടികളാണ് സർവെക്ക് വിധേയമാക്കിയത്. ഇത്തരത്തിലാണ് ജീവൻ പ്രശ്‌നങ്ങളെ ചാനലുകൾ കൈകാര്യം ചെയ്യുന്നത്. ഇത് ആശാസ്യമല്ല. അനുരാധാഭാസിൻ വ്യക്തമാക്കി. മാധ്യമ സെൻസർഷിപ്പിലൂടെയും വഴക്കിയെടുക്കലിലൂടെയും പൊതുസമ്മതിയുടെ രൂപീകരണമാണ് ഭരണകൂടം ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു.തൃശൂർ പ്രസ് ക്ലബ് സെക്രട്ടറി എം വി വിനീത സ്വാഗതവും കേരള മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല നന്ദിയും പറഞ്ഞു.

English summary
kashmiri time exequtive anuradhabasin about press freedom
topbanner

More News from this section

Subscribe by Email